ബെയ്ജിങ്- വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൃഗ വാക്സിന് നിര്‍മിക്കുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ നിന്ന് പുറത്തേക്കു പടര്‍ന്ന ബാക്ടീരിയ ബാധിച്ച ആയിരക്കണക്കിനാളുകള്‍ക്ക് രോഗ ബാധയുണ്ടായതായി സ്ഥീരികരിച്ചു. കഴിഞ്ഞ വര്‍ഷമാണ് ബാക്ടീരിയ ചോര്‍ച്ചയുണ്ടായത്. ഇതു മൂലം 3,245 പേര്‍ക്കാണ് രോഗബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ 1,401 പേര്‍ക്കു കൂടി രോഗ ബാധ പുതുതായി സ്ഥിരീകരിച്ചു. മൃഗങ്ങളുമായോ മൃഗോല്പ്പന്നങ്ങളുമായി അടുത്തിടപെടുന്നവര്‍ക്ക് പടരാവുന്ന ബ്രുസെലോസിസ് രോഗമാണ് സ്ഥിരീകരിച്ചത്. പനി, സന്ധി വേദന, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് ഈ രോഗം പടരുന്നതായി തെളിവുകളില്ലെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു. ലാന്‍ഷൂവിലെ ചൈന അനിമല്‍ ഹസ്ബന്‍ഡറി ബയോഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലാണ് സംഭവം.
മൃഗങ്ങള്‍ക്കുള്ള ബ്രുസെല്ല വാക്സിന് നിര്‍മ്മിക്കുന്നതിന് ഈ ഫാക്ടറിയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലും കാലാവധി തീര്‍ന്ന അനുനശീകരണി ഉപയോഗിച്ചിരുന്നതാണ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുകാരണം ഫാക്ടറിയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന വാതകത്തില്‍ നിന്ന് ബാക്ടീരിയ നീക്കം ചെയ്യപ്പെട്ടിരുന്നില്ല. ഈ മലിന വാതകത്തിലൂടെയാണ് അന്തരീക്ഷത്തില്‍ രോഗാണു വ്യാപനം ഉണ്ടായത്. ഡിസംബറോടെ 500ഓളം പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നത്. ഈ ഫാക്ടറിക്കു സമീപത്തുള്ള ലാന്‍ഷു വെറ്റിറിറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇരുനൂറോളം പേര്‍ക്ക് ആദ്യം രോഗബാധയുണ്ടായി. ഇവിടെ സന്ദര്‍ശനം നടത്താറുള്ള ലാന്‍ഷു യൂണിവേഴ്സിറ്റിയിലെ 20ഓളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രോഗബാധയുണ്ടായി.
ആടുകള്‍, പന്നികള്‍, കാലികള്‍ എന്നിയിലൂടെയാണ് പ്രധാനമായും ഈ രോഗാണു പടരുന്നതെന്ന് ലാന്‍ഷൂവിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു. ബ്രുസെലോസിസ് ബാക്ടീരിയ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ വിരളമാണെന്ന് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ പറയുന്നു.