വിലക്ക് നീങ്ങി; എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ  ദുബായിൽ നിന്നു തന്നെ 

ദുബായ്- എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് സിവിൽ വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. (ശനിയാഴ്ച) മുതൽ പതിവു പോലെ സർവീസ് ഉണ്ടാകുമെന്ന് കമ്പനി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. മണിക്കൂറുൾക്കുള്ളിലാണ് കമ്പനിയുടെ വിലക്ക് നീക്കിയത്. 
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടു വരെ ആയിരുന്നു താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്. കോവിഡ് രോഗികളെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സിവിൽ വ്യോമയാന അതോറിറ്റിയുടെ നടപടി. കോവിഡ് പോസിറ്റീവായ യാത്രക്കാരുമായി രണ്ട് തവണയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് എമിറേറ്റിലെത്തിയത്. 
വിലക്കിനെ തുടർന്ന് വെള്ളിയാഴ്ച ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തിരുന്നു. ഓഗസ്റ്റ് 28, സെപ്റ്റംബർ നാല് ദിവസങ്ങളിലായിരുന്നു കോവിഡ് ബാധിതർ ദുബായിൽ എത്തിയത്. ഡൽഹി, ജയ്പൂർ എന്നിടങ്ങളിൽ നിന്നുള്ള യാത്രക്കാരായിരുന്നു ഇവർ. യു.എ.ഇയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നാണ് ചട്ടം. കോവിഡ് ടെസ്റ്റ് നടത്തി 96 മണിക്കൂറിനുള്ളിലാണ് യാത്രക്ക് അനുമതിയുള്ളത്. 
കോവിഡ് പോസിറ്റീവായ രണ്ട് വ്യക്തികളുടെ ചികിത്സാ ചെലവും സഹയാത്രികരുടെ ക്വാറന്റീൻ ചെലവുകളും എയർ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവിൽ ഏവിയേഷൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ പേരും പാസ്‌പോർട്ട് നമ്പറും സീറ്റുമടക്കം വ്യക്തമാക്കിയാണ് ഏവിയേഷൻ അതോറ്റി എയർ ഇന്ത്യ എക്‌സപ്രസിന് നോട്ടീസ് അയച്ചത്. രോഗികൾക്കൊപ്പം യാത്ര ചെയതവർക്കും വൈറസ് ബാധയേറ്റതായാണ് വിവരം.
 

Latest News