Sorry, you need to enable JavaScript to visit this website.

പുഞ്ചിരിയിൽ പൂവിടുന്ന  ജീവിതാനന്ദം 

ചർച്ചയിൽ പങ്കെടുത്തവർ എല്ലാവരും  എഴുത്തുകാരിയുടെ  നിരായുധീകരിക്കുന്ന വശ്യമായ  പുഞ്ചിരിയെ കുറിച്ച് ആവർത്തിച്ചു പറഞ്ഞ  ഒരു പുസ്തക ചർച്ചയും  ഞാനിതുവരെ കണ്ടിട്ടില്ല . മാരിയത്ത് സി.എച്ച് എഴുതിയ  'കാലം മായ്ച്ച കാൽപ്പാടുകൾ' എന്ന പുസ്തകത്തിൻറെ ആറാം പതിപ്പ് പുറത്തിറങ്ങിയതിൻ്റെ പശ്ചാതലത്തിൽ കഴിഞ്ഞദിവസം ഗ്രീൻ പാലിയേറ്റീവ് സംഘടിപ്പിച്ച പുസ്തക  ചർച്ചയിലാണ് അപൂർവമായ ഇത്തരമൊരു അനുഭവം ഉണ്ടായത് . 
എന്താണ് മാരിയത്തിൻ്റെ  ചിരി ഇത്ര മാത്രം പരാമർശ വിഷയമാവാൻ കാരണം എന്നത്  ആ സുസ്മേരവദനയെ  കുറിച്ച് അറിയുന്നവർക്ക് മനസ്സിലാവും. 
ഇളം പ്രായത്തിൽ,  കൃത്യമായി പറഞ്ഞാൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത്  ഒരു പനി വന്നു ഇരു കാലുകളുടേയും ചലനശേഷി നഷ്ടപ്പെട്ടതാണ് മാരിയത്തിന്.  തുടർന്ന് വീൽച്ചെയറിൽ മാത്രം ചലനവും  സഞ്ചാരവും സാധ്യമായ  ഒരു സർഗധനയായ കലാകാരിയായി അവൾ വളർന്നു.  ശുഭപ്രതീക്ഷയോടെയുള്ള  നിരന്തര പരിശ്രമത്തിലൂടെ ആർജ്ജിച്ച കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയും  മനോഹരമായി വരച്ചും  ജീവിതാനന്ദത്തിൻ്റെ പടവുകൾ ഓരോന്നായി സൗമ്യമായി കീഴടക്കുന്നതിൻ്റെ മന്ദഹാസമാണത്.  

 

സുന്ദരമായ കുട്ടിക്കാല ദിനരാത്രങ്ങളിൽ പിച്ചവെച്ചു നടന്നതിൻ്റെ ഓർമ്മകളും  ജീവിതത്തെ പിടിച്ചുലച്ച പനിയും തുടർന്നുണ്ടായ വെല്ലുവിളികളും  ജീവിതത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കാനല്ല മാരിയത്തിനെ പാകപ്പെടുത്തിയത്.   അവൾ ആത്മനിന്ദയിലേക്ക് ആപതിച്ചില്ല. വിധിയെ പഴിച്ച് നിരാശയുടെ ഭാണ്ഡം പേറി  ഒതുങ്ങി കൂടിയില്ല. സന്ദേഹലേശമന്യേ വേരോടിയ  ദൈവ വിശ്വാസത്തിലൂടെ   കൂട്ടുകാരുടേയും ബന്ധുക്കളുടേയും അധ്യാപകരുടേയും സ്നേഹപരിലാളനകളിൽ പതിയെ അവൾ  ജീവിത ദൗത്യം തിരിച്ചറിഞ്ഞു.  
ഇരുൾ വീണ് ക്ലേശത്തിലാവുന്ന ഒരു പാട് പേരിലേക്ക് പ്രതീക്ഷയുടെ പൊൻവെട്ടം  മാരിയത്ത് സ്വന്തം ജീവിത കഥ സാക്ഷിയാക്കി പാൽ പുഞ്ചിരിയോടെ പകർന്ന് നൽകി കൊണ്ടിരിക്കുന്നു.
കുഞ്ഞ് കുഞ്ഞ് ഇല്ലായ്മകളേയും പരാധീനതകളേ പോലും  പർവതീകരിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വെമ്പൽ കൂട്ടുന്നവർ വർദ്ധിച്ചു വരുന്ന ലോകത്ത് മാരിയത്ത് 
തൻ്റെ വേദന പങ്ക് വെച്ച് മറ്റുള്ളവരുടെ സഹതാപം കൊയ്യുകയും കൊതിക്കുകയുമല്ല ചെയ്യുന്നത്. 
മറിച്ച്,   വെല്ലുവിളികളെ  പ്രസാദാത്മകമായി സമീപിച്ച് എങ്ങിനെ ജീവിതത്തെ  കൂടുതൽ കൂടുതൽ ജീവിതവൃമാക്കാമെന്ന് കാട്ടിത്തരികയാണ്. 

 

എനിക്കൊന്നും കഴിയില്ല എന്ന അപകർഷതാബോധത്തെ ക്രമേണ  കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ അകറ്റി മാറ്റിയതിൻ്റെ കഥ കൂടിയാണ് ഈ പുസ്തകം. 
മുപ്പതാമത്തെ വയസ്സിൽ സ്വജീവിതഗതിവിഗതികളെ കുറിച്ച്  എഴുതിയ ഈ ആത്മകഥ  മാരിയത്തിന് കാലിക്കറ്റ് സർവ്വകലാശാലയിൽ ഒരു  ജോലിയും  കൂടുതൽ പ്രവിശാലമായ സൗഹൃദങ്ങളുടെ വാൽസല്യ സുഗന്ധിയായ ലോകവും സമ്മാനിച്ചിട്ടുണ്ട്. മഴയുടെ താളവും  സംഗീതവും തുടക്കം മുതൽ ഒടുക്കം വരെ പശ്ചാതലത്തിൽ തെളിയുന്ന ഈ ജീവനുള്ള പുസ്തകം വായനക്കാരിൽ പുത്തനുണർവ്വും ഊർജ്ജവും സന്നിവേശിപ്പിക്കാതിരിക്കില്ല.

ഉള്ളറിഞ്ഞ്  ചിരിക്കാൻ കഴിയാത്തവർ പെരുകുന്ന  കാലത്ത്, കൃത്രിമ ചിരിയുടെ   കപട ലോകത്ത്, നിരാശാഭരിതമായി  ജീവിതങ്ങൾ വിഷാദ രോഗത്തിലേക്കും ആത്മഹത്യയിലേക്കും പുറന്തള്ളപ്പെടുന്ന  വിപൽ സന്ധികളിൽ മാരിയത്തിൻ്റെ നിർമ്മലമായ ചിരിയും സംസാരവും പുസ്തകവും ചിത്രരചനയും   അത് കൊണ്ട് തന്നെയാണ് വിഷയമാവുന്നത്.

തന്നെ കാണാൻ വരുന്നവർക്ക് സർ വാൾട്ടർ സ്കോട്ട് നൽകിയ ഉപദേശം .''സ്നേഹിതാ ദിവസേന ഒരു തവണയെങ്കിലും ഉള്ള് തുറന്ന് പൊട്ടിച്ചിരിക്കുക " എന്നായിരുന്നത്രേ. ആകുലതകൾ അകറ്റാനും ശാരീരിക മാനസിക രോഗശമനത്തിനാക്കം കൂട്ടാനും ഏറെ സഹായിക്കുന്ന അമൂല്യമായ കലർപ്പറ്റ ഔഷധമാണ് ചിരിയെന്നത് തിരിച്ചറിയണം. മനസ്സറിഞ്ഞ് ചിരിച്ചു തുടങ്ങുമ്പോൾ   വേദനകളും നിരാശകളും താനേ അകന്ന് പോവുമെന്നറിയുക. പുഞ്ചിരിക്കുന്നയാൾക്ക് മാത്രമല്ല കണ്ട് നിൽക്കുന്നവനും ആനന്ദം പകരുന്ന വിശിഷ്ട ഗുണമാണത്. ഹൃദ്യമായ പുഞ്ചിരി മഹത്തരമായ  ധർമ്മമാണെന്ന് പറയാൻ കാരണവുമത് തന്നെയായിരിക്കണം.

Latest News