Sorry, you need to enable JavaScript to visit this website.

പോലീസ് പിടിക്കുന്ന വാർത്തകൾ

ഒടുവിൽ കേരളത്തിലും മാധ്യമ പ്രവർത്തകരുടെ വീടിന് പോലീസുകാർ മുട്ടുന്ന അവസ്ഥയെത്തുകയാണ്. സർക്കാരിനെതിരായ വാർത്തകളെ വ്യാജമെന്ന് ചാപ്പ കുത്താനും അത് തയാറാക്കിയവരെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും മാത്രമുതകുന്ന നടപടി, ഇടതുപക്ഷ സർക്കാരിൽനിന്ന് തന്നെയുണ്ടാകുമ്പോൾ നടുങ്ങാതെ വയ്യ. ജനങ്ങളുടെ ചിന്താശക്തിയിലും വിവേചന ശേഷിയിലുമുള്ള അവിശ്വാസം കൂടിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ മാധ്യമ പ്രവർത്തകരെ ഇങ്ങനെ ഉണർത്തുന്നു: 'നിങ്ങളുടെ മാനേജ്‌മെന്റുകൾ സ്വയം വിറ്റു കഴിഞ്ഞിരിക്കുന്നു. ചിലർക്ക് കോടിക്കണക്കിന് കിട്ടിയിട്ടുണ്ട്.' കാടടച്ചുള്ള ഈ വെടിവെക്കലിൽ, ഏതു മാനേജ്‌മെന്റ് ആർക്കാണ് വിറ്റതെന്നോ ആർക്കൊക്കെ കോടിക്കണക്കിന് കിട്ടിയിട്ടുണ്ടെന്നോ പറയുന്നില്ല. അത് വ്യക്തമാക്കാൻ ധനമന്ത്രി തയാറാകുമോ... അതിനുള്ള തെളിവുകൾ അദ്ദേഹം മുന്നോട്ടു വെക്കുമോ... വ്യാജ വാർത്തകൾ തയാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി പിടികൂടാൻ ഉന്നത ഓഫീസറായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചതായുള്ള വാർത്ത കണ്ടപ്പോഴാണ് ധനമന്ത്രിയുടെ പോസ്റ്റ് ഓർമ വന്നത്.
ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി മാധ്യമങ്ങൾക്കെതിരെ, മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരമൊരു പ്രയോഗം നടത്തുമ്പോൾ, അതില്ല എന്ന് നിഷേധിക്കേണ്ട കാര്യമില്ല. എന്നാൽ അതൊരു വ്യാജ പ്രസ്താവമല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. നിലവിലെ അധികാര, സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു നിരീക്ഷണം മാത്രമായിരിക്കാമത്. എന്നാൽ അത്രയേറെ തറപ്പിച്ചു പറയുമ്പോൾ അതിനുള്ള തെളിവുകളും അദ്ദേഹം മുന്നോട്ടു വെക്കണം. ഇല്ലെങ്കിൽ വ്യാജ പ്രസ്താവനകളിറക്കുന്ന രാഷ്ട്രീയക്കാരെയും പിടികൂടാൻ പ്രത്യേക പോലീസ് സമിതി വേണ്ടിവരും. 
വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടുന്നില്ലെന്നോ മാധ്യമ രംഗത്ത് കള്ളനാണയങ്ങളില്ലെന്നോ അഭിപ്രായമില്ല. ഇന്ത്യൻ മാധ്യമരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെരഞ്ഞെടുപ്പ് കാലത്തെ പെയ്ഡ് ന്യൂസ് പ്രവണതയാണെന്ന കാര്യം ഒന്നിലധികം തവണ ഈ കോളത്തിൽ എഴുതിയിട്ടുള്ളതാണ്. മാധ്യമ രംഗത്തെ അനാശാസ്യ പ്രവണതകളെ വിമർശിക്കാനും മടിച്ചിട്ടില്ല. എന്നാൽ മുച്ചൂടും അഴിമതിയാരോപണങ്ങളിൽ മുങ്ങിനിൽക്കുന്ന ഒരു സർക്കാർ, അതും ഒരു ഇടതുപക്ഷ സർക്കാർ, തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വ്യാജ വാർത്തകൾ കണ്ടുപിടിക്കാൻ പോലീസ് സംവിധാനത്തെ ആശ്രയിക്കുമ്പോൾ അത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ഏൽപിക്കുന്ന പരിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.
വ്യാജ വാർത്തകൾക്കെതിരെ പൊരുതാൻ പോലീസിനെയല്ല ആശ്രയിക്കേണ്ടത്. തീർച്ചയായും അതിന് നിയമവഴികൾ തേടാവുന്നതാണ്. പ്രസ് കൗൺസിൽ പോലുള്ള സംവിധാനങ്ങൾ ഇവിടെ നേരത്തെ തന്നെയുണ്ട്. മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കുക എന്നതാണ് ഇന്ത്യയിൽ പൊതുവെ സ്വീകാര്യമായ ഒരു പോംവഴി. ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതാണ്. പോലീസ് എല്ലാക്കാലത്തും ഭരണകൂടത്തിന്റെ ഉപകരണമാണ്. ജനാധിപത്യത്തിലും പോലീസ് പൂർണ സ്വാതന്ത്ര്യത്തോടെയല്ല പ്രവർത്തിക്കുന്നത്. അതിനാൽ പോലീസിനെ മാധ്യമ പ്രവർത്തകരെ വേട്ടയാടാൻ കയറൂരി വിടുമ്പോൾ കൂച്ചുവിലങ്ങുവീഴുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് തന്നെയാണ്.
വ്യാജ വാർത്തകൾ കണ്ടെത്താൻ ഒരു സമിതിയെ നിയോഗിച്ച കാര്യമോ അതിന് മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയ കാര്യമോ പോലീസ് ഉന്നതർ പോലും അറിഞ്ഞിട്ടില്ലെന്നതാണ് ഇതിലെ കൗതുകകരമായ കാര്യം. വൈകുന്നേരം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം പ്രസ്താവിക്കുമ്പോൾ സർക്കാർ ഉത്തരവ് ഇറങ്ങിയില്ല. രാത്രി വൈകിയാണ് തന്നെ ഇത്തരമൊരു ചുമതല ഏൽപിച്ച കാര്യം മനോജ് എബ്രഹാം തന്നെ അറിയുന്നതത്രേ. ഇടതുമുന്നണിയിൽ ഇത്തരമൊരു ചർച്ച ഉണ്ടായിട്ടില്ലെന്നതും വാസ്തവമാണ്. അപ്പോൾ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സ്വയം എടുത്ത ഒരു തീരുമാനമാണിതെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ചില രാഷ്ട്രീയ നേതാക്കൾ ആരോപണം ഉയർത്തിയ ദിവസം തന്നെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അപകടം ചൂണ്ടിക്കാട്ടി കേരള പത്രപ്രവർത്തക യൂനിയൻ പ്രസിഡന്റ് കെ.പി. റജി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുമായി ഓടിക്കൂടിയ മാധ്യമ പ്രവർത്തകർ ഇക്കാര്യത്തിൽ തങ്ങൾ കൃത്യമായ രണ്ടു തട്ടുകളിലാണെന്ന് ബോധ്യപ്പെടുത്തുന്നു. പ്രസിഡന്റിനെ ശക്തമായി വിമർശിക്കാനും പരിഹസിക്കാനും പ്രമുഖരായ ചില മാധ്യമ പ്രവർത്തകർ തന്നെ രംഗത്തുവന്നു. 'വ്യാജ വാർത്ത' തടയുന്നതിൽ എന്താണ് കുഴപ്പമെന്നാണ് അങ്ങേയറ്റം നിഷ്‌കളങ്കമായ അവരുടെ ചോദ്യം. വ്യാജ വാർത്തയെ യൂനിയൻ പ്രസിഡന്റ് അംഗീകരിക്കുന്നുവെന്ന് വരെ അവർ വ്യാഖ്യാനിക്കുന്നു. സി.പി.എം പശ്ചാത്തലമുള്ളവരാണ് ഇത്തരത്തിൽ പരിഹാസ ചോദ്യങ്ങളുതിർക്കുന്നത്. നേരത്തെ കാണാത്ത ഒരു പ്രവണതയാണിത്. സർക്കാരിനേയും പാർട്ടിയേയും വിമർശിക്കുന്ന മാധ്യമ പ്രവർത്തകരെ നേരിടാൻ പാർട്ടി തയാറെടുത്തുകഴിഞ്ഞു എന്നതിന്റെ സൂചനയാണിത്. പണ്ട് അഭിഭാഷകരിൽനിന്ന് മാധ്യമ പ്രവർത്തകർ മർദനം ഏറ്റുവാങ്ങിയ കാര്യം ചിലർ ഓർമിപ്പിക്കുന്നുമുണ്ട്. 
ഏഴായിരത്തിലധികം മാധ്യമ പ്രവർത്തകർ തുറുങ്കിലടക്കപ്പെട്ട അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളെ ഓർമിപ്പിക്കുന്നതാണ് ഈ നടപടി. അന്ന് ഇന്ദിരാഗാന്ധിയെ ശക്തിയുക്തം എതിർത്തവരാണ് ഇടതുപക്ഷം. കുനിയാൻ പറഞ്ഞപ്പോൾ ഇഴയാൻ പോലും തയാറായ മാധ്യമ പ്രവർത്തകർ അന്നുമുണ്ടായിരുന്നു. അതിന് മനസ്സില്ലാത്തവരാണ് അഴികൾക്കുള്ളിലായത്. സർക്കാർ വിരുദ്ധ വാർത്തകൾക്ക് വ്യാജമെന്ന ചാപ്പ കുത്താനായി അടുത്തിടെയാണ് കേരളത്തിലെ പി.ആർ.ഡിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇതിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കി. മാധ്യമ രംഗത്തിന്റെ ശക്തമായ പ്രതിഷേധം വന്നതോടെ പിന്നീട് പതിയെ ഈ നീക്കത്തിൽനിന്ന് സർക്കാർ പിൻമാറുകയായിരുന്നു. 
അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ പി.ആർ.ഡിയുടെ സ്‌ക്രൂട്ടിനിയിൽനിന്ന് ഒഴിവാക്കുമെന്ന് ഡയറക്ടർ തന്നെ പറഞ്ഞതോടെ ആ സംരംഭത്തിന് പ്രസക്തിയില്ലാതായി. അതിനു ശേഷമാണ് പോലീസിനെ ഉപയോഗിച്ച് നേരിടാനുള്ള തീരുമാനം വരുന്നത്.
സർക്കാരിനെതിരെ വ്യാജ വാർത്തകൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ടാകാം. എന്നാൽ പോലീസിനെ ഉപയോഗിച്ചുള്ള അന്വേഷണം യഥാർഥത്തിൽ സർക്കാരിനെതിരായ എല്ലാ വാർത്തകൾക്കും തടയിടുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് സാഹചര്യം വ്യക്തമാക്കുന്നു. കൊറോണ പ്രതിരോധത്തിലൂടെ മികച്ച പ്രതിഛായയുമായി മുന്നോട്ടു നീങ്ങിയ പിണറായി സർക്കാർ ഭരണത്തുടർച്ച നേടുമെന്ന പ്രതീതി ശക്തമായിരുന്നു. എന്നാൽ സ്വർണക്കടത്ത്, കുടത്തിൽനിന്ന് തുറന്നുവിട്ട ഒരു ഭൂതമായി സർക്കാരിനെ വേട്ടയാടാൻ തുടങ്ങിയതോടെ ആ പ്രതിഛായ നഷ്ടമായി. കോവിഡ് പ്രതിരോധത്തിൽനിന്ന് പോലും സർക്കാരിന്റെ ശ്രദ്ധ തിരിയാൻ അതിടയാക്കി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ രാജി, ലൈഫ് മിഷനിലേക്കും അവിടെ കിട്ടിയ കമ്മീഷനിലേക്കുമുള്ള അന്വേഷണം, മന്ത്രി കെ.ടി ജലീലിന്റെ സംശയാസ്പദ ഇടപാടുകൾ തുടങ്ങിയ കാര്യങ്ങൾ ഉയർന്ന സി.പി.എം നേതാക്കളേയും കുടുംബാംഗങ്ങളേയും വരെ നിഴലിലാക്കിയതോടെ മാധ്യമ വേട്ടക്കായി സർക്കാർ കരുക്കൾ നീക്കുകയാണെന്ന് വേണം കരുതാൻ.
നരേന്ദ്ര മോഡി സർക്കാർ ഇക്കാര്യത്തിൽ കുറച്ചു നേരത്തെ തന്നെ ഉണർന്നു പ്രവർത്തിച്ചിരുന്നു. ഈ വർഷാദ്യം വ്യാജ വാർത്തകളുടെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. വാഴ്ത്തുന്നവരെ മതി, വീഴ്ത്തുന്നവരെ വേണ്ട എന്ന നയം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ ഏറിവരികയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമാണ് ഈ ചിന്താഗതി. 
മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചാലും അത് തിരിച്ചറിയാനുള്ള ശേഷി ജനങ്ങൾക്കുണ്ട്. കേരളത്തിലെ ഏറ്റവും ശക്തമായ, പ്രചാരമുള്ള മാധ്യമങ്ങൾ ആവർത്തിച്ചു ശ്രമിച്ചിട്ടും ഇടതുപക്ഷത്തെ അധികാരത്തിൽനിന്ന് അകറ്റിനിർത്താനാവാത്തത് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഏറ്റവുമധികം മാധ്യമ വേട്ടക്കിരയായെന്ന് കരുതുന്ന മുഖ്യമന്ത്രിയാണ് മികച്ച ഭൂരിപക്ഷത്തോടെ ഇന്ന് ഭരിക്കുന്നത്. ജനങ്ങളുടെ ശക്തിയിലും വിവേചന ശേഷിയിലും സംശയമുള്ളവരാണ് പത്രക്കാരെ പിടിക്കാൻ പോലീസിനെ ഏർപ്പാടാക്കുന്നത്. സർക്കാരിനെ നയിക്കുന്നവരിൽ ഉയർന്ന അകാരണ ഭീതിയാണതിന് കാരണമെന്ന് പറയാതിരിക്കാൻ വയ്യ.  വാർത്തകൾക്ക് പോലീസ് സെൻസറിംഗ് വരുന്നതോടെ സത്യം ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന അവസ്ഥയാണുണ്ടാകുക.
ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ വേണ്ടത്ര ഓക്‌സിജൻ സിലിണ്ടർ ഇല്ലാത്തതിനാൽ കൈയിൽനിന്ന് കാശു മുടക്കി സിലിണ്ടറുകൾ വരുത്തി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിനാണ് കഫീൽ ഖാൻ എന്ന ഡോക്ടർ യോഗി സർക്കാരിന്റെ കണ്ണിലെ കരടായത്. ഡോക്ടറുടെ നടപടി സർക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. പോലീസിനെ ഉപയോഗിച്ച് നിരവധി കള്ളക്കേസുകളുണ്ടാക്കി അദ്ദേഹത്തെ വേട്ടയാടി. ഒടുവിൽ കോടതിയുടെ കനിവു കൊണ്ടു മാത്രം തുറുങ്കിൽനിന്ന് പുറത്തു വന്ന അദ്ദേഹം സ്വന്തം നാട്ടിൽ ജീവിക്കാനാവാതെ, അന്യസംസ്ഥാനത്ത് അഭയം തേടിയിരിക്കുകയാണ്. 
ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ ഇവിടെ താമസിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ആശുപത്രികളിൽ വെന്റിലേറ്ററില്ല എന്ന് പറഞ്ഞാലോ, മന്ത്രി പുത്രൻ കമ്മീഷൻ വാങ്ങി എന്ന് പറഞ്ഞാലോ, മന്ത്രി പത്‌നി ക്വാറന്റൈൻ ലംഘിച്ച് ലോക്കർ തുറന്നതെന്തിന് എന്ന് സംശയം പ്രകടിപ്പിച്ചാലോ മനോജ് എബ്രഹാമിന്റെ പോലീസുകാർ വന്ന് കൂട്ടിക്കൊണ്ടുപോകുന്ന കാലം കേരളത്തിലുമെത്തി എന്ന് ഡോ. കഫീൽ ഖാൻ അറിയുകയാണെങ്കിൽ ആഗ്രഹത്തിൽനിന്ന് അദ്ദേഹം പിന്മാറുമെന്ന് തീർച്ച. നമ്മുടെ ഇടതുപക്ഷ നേതാക്കൾക്ക് യോഗിയുടെ മുഖം ഉണ്ടാകുന്നത് ഒട്ടും അഭിമാനകരമല്ല തന്നെ.
 

Latest News