Sorry, you need to enable JavaScript to visit this website.

എൻ.ഐ.എ വിളിപ്പിച്ചത് സാക്ഷിയായി; ഒളിച്ചുവെക്കാൻ ഒന്നുമില്ല-മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം- ഒന്നും ഭയപ്പെടാനില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ ബോധ്യമുള്ളത് കൊണ്ടാണ് ഏത് അന്വേഷണ ഏജൻസികൾക്ക് മുന്നിലും കൂസലില്ലാതെ ചെന്നുകയറാൻ പറ്റുന്നതെന്നും മന്ത്രി കെ.ടി ജലീൽ. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രിയുടെ പരാമർശം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എൻ്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എൻ.ഐ.എ, Cr.P.C 160 പ്രകാരം "Notice to Witness" ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് "നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ" എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിൻ്റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊൻപതര സെൻ്റ് സ്ഥലവും ഒരു വീടും (5 ലക്ഷം ലോണെടുത്തതിൻ്റെ പേരിൽ അതും ഇപ്പോൾ പണയത്തിലാണ്), എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എൻ്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല.

സംഘ്പരിവാറിൻ്റെ മുഖപത്രമായ "ജന്മഭുമി"യിൽ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് ഇതിൽപരം തെളിവ് വേറെ വേണോ?

Latest News