Sorry, you need to enable JavaScript to visit this website.

ആളപായം വളരെ ചുരുക്കമെന്ന് ചൈന; ഇന്ത്യയുടെ അവകാശവാദം ഫെയ്ക്ക് ന്യൂസ്

ന്യൂദല്‍ഹി- അതിര്‍ത്തിയിലെ ഗല്‍വാനില്‍ ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്തുണ്ടായ നാശനഷ്ടം നാമമാത്രമാണെന്ന് ചൈനയുടെ പുതിയ അവകാശവാദം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വാദങ്ങള്‍ തള്ളിയാണ് ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് എഡിറ്ററുടെ പ്രസ്താവന.

ഇന്ത്യന്‍ സൈനികരെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്ന് രാജ്‌നാഥ് സിംഗ്

ജൂണിലുണ്ടായ സംഘര്‍ഷത്തത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭാഗത്തും ആളപായമുണ്ടെന്ന് ചൈന അന്ന് സമ്മതിച്ചിരുന്നുവെങ്കിലും കൊല്ലപ്പെട്ട സൈനികരുടെ എണ്ണമോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. ചൈനയുടെ ഭാഗത്താണ് ഇന്ത്യക്ക് സംഭവിച്ചതിനേക്കാള്‍ ആളപായവും നാശനഷ്ടവുമെന്നാണ് കേന്ദ്ര സര്‍ക്കാരും സൈനിക വൃത്തങ്ങളും അവകാശപ്പെട്ടിരുന്നത്.

ജൂണ്‍ 15 നുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണം വെച്ചുനോക്കുമ്പോള്‍ ചൈനയുടെ ഭാഗത്തുണ്ടായ മരണം വളരെ ചുരുക്കമാണെന്ന് ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന്‍ ട്വീറ്റ് ചെയ്തു. ചൈനീസ് സൈനികരില്‍ ആരും പിടിയിലായില്ലെന്നും എന്നാല്‍ നിരവധി ഇന്ത്യന്‍ സൈനികരെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) പിടികൂടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പോരാട്ടത്തില്‍ ഇന്ത്യ ചൈനക്ക് കനത്ത ആഘാതമേല്‍പിച്ചുവെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോര്‍ട്ട് ഫെയ്ക്ക് ന്യൂസ് എന്ന മുദ്ര കുത്തി ട്വീറ്റിനോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്.

ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡെയിലിയുടെ അനുബന്ധ പത്രമാണ് ഗ്ലോബല്‍ ടൈംസ്.

 

Latest News