Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സൈനികരെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂദല്‍ഹി- അതിര്‍ത്തി മേഖലകളില്‍ പട്രോളിംഗ് നടത്തുന്നതില്‍നിന്ന് ലോകത്ത് ഒരു ശക്തിക്കും ഇന്ത്യന്‍ സൈന്യത്തെ തടയാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പരമ്പരാഗത സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് സൈന്യം തടഞ്ഞു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രതിരോധ മന്ത്രി.
ചൈനാ വിഷയത്തില്‍ ഇന്നലെ ആദ്യമായി യുദ്ധം എന്ന വാക്ക് ഉപയോഗിച്ചാണ് രാജ്‌നാഥ് സിംഗ് സംസാരിച്ചത്. ഒരു യുദ്ധം നമ്മുടെ കൈ കൊണ്ടു തുടങ്ങാം. എന്നാല്‍ അതേ കൈ കൊണ്ട് അതവസാനിപ്പിക്കാനാകില്ല എന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. കോണ്‍ഗ്രസ് എം.പിയും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗില്‍ നിന്ന് ചൈന തടഞ്ഞോ എന്നു ചോദിച്ചു. അപ്പോഴാണ് ഭൂമിയില്‍ ഒരു ശക്തിക്കും അതിനു സാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ് മറുപടി നല്‍കിയത്.
അതിര്‍ത്തി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പറയുന്നത് ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും എന്നാണ്. എന്താണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. അതിര്‍ത്തിയില്‍ ഇപ്പോഴും തല്‍സ്ഥിതി നിലനില്‍ക്കുന്നുണ്ടോ എന്നും ആന്റണി ചോദിച്ചു. ഗല്‍വാന്‍ താഴ്‌വര ഒരിക്കലും ഒരു തര്‍ക്കഭൂമി ആയിരുന്നില്ല. അവിടെ പോലും നമ്മുടെ സൈനികര്‍ക്ക് പട്രോളിംഗ് നടത്താന്‍ കഴിയുന്നില്ലെന്നും മുന്‍ പ്രതിരോധ മന്ത്രി ആയിരുന്ന ആന്റണി പറഞ്ഞു.
അതിര്‍ത്തിയില്‍ പലയിടത്തും ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍, അതിര്‍ത്തിയില്‍ വിശദീകരിക്കാന്‍ കഴിയാത്ത തന്ത്രപ്രധാനമായ പ്രശ്നങ്ങളുണ്ട്. ആ അവസ്ഥ അതേ വികാരത്തോടെ സഭ ഉള്‍ക്കൊള്ളുമെന്നാണ് താന്‍ കരുതുന്നത്. നിലവിലെ സ്ഥിതി വ്യത്യസ്തമാണ്. വിവിധ തന്ത്രപ്രധാന പോയന്റുകളില്‍ സൈന്യം നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
    അതിര്‍ത്തിയിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അതേസമയം, ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ സൈന്യം സജ്ജമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോള്‍ ഇന്ത്യ ശക്തമായ മറുപടി നല്‍കി. ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് ചൈനയുടെ പല പ്രവൃത്തികളും. അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിനായി ചൈന വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനു അടിസ്ഥാനം യഥാര്‍ത്ഥ നിയന്ത്രണ രേഖയെ മാനിക്കുകയും കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ്.
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ അനധികൃതമായി ചൈന കൈവശപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ പാക് അധീന കശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള  5180 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാക്കിസ്ഥാന്‍ അനധികൃതമായി ചൈനക്ക് വിട്ടുകൊടുത്തു. അരുണാചല്‍ പ്രദേശിലെ ഏകദേശം 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിനായി ചൈന അവകാശവാദം ഉന്നയിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

 

 

Latest News