ഇഖാമ പുതുക്കിയില്ല; ഒരു ലക്ഷത്തിലേറെ വിദേശികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങാനാകില്ല

കുവൈത്ത് സിറ്റി - റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാത്തതിനാല്‍ 1,27,000 ഓളം വിദേശികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങാനാകില്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിദേശങ്ങളിലായിരിക്കെ ഇവരുടെ ഇഖാമകള്‍ റദ്ദാക്കപ്പെട്ടിരിക്കയാണ്.
ചില സ്‌പോണ്‍സര്‍മാരുടെയും വിദ്യാഭ്യാസ മന്ത്രാലയം അടക്കം സര്‍ക്കാര്‍ വകുപ്പുകളുടെയും ഭാഗത്തുണ്ടായ വീഴ്ചയുടെ ഫലമായാണ് ഇവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്. ഏതു സമയത്തും കുവൈത്തിലേക്ക് മടങ്ങാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വിദേശ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാല്‍ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ രാജ്യക്കാരുടെ പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു.
റെസിഡന്‍സി പെര്‍മിറ്റ് (ഇഖാമ) ഓണ്‍ലൈന്‍ ആയി എത്രയും വേഗം പുതുക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള വിദേശികളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കുന്നതിന് ആവശ്യമായ ഇളവുകളും സൗകര്യങ്ങളും ആഭ്യന്തര മന്ത്രാലയം നല്‍കുകയും ചെയ്തു. എന്നാല്‍ ഇളവുകള്‍ ഭൂരിഭാഗം പേരും പ്രയോജനപ്പെടുത്തിയില്ല. കാലാവധിയുള്ള ഇഖാമയുള്ള അഞ്ചു ലക്ഷത്തോളം വിദേശികള്‍ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ട്.

 

Latest News