Sorry, you need to enable JavaScript to visit this website.

ജനങ്ങളുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ നേതാവ്

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ ജീവിതത്തിന് അമ്പതാണ്ട്

ചരിത്രം ചിലപ്പോൾ ചില വ്യക്തിത്വങ്ങളെ ഒരു കാലഘട്ടത്തെ നയിക്കാനുള്ള ദൗത്യം ഏൽപിക്കാറുണ്ട്. ആ സവിശേഷ ദൗത്യവുമായി ഇന്ത്യൻ നാഷനൽ കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും കാലഘട്ടത്തെ നയിക്കാൻ പിറന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ, വികസന ശിൽപി, ജനമനസ്സുകളിലെ ജനകീയ നേതാവ് .. ഉമ്മൻ ചാണ്ടി എന്ന നേതാവിന്, കേരളത്തിന്റെ മുൻ  മുഖ്യമന്ത്രിക്ക് വിശേഷണങ്ങൾ ഏറെയാണ്. 1970 ൽ 27 മത്തെ വയസ്സിൽ കേരള നിയമസഭയിൽ കന്നിപ്രവേശനത്തിനെത്തിയ ആ യുവാവിന്റെ  പോരാട്ട വീര്യവും ആദർശ ധീരതയും പ്രവർത്തന ഊർജവും തന്നെയാണ് നിയമസഭാ പ്രവേശനത്തിന്റെ  അമ്പതാം വാർഷികത്തിലും ഈ നേതാവിനു കരുത്ത്.
ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന് പ്രചോദനത്തിന്റെ  പാഠശാലയാണ് അദ്ദേഹം. അതിവേഗം ബഹുദൂരം എന്ന പ്രവർത്തന ശൈലിയുടെ ഉടമ. എതിരാളികൾ പോലും ആദരിക്കുന്ന നിലപാടുകളിലെ നിശ്ചയദാർഢ്യം. മനുഷ്യരുടെ വേദനകളിൽ പങ്കു ചേരുന്ന മഹത്തായ മനസ്സ് എല്ലാം ഓരോ പാഠപുസ്തകങ്ങൾ.
പ്രവർത്തന മികവിന് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് നേടിയ ഈ മുൻ മുഖ്യമന്ത്രി പ്രതിസന്ധികളിൽ ഊർജം പ്രസരിപ്പിക്കുന്ന അതുല്യ നേതാവ്.  നിയമസഭാ സാമാജികൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകളും 2004 ലും 2011 ലും കേരള മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രവർത്തനവും സർവേകളിൽ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടിയെ മാറ്റിത്തീർക്കുന്നു. 
പ്രവാസി സമൂഹമാണ് കേരളത്തിന്റെ  നട്ടെല്ല് എന്ന്  തിരിച്ചറിഞ്ഞ ഈ ജനകീയ നേതാവ് എയർ ഇന്ത്യ ബജറ്റ് എക്‌സ്പ്രസ്, കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി  തുടങ്ങി നിരവധി കാര്യങ്ങൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കി. പാവങ്ങളുടെ കണ്ണീരൊപ്പിയ ഈ ജനനായകൻ ആദിവാസികൾക്ക് അട്ടപ്പാടി ഭൂമി വിതരണം, ദരിദ്രർക്കായി ഐശ്വര്യ പദ്ധതി, ആരോഗ്യ പരിപാലനം തുടങ്ങി എണ്ണിപ്പറയാൻ ഒരുപാട് കാര്യങ്ങൾ നടപ്പിലാക്കി. കേരള വികസനത്തിൽ പുതിയ പന്ഥാവ് തുറന്ന ഈ ജനപ്രിയ മുഖ്യമന്ത്രി കൊച്ചി മെട്രോ, സ്മാർട്ട് സിറ്റി പ്രോജക്ട്, വിഴിഞ്ഞം പദ്ധതി, കണ്ണൂർ വിമാനത്താവളം തുടങ്ങിയ നിരവധി സ്വപ്‌ന പദ്ധതികൾക്ക് ദീർഘദർശനം നൽകി.
കേരള നിയമസഭാംഗമെന്ന നിലയിൽ 11 തെരഞ്ഞെടുപ്പുകളിലെ ഉജ്വല വിജയം ഈ നേതാവിൽ ജനങ്ങൾക്കുള്ള അടിയുറച്ച വിശ്വാസത്തിന്റെ  നിദർശനം. 
പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് എന്ന വാത്സല്യം വിശ്വാസത്തിന്റെ വോട്ടായി മാറുന്ന അപൂർവ പ്രതിഭാസം. പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും എതിരാളികളെ വേദനിപ്പിക്കാതെ വസ്തുതകളുടെ ഉള്ളറിഞ്ഞ പ്രകടനം. ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന മഹത്തായ പാർട്ടി ഏൽപിക്കുന്ന ഓരോ ഉത്തരവാദിത്തവും നൂറു ശതമാനവും ആത്മസമർപ്പണത്തോടെ പൂർത്തിയാക്കുന്ന അടിയുറച്ച പാർട്ടി പ്രവർത്തകൻ. കേരളത്തിന്റെ  അര നൂറ്റാണ്ടിന്റെ  ചരിത്രത്തെ നയിച്ച ജനകീയ നേതാവ്. അമ്പത് തിളങ്ങുന്ന വർഷങ്ങൾ വാക്ക് കൊണ്ടും മനസ്സ് കൊണ്ടും ജനങ്ങളോടൊപ്പം  നിലയുറപ്പിച്ച   പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി എന്ന കാലഘട്ടത്തിന്റെ നേതാവിന് നിയമസഭാ ജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ ആയുരാരോഗ്യ  സൗഖ്യവും  സർവ മംഗളങ്ങളും നേരുന്നു.

(എ.ഐ.സി.സി ഓവർസീസ് ഡിപ്പാർട്ട്‌മെന്റിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)

Latest News