Sorry, you need to enable JavaScript to visit this website.

പ്രതീക്ഷകളുടെ പുത്തൻ പുലരി

സൗദിയടക്കം ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും അതിർത്തികൾ തുറന്ന് വിദേശികൾക്ക് പ്രവേശനാനുമതി നൽകാൻ തുടങ്ങിയതോടെ കോവിഡ് പശ്ചാത്തലത്തിൽ വിറങ്ങലിച്ചു നിന്നിരുന്ന ഗൾഫ് മേഖല ഉണരാൻ തുടങ്ങി. നിയന്ത്രണങ്ങൾ പലതും നീങ്ങാൻ തുടങ്ങിയതോടെ വാണിജ്യ, വ്യവസായ മേഖലയും തൊഴിൽ രംഗവും മെല്ലെ സജീവമാവുകയാണ്. അതിനിടെ പലയിടങ്ങളിലും കോവിഡ് ഭീഷണി വീണ്ടും തല പൊക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും ശക്തമായ ബോധവൽക്കരണവും അതിസൂക്ഷ്മ നിരീക്ഷണവും കടുത്ത ശിക്ഷാ നടപടികളുമായി ജനങ്ങളുടെ ജാഗ്രതയിൽ കുറവു വരാതിരിക്കാനുള്ള ശ്രമവും തുടരുകയാണ്. എന്താാലും കഴിഞ്ഞ ഏഴെട്ടു മാസമായി അഗ്നിപരീക്ഷയിലായിരുന്നവർ പലരും ആശ്വാസത്തിന്റെ നെടുവീർപ്പുകളിടാൻ തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര സർവീസുകൾക്ക് അനുമതി നൽകി അതിർത്തികൾ തുറന്നതോടെ പോകാനും വരാനുമുള്ള സൗകര്യങ്ങളുടെ കാര്യത്തിലുള്ള ആശ്വാസം മാത്രമല്ല, തങ്ങൾ ജോലി ചെയ്യുന്ന മേഖലകൾക്കുണ്ടാകാവുന്ന ഉണർവാണ് പലർക്കും ആശ്വാസം പകരുന്നത്. പുതിയ തൊഴിൽ സാധ്യതകളില്ലാതായും തൊഴിൽ നഷ്ടപ്പെട്ടും ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിൽ കുറവ് സംഭവിച്ചും കച്ചവടം പോലുള്ള മേഖലകളിൽ വരുമാനം കണ്ടെത്തിയിരുന്നവർക്ക് അതില്ലാതായും പ്രയാസത്തിലായിരുന്നവർക്ക് അതിർത്തി തുറക്കലും അന്താരാഷ്ട്ര സർവീസുകളുടെ ആഗമനവുമെല്ലാം പുത്തൻ പ്രതീക്ഷകളാണ് സമ്മാനിച്ചിരിക്കുന്നത്. പഴയ നിലയിലേക്കും താളത്തിലേക്കും കാര്യങ്ങൾ എത്തിപ്പെടാൻ ഇനിയും സമയമെടുക്കുമെങ്കിലും ജീവിതത്തെ മെല്ലെ മുന്നോട്ടു ചലിപ്പിക്കാനുള്ള ഊർജമാണ് ഇതു വഴി കൈവന്നിരിക്കുന്നത്. 
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. ജനുവരി മുതലേ പൂർണ തോതിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയുള്ളൂവെങ്കിലും ആറു മാസത്തെ ഇടവേളക്കു ശേഷം സെപ്റ്റംബർ 15 മുതൽ ഭാഗികമായി സർവീസുകൾ ആരംഭിച്ചതും എല്ലാ കരാതിർത്തികളും തുറന്നതും രാജ്യത്ത് ഉൽസവ ഛായയാണ് പകർന്നത്. കരാതിർത്തികളിൽ, പ്രത്യേകിച്ച് ബഹ്‌റൈൻ കോസ്‌വേയിൽ നല്ല തിരിക്കാണ് ആദ്യ ദിനം തന്നെ അനുഭവപ്പെട്ടത്. ഇതോടൊപ്പം വിമാനത്താവളങ്ങൾ യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമാണെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിപ്പു കൂടി ഉണ്ടായതോടെ രാജ്യം പൂർവ സ്ഥിതിയിലേക്കു മടങ്ങാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ആഭ്യന്തര തീർഥാടകർക്ക് നിയന്ത്രണങ്ങളോടെ ഉംറക്ക് അനുമതി നൽകാനുള്ള തീരുമാനവും ആഭ്യന്തര തീർഥാടകരിൽ മാത്രമല്ല, വിദേശ തീർഥാടകരിലും ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഏജൻസികളും ഹോട്ടൽ, എയർലൈൻസ്, ട്രാൻസ്‌പോർട്ടിംഗ് മേഖലകളുമെല്ലാം വരും ദിനങ്ങൾ തിളക്കമറ്റതാവുമെന്ന പ്രതീക്ഷയിലാണ്. ഈ രംഗങ്ങളുമായി ബന്ധപ്പെട്ടു ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനു പേരുടെ ഉപജീവന മാർഗങ്ങൾ വീണ്ടും തുറക്കപ്പെടുമെന്നത് ചില്ലറക്കാര്യമല്ല. 
സൗദിയിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങളുടെ ഫലമായി ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആശ്വാസകരമാണ്. റീ എൻട്രിയിലും സന്ദർശന വിസയിലും സൗദിയിലെത്തുന്ന പ്രവാസികൾ വിദേശ രാജ്യങ്ങളിലെ അംഗീകൃതവും വിശ്വാസ യോഗ്യവുമായ സ്ഥാപനം മുഖേന 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് കൂടെ കരുതുകയും മൂന്നു ദിവസം ഹോം ക്വാറന്റൈനിൽ തങ്ങുകയും ചെയ്താൽ മതിയാവും. ഇവിടെ എത്തിയ ശേഷം എട്ടു മണിക്കൂറിനുള്ളിലായി ആരോഗ്യ മന്ത്രാലയത്തിന്റെ തത്തമൻ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യുകയും വേണം. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ സമയാസമയങ്ങളിൽ ലഭിക്കുന്നതിനും വേണ്ടിയാണിത്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ മൂന്നു ദിവസത്തെ ഹോം ക്വാറന്റൈൻ കഴിഞ്ഞാൽ പതിവു ജോലികളിൽ വ്യാപൃതരാവാൻ വിദേശ രാജ്യങ്ങളിൽനിന്നുമെത്തിയവർക്കാവും. 
ഇന്ത്യയിൽനിന്നുള്ളവരുടെ മടങ്ങിവരവിൽ ഇനിയും അനിശ്ചിതത്വം നീങ്ങിയിട്ടില്ലെങ്കിലും വിവിധ എയർലൈനുകൾ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി തേടി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തു തന്നെയായാലും താമസിയാതെ തീരുമാനം ഉണ്ടാവും. അവധിക്കു നാട്ടിൽ പോയി മടങ്ങി വരാനാവാതെ പതിനായിരങ്ങളാണ് വിദേശ രാജ്യങ്ങളിൽ കഴിയുന്നത്. എല്ലാവർക്കും പെട്ടെന്ന് മടങ്ങിവരാനാവില്ലെങ്കിലും അത്യാവശ്യമുള്ളവർക്ക് സൗദിയിൽ എത്തിപ്പെടുന്നതിനും പുതിയ നടപടികൾ സഹായകമാവും. അതുപോലെ അവധിക്കു പോകുന്നിനും നാട്ടിലെത്തി അത്യാവശ്യ കാര്യങ്ങൾ ചെയ്യേണ്ടവർക്ക് അതിനും അവസരം കൈവന്നിരിക്കുകയാണ്. 
തൊഴിൽ തേടി എത്തുന്നവർക്ക് നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും സാധ്യതകൾ വിരളമാണെന്നിരിക്കേ ഉദ്യോഗാർഥികൾ വിസിറ്റിംഗ് വിസയിലെത്തി അലയുന്നതിനു പകരം കാത്തിരിക്കുന്നതാവും നല്ലത്. തൊഴിൽ നഷ്ടപ്പെട്ടതിനാലും ശമ്പളം ലഭിക്കാത്തതിനാലും ശമ്പളക്കുറവിനാലും നാട്ടിലേക്കു മടങ്ങേണ്ടുന്ന സ്ഥിതിവിശേഷം സംജാതമായവർ നേരത്തെ പിന്തുടർന്നിരുന്ന ജീവിത ശൈലിയിൽ മാറ്റം വരുത്തി ചെലവുകൾ വെട്ടിച്ചുരുക്കി പരമാവധി അവർ കഴിയുന്നിടങ്ങളിൽ പിടിച്ചു നിൽക്കുന്നതായിരിക്കും ഉത്തമം. ഇത്തരക്കാർക്ക് പുതിയ തൊഴിൽ സാധ്യതകൾ തെളിഞ്ഞു വരാമെങ്കിലും ശമ്പളം പഴയതു പോലെ പ്രതീക്ഷിക്കേണ്ടതില്ല. അതിനാൽ ചെലവു ചുരുക്കി ആർഭാടങ്ങൾ ഒഴിവാക്കി ജീവിക്കാൻ കഴിയുന്നവർക്ക് കാത്തിരിപ്പിന് ഫലം ഉണ്ടാകുമെന്നു തന്നെ വേണം കരുതാൻ. ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് പരിചയമുള്ളവരാണ് പ്രവാസികൾ. കോവിഡ് തീർത്ത പ്രതിസന്ധി, ഇതിനു മുൻപ് സാമ്പത്തിക മാന്ദ്യകാലത്തുണ്ടാക്കിയ പ്രതിസന്ധിയേക്കാളും പതിൻമടങ്ങ് ആഘാതമുള്ളതാണ്. അതിനാൽ തൊഴിൽ രംഗവും വാണിജ്യ മേഖലകളുമെല്ലാം പഴയ പ്രതാപത്തിലേക്കു മടങ്ങി വരാൻ സമയം എടുക്കുമെങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുക. കഠിനാധ്വാനവും സമർപ്പണവും കാലാനുസൃത തന്ത്രങ്ങളും ആവിഷ്‌കരിച്ച് മുന്നേറുക. നല്ല നാളെ പിറക്കുക തന്നെ ചെയ്യും. അതിന്റെ സൂചനകളാണിപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ദൃശമായി വരുന്നത്.
 

Latest News