Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ പുതിയ വകുപ്പുകളും യുവ മന്ത്രിമാരും

ദുബയ്- യുവത്വത്തിനും വനിതാ പ്രാതിനിധ്യത്തിനും മുന്തിയ പരിഗണന നല്‍കി യുഎഇ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചു. നവീന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കും വിദ്യാഭ്യാസത്തിനും മുന്‍തൂക്കം നല്‍കുന്ന പുതിയ വകുപ്പുകളും യുവതീ യുവാക്കളായ മന്ത്രിമാരുമാണ് യുഎഇയുടെ 13-ാമത് മന്ത്രിസഭയുടെ സവിശേഷത.
 
പുതിയ ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 31 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ആണ് മന്ത്രിസഭാ പുനസ്സംഘടന പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളുടേയും യുഎഇയുടെ നൂറാം വാര്‍ഷിക പദ്ധതിയുടെ അവതരണത്തിനും ശേഷമാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അനുമതിയോടെ പുതിയ മന്ത്രി നിലവില്‍ വന്നതെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.
 
പുതിയ മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയമായ നിയമനമാണ് 27-കാരനായ ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയുടേത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രിയാണ് ഉമര്‍. സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്ന കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയുടെ വികസനത്തിനു മാത്രമായി ലോകത്ത് ആദ്യമായാണ് ഒരു രാജ്യം മന്ത്രാലയം തന്നെ രൂപീകരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ പുണരാന്‍ ഏറ്റവും യോഗ്യതയുള്ള രാജ്യമാക്കി യുഎഇ മാറ്റുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പൂതിയ ആറു മന്ത്രിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. ഇതോടെ മന്ത്രിസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ഒമ്പതായി വര്‍ധിച്ചു. സ്ത്രീപ്രാതിനിധ്യം 29 ശതമാനമായാണ് വര്‍ധിച്ചത്. 30-കാരിയായ സാറ അല്‍ ആമിരിയെ പുതുതായി രൂപീകരിച്ച നൂതന ശാസ്ത്ര (അഡ്വാന്‍സ്ഡ് സയന്‍സസ്) വകുപ്പു മന്ത്രിയായി നിയമിച്ചു.
ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം സാറക്കായിരിക്കും. യുഎഇ കൗണ്‍സില്‍ ഓഫ് സയന്റിസ്റ്റ്ിന്റേയും രാജ്യത്തിന്റെ ചൊവ്വാ ദൗത്യത്തിന്റേയും ചുമതലയും സാറ വഹിക്കും. സാറയെ പോലെ നൂറു കണക്കിന് മാതൃകകളാണ് യുഎഇയുടെ ഭാവിക്ക് വേണ്ടത്-ശൈഖ് മുഹമ്മദ് പറഞ്ഞു.
പുതിയ മന്ത്രാലയമായ ഭക്ഷ്യ സുരക്ഷാ മന്ത്രിയായി നിയമിതയായ മറിയം അല്‍ മുഹൈരിയാണ് മന്ത്രിസഭയിലെ പുതിയ മറ്റൊരു വനിതാ അംഗം. യു.എ.ഇ ശില്‍പിയായ ശൈഖ് സായിദിന്റെ സമകാലികനായ സകി നുസൈബയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇ മന്ത്രിസഭ അംഗങ്ങളും വകുപ്പുകളും
1. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം
വൈസ് പ്രസിഡന്റ്, പ്രധാനന്ത്രി, ദുബയ് ഭരണാധികാരി, പ്രതിരോധ മന്ത്രി
2. ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
ഉപ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി
3. ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍
ഉപ പ്രധാനമന്ത്രി, രാഷ്ട്രപതിയുടെ കാര്യാലയ വകുപ്പ്
4. ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മഖ്തൂം
ദുബയ് ഉപഭരണാധികാരി, ധനകാര്യ മന്ത്രി
5. ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍
വിദേശകാര്യ മന്ത്രി
6. ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍
സഹിഷ്ണുതാ വകുപ്പു മന്ത്രി
7. മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി
കാബിനെറ്റ് കാര്യ, ഭാവി കാര്യ മന്ത്രി
8. സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി
സാമ്പദ്വ്യവസ്ഥ കാര്യ മന്ത്രി
9. അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസ്
ആരോഗ്യ രോഗ പ്രതിരോധ വകുപ്പു മന്ത്രി
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ വകുപ്പു മന്ത്രി
10. ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാശ്
വിദേശകാര്യ സഹമന്ത്രി
11. ഉബൈദ് ഹുമൈദ് അല്‍ തായര്‍
ധനകാര്യ സഹമന്ത്രി
12. റീം ഇബ്രാഹിം അല്‍ ഹാശിമി
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി
13. സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മന്‍സൂരി
ഊര്‍ജ, വ്യവസായ  മന്ത്രി
14. ഹുസൈന്‍ ഇബ്രാഹിം അല്‍ ഹമ്മാദി
വിദ്യാഭ്യാസ മന്ത്രി
15. ഡോ. അബ്ദുല്ല മുഹമ്മദ് ബെല്‍ ഹൈഫ് അല്‍ നുഐമി
അടിസ്ഥാന സൗകര്യ വികസന മന്ത്രി
16. സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബാദി
നീതിന്യായ വകുപ്പു മന്ത്രി
17. മുഹമ്മദ് അഹമദ് അല്‍ ബാവര്‍ദി
പ്രതിരോധ വകുപ്പ് സഹമന്ത്രി
18. നൂറ മുഹമ്മദ് അല്‍ കഅബി
സാംസ്‌കാരിക, ജ്ഞാന വികസന മന്ത്രി
19. താനി അഹമദ് അല്‍ സയൂദി
പരിസ്തിഥി, കാലാവസ്ഥാ വ്യതിയാന വകുപ്പു മന്ത്രി
20. നാസര്‍ ബിന്‍ താനി അല്‍ ഹമേലി
മാനവ വിഭവ, സ്വദേശിവല്‍ക്കരണ വകുപ്പു മന്ത്രി
21. ഹെസ്സ ബിന്‍ത് ഈസ ഹുമൈദ്
സാമൂഹിക വികസന മന്ത്രി
22. ജമീല സാലിം അല്‍ മുഹൈരി
പൊതുവിദ്യാഭ്യാസ സഹമന്ത്രി
23. അഹമദ് അബ്ദുല്ല ഹുമൈദ് ബെല്‍ ഹുല്‍ അല്‍ ഫലാസി
ഉന്നതവിദ്യാഭ്യാസ, നൂതന നൈപുണ്യ വകുപ്പു മന്ത്രി
24. സുല്‍ത്താന്‍ അഹമദ് അല്‍ ജബ്ബാര്‍
സഹമന്ത്രി
25. മൈത്ത സാലിം അല്‍ ശംസി
സഹമന്ത്രി
26. ഉഹൂദ് ഖര്‍ഫാന്‍ അല്‍ റൂമി
സന്തോഷ കര്യ സഹമന്ത്രി
27. ശമ്മ സുഹൈല്‍ ഫാരിസ് അല്‍ മസ്റൂഇ
യുവജനകാര്യ സഹമന്ത്രി
28. സകി നുസൈബ
സഹമന്ത്രി
29. മറിയം അല്‍ മുഹൈരി
ഭക്ഷ്യ സുരക്ഷാ മന്ത്രി
30. സാറ അല്‍ അമിരി
നൂതന ശാസ്ത്ര് മന്ത്രി
31. ഉമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രി

Latest News