Sorry, you need to enable JavaScript to visit this website.
Friday , October   30, 2020
Friday , October   30, 2020

അബ്രഹാം കരാർ; യാഥാർത്ഥ്യമായത് ഒരു മാസത്തിനകം

ദുബായ്- പ്രഖ്യാപിക്കപ്പെട്ട് ഒരു മാസത്തിനകമാണ് യു.എ.ഇയും ഇസ്രായിലും തമ്മിലുള്ള നയതന്ത്ര ഉടമ്പടിയായ അബ്രഹാം കരാർ യാഥാർത്ഥ്യമാകുന്നത്. ഓഗസ്റ്റ് 13ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കരാറാണ് ഒരു മാസം പിന്നിടുമ്പോൾ വൈറ്റ് ഹൗസിൽ യാഥാർത്ഥ്യമായത്. വൈറ്റ്ഹൗസിലെ സൗത്ത് ലോൺ ഗാർഡനിൽ ചരിത്ര ഉടമ്പടിക്ക് സാക്ഷിയാകാൻ എത്തിയത് എഴുന്നൂറോളം വിശിഷ്ടാതിഥികൾ. ഇസ്രായിലും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (പി.എൽ.ഒ) തമ്മിലുള്ള കരാർ യാഥാർത്ഥ്യമാക്കിയ തെർജെ ലാർസൺ, ഓസ്‌ലോ കരാറിന് പിന്നിൽ പ്രവർത്തിച്ച യു.എസിലെ മധ്യേഷ്യൻ വിദഗ്ധ മാർട്ടിൻ ഇൻഡിക്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ തുടങ്ങിയവർ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു. 
അറബ് സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലയെ ഉഴുതു മറിക്കാൻ കെൽപ്പുള്ള കരാറിന്റെ നാൾവഴികൾ ഇങ്ങനെ: ഓഗസ്റ്റ് 13- യു.എ.ഇയും ഇസ്രായിലും തമ്മിലുള്ള നയതന്ത്ര കരാർ യാഥാർത്ഥ്യമായതായി ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. മറ്റു ഗൾഫ് രാഷ്ട്രങ്ങളും യു.എ.ഇയുടെ പാത പിന്തുടരണമെന്നും ട്രംപ്. വെസ്റ്റ് ബാങ്കിലെ വിപുലീകരണ പദ്ധതികൾ ഇസ്രായിൽ നിർത്തുമെന്ന് യു.എ.ഇ
ഓഗസ്റ്റ് 16- ഇസ്രായിലും യു.എ.ഇയും ടെലിഫോൺ ബന്ധങ്ങൾ ആരംഭിച്ചു. ഇസ്രായിൽ വെബ്‌സൈറ്റുകൾ യു.എ.ഇയിൽ ലഭ്യമായി. ഓഗസ്റ്റ് 16- യു.എ.ഇ കമ്പനി അപെക്‌സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് കോവിഡ് ഗവേഷണത്തിൽ ഇസ്രായിലിലെ ടെറ ഗ്രൂപ്പുമായി കരാർ ഒപ്പുവെച്ചു. ഓഗസ്റ്റ് 18- ഇസ്രായിൽ ചാരസംഘടന മൊസാദ് മേധാവി യോസ്സി കോഹൻ സുരക്ഷാ-ഇന്റലിജൻസ് വിഷയങ്ങൾ ചർച്ച ചെയ്യാനായി യു.എ.ഇയിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൗൻ ബിൻ സായിദുമായി കൂടിക്കാഴ്ച. ഓഗസ്റ്റ് 28- ഭക്ഷ്യ, കുടിവെള്ള സുരക്ഷയിൽ സഹകരണം തേടി ഇരുരാഷ്ട്ര പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച. വെബ് ചർച്ചയിൽ യു.എ.ഇ സംഘത്തെ നയിച്ചത് മന്ത്രി മർയം അൽ മെഹ്‌റിയും ഇസ്രായിൽ സംഘത്തെ നയിച്ചത് മന്ത്രി അലൻ സ്‌കസ്റ്ററും. ഓഗസ്റ്റ് 29-48 വർഷം പഴക്കമുള്ള ഇസ്രായിൽ ബഹിഷ്‌കരണ നിയമം എടുത്തു കളഞ്ഞതായി ശൈഖ് ഖലീഫയുടെ പ്രഖ്യാപനം. ഇതുപ്രകാരം ഇസ്രായിൽ ചരക്കുകൾക്ക് യു.എ.ഇ വിപണിയിലേക്ക് പ്രവേശനം ലഭ്യമായി. ഇസ്രായിലി കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയുമായി യു.എ.ഇ കമ്പനികൾക്ക് കരാറിലേർപ്പെടാനും സാധിക്കും. ഓഗസ്റ്റ് 31- വൈറ്റ്ഹൗസ് സീനിയർ ഉപദേഷ്ടാവ് ജെറാദ് കുഷ്‌നറുടെ നേതൃത്വത്തിലുള്ള യു.എസ്-ഇസ്രായിൽ സംഘം അബുദാബിയിൽ. ടെൽ അവീവിൽ നിന്ന് യു.എ.ഇയിൽ എത്തുന്ന ആദ്യത്തെ യാത്രാവിമാനം.
സെപ്റ്റംബർ 03- യു.എ.ഇയിൽ ഓഫീസ് തുറക്കുമെന്ന് അമേരിക്കൻ ജ്യൂയിഷ് കമ്മിറ്റിയുടെ പ്രഖ്യാപനം. സെപ്റ്റംബർ 09- നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെതിരെ അറബ് ലീഗിൽ പ്രമേയം അവതരിപ്പിക്കാൻ ഫലസ്തീൻ ശ്രമം. സെപ്റ്റംബർ 10- സൗദി അറേബ്യയും ബഹ്‌റൈനും ഇസ്രായിലിന് അവരുടെ ആകാശപാത തുറന്നു കൊടുത്തതായി പ്രഖ്യാപനം. സെപ്റ്റംബർ 11- യു.എ.ഇക്ക് പുറമേ സമാധാന കരാറിൽ ഒപ്പുവെച്ച് ബഹ്‌റൈൻ. 
സെപ്റ്റംബർ 15- യു.എ.ഇ, ബഹ്‌റൈൻ, ഇസ്രായിൽ രാഷ്ട്രപ്രതിനിധികൾ വൈറ്റ്ഹൗസിൽ വെച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചു.   

ചരിത്രഗതി തിരുത്തുന്നുവെന്ന് ട്രംപ്
വാഷിംഗ്ടൺ- ഇസ്രായിൽ-യു.എ.ഇ കരാർ ചരിത്രത്തിന്റെ ഗതിയെ തന്നെ തിരുത്തുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഭജനത്തിന്റെയും സംഘർഷത്തിന്റെയും പതിറ്റാണ്ടുകൾക്ക് ശേഷം മധ്യേഷ്യയിൽ പുതിയ പ്രഭാതം അടയാളപ്പെടുത്തുകയാണ്. ഈ രാജ്യങ്ങളിലെ മഹാരഥന്മാരായ നേതാക്കൾക്ക് നന്ദി- അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്, ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ സയാനി, ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇംഗ്ലീഷ്, അറബി, ഹീബ്രു ഭാഷകളിൽ കരാർ തയാറാക്കിയിരുന്നു. മൂന്നിലും എല്ലാവരും ഒപ്പുവെച്ചു. സമാധാനത്തിന്റെ ഒരു കൈ നീട്ടിയും ഒരു കൈ സ്വീകരിച്ചുമാണ് താൻ ഇവിടെ നിൽക്കുന്നതെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. മധ്യേഷ്യയിലെ ഹൃദയത്തിൽ തന്നെ മാറ്റം വന്നിരിക്കുന്നു. ലോകത്തുടനീളം പ്രതീക്ഷ പകരുന്ന കരാറാണിത്- അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags

Latest News