Sorry, you need to enable JavaScript to visit this website.

വിമാനത്താവളങ്ങളില്‍ ശ്രദ്ധിക്കാന്‍; സൗദി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

റിയാദ്- സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ ഇന്നലെ രാത്രി ജനറല്‍ അതോറിറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രക്കാരും വിമാനകമ്പനികളും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും പാലിക്കേണ്ട വ്യവസ്ഥകളാണ് ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയത്.
വിദേശത്ത് നിന്നെത്തുന്ന സൗദി പൗരന്മാരല്ലാത്തവര്‍ കോവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന, 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വിമാനത്താവളത്തില്‍ കാണിക്കണം. സൗദികളും വിദേശികളും ആരോഗ്യമന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥപ്രകാരമുള്ള ഹോം ക്വാറന്റൈന്‍ പാലിക്കണം. തഥമ്മന്‍, തവക്കല്‍നാ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.
സൗദിയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് 38 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല. ടിക്കറ്റ് ബുക്കിംഗ് സമയത്ത് തന്നെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കണം. നേരത്തെ തന്നെ വിമാനത്താവളങ്ങളിലെത്തണം. വിമാനത്തിലും വിമാനത്താവളത്തിലും മാസ്‌കും സാനിറ്റേസറും കരുതണം. ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. പോകുന്ന രാജ്യങ്ങളിലെ കോവിഡ് വ്യവസ്ഥകള്‍ മനസ്സിലാക്കണം.
വിമാനത്താവളങ്ങളിലെ സ്റ്റാഫും മറ്റു തൊഴിലാളികളും മെഡിക്കല്‍ പരിശോധന നടത്തണം. രാജ്യത്തെ 28 വിമാനത്താവളങ്ങളിലും അണുനശീകരണം നടത്തും. ഓരോ യാത്രക്ക് ശേഷവും വിമാനങ്ങള്‍ ശുദ്ധീകരിക്കണം. യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കാനെടുക്കുന്ന സമയമനുസരിച്ചാണ് വിമാനസര്‍വീസുകള്‍ അനുവദിക്കുക.
ഏഴുവയസ്സിന് മുകളിലുള്ളവരെ മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ല. ജവാസാത്തിന്റെ ഫിംഗര്‍ പ്രിന്റ് മെഷീനുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കും. വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഘട്ടം ഘട്ടമായി മാത്രമേ യാത്രക്കാരെ പുറത്തിറക്കുകയുള്ളൂ. യാത്രയിലുടനീളം എല്ലാവരും മാസ്‌ക് ധരിക്കണം. രോഗബാധ സംശയമുള്ളവരെ പ്രത്യേക ഭാഗങ്ങളിലേക്ക് കൊണ്ടുപോകും. ജനറല്‍ അതോറിറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

Latest News