Sorry, you need to enable JavaScript to visit this website.

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം അറിയില്ലെന്ന് കിഫ്ബി സി.ഇ.ഒ

തിരുവനന്തപുരം- കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം നടക്കുന്നതായി അറിയില്ലെന്നും അന്വേഷണത്തിനുള്ള പശ്ചാത്തലമില്ലെന്നും കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം. കിഫ്ബി 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതിനെതിരെ പരാതി കിട്ടിയെന്നാണു രാജ്യസഭയില്‍ ധനകാര്യ സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അന്വേഷണം തുടങ്ങിയതായി പറഞ്ഞിട്ടില്ല. കിഫ്ബിക്ക് അന്വേഷണം സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടുമില്ല.

2017 മേയ് മുതല്‍ കിഫ്ബി സ്വരൂപിച്ച പണം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യബാങ്കിനെയാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ ഉയര്‍ന്ന റേറ്റിംഗ് വേണമെന്ന മാനദണ്ഡം കിഫ്ബിയുടെ കമ്മിറ്റി നിശ്ചയിച്ചിരുന്നു. മുന്തിയ റേറ്റിംഗ് ഉണ്ടായിരുന്ന ബാങ്കായിരുന്നു യെസ് ബാങ്ക്. വിവിധ ഏജന്‍സികള്‍ അവര്‍ക്കു നല്ല റേറ്റിംഗ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി നിക്ഷേപം നടത്തിയത്.

കിഫ്ബിയുടെ കൈവശമുള്ള എല്ലാ പണവും ബാങ്കില്‍ നിക്ഷേപിക്കുകയല്ല ചെയ്യുന്നത്. മൊത്തം പണത്തിന്റെ നിശ്ചിത ശതമാനമേ സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയൂ. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ യെസ് ബാങ്ക് ഉയര്‍ന്ന നിരക്കു നല്‍കിയപ്പോഴാണ് 7 തവണ അവിടെ നിക്ഷേപം നടത്തിയത്. 2018 വരെ ബാങ്കില്‍ നിക്ഷേപം നടത്തി. 2018ല്‍ 107 കോടിരൂപയാണ് ഒരു വര്‍ഷത്തേക്കു നിക്ഷേപിച്ചത്. 8.03 ശതമാനം പലിശയാണ് അവര്‍ നല്‍കിയത്.

2018 നവംബര്‍ ആയപ്പോള്‍ യെസ് ബാങ്കിന്റെ റേറ്റ് ക്ഷയിച്ചു തുടങ്ങി. അപ്പോള്‍തന്നെ കിഫ്ബി യെസ് ബാങ്കുമായുള്ള പണമിടപാട് നിര്‍ത്തി. നിക്ഷേപിച്ച തുകയുടെ കാലാവധി കഴിയാന്‍ കാത്തിരുന്നു. ഓഗസ്റ്റ് 9നു നിക്ഷേപം പലിശയടക്കം പിന്‍വലിച്ചു മറ്റു ബാങ്കിലേക്കു മാറ്റി. കിഫ്ബി ജാഗ്രതയോടെ നിലപാടെടുത്തതിനാല്‍ പണം നഷ്ടപ്പെട്ടില്ല. ലാഭമല്ലാതെ ഇടപാടിലൂടെ നഷ്ടം ഉണ്ടായിട്ടില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു.

 

Latest News