ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍, ശമ്പളം മാറ്റിവെക്കല്‍ ആറു മാസംകൂടി തുടരും

തിരുവനന്തപുരം- കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. ഒരു വര്‍ഷത്തേക്കു സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കില്ല.

സ്‌കൂളില്‍ ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥ ഒഴിവാക്കും. ഓഫിസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റു തസ്തികകളിലേക്കു പുനര്‍വിന്യാസം ചെയ്യാനും ഒരേ മേഖലയില്‍ പൊതുവായ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റസ്ഥാപനമാക്കാനും തീരുമാനിച്ചു. ജീവനക്കാരില്‍നിന്ന് മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1 നു പിഎഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പിഎഫില്‍ ലയിപ്പിച്ച ശേഷം പിഎഫ് നിരക്കില്‍ പലിശ നല്‍കും.

അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. പിഎഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1 നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമെ പിഎഫില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമെ അനുവദിക്കൂ.

20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്കു ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും. നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഒരു ഉദ്യോഗസ്ഥന്‍ 90 ദിവസം അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും.

 

Latest News