പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ വിചാരണ

ദുബായ്- അനധികൃതമായി മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്വദേശി യുവാവിന്റെ വിചാരണ തുടങ്ങി. ദുബായ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസുകാരനെ അപായപ്പെടുത്താനും പട്രോളിംഗ് വാഹനത്തിനിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുമാണ് 29 കാരന്‍ വിചാരണ നേരിടുന്നത്.

അല്‍ബര്‍ഷയിലെ ഒരു ഹോട്ടലില്‍ രണ്ട് പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് റെയ്ഡ് നടത്തിയത്. പോലീസ് എത്തുമ്പോള്‍ ഇരുവരും ഹോട്ടലിന്റെ പ്രധാന കവാടത്തില്‍ കാറിനകത്തിരിക്കുകയായിരുന്നു. ഇവരില്‍ ഒരാളെ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. രണ്ടാമന്‍ താന്‍ വാഹനത്തിന്റെ ഡോറില്‍ പിടിച്ചിരിക്കെ അതിവേഗം വാഹനം മുന്നോട്ടെടുക്കുകയായിരുന്നു- 25 കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിനിടെ പോലീസ് പട്രോളിംഗ് കാര്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് തന്റെ വാഹനം പട്രോളിംഗ് കാറിന് നേരെ ഇടിച്ചുകയറ്റി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസുകാരന് ഗുരുതരമായ പരിക്കേറ്റു. വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. അധികം വൈകാതെ പ്രതിപോലീസ് പിടിയിലായി. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ യുവാവിനെതിരെ അറസ്റ്റ് ചെറുക്കുക, പോലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ അപായപ്പെടുത്തുക, പോലീസ് പട്രോളിംഗ് വാഹനത്തിന് നാശനഷ്ടം വരുത്തുക എന്നീ കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ തുടരും.

 

Latest News