എല്ലാ വർഷവും നടത്താറുള്ള ആയുർവേദ ചികിത്സ ഈ കോവിഡ് കാലത്തും മോഹൻലാൽ മുടക്കുന്നില്ല. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലാണ് താരം ചികിത്സയ്ക്ക് എത്തിയത്. ആയുർവേദ ചികിത്സയ്‌ക്കൊരുങ്ങുന്ന മോഹൻലാലിന്റ തലയിൽ കെട്ടോടെയുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ദൃശ്യം 2' ഷൂട്ട് ആരംഭിക്കാനിരിക്കെയാണ് താരം ചികിത്സ നടത്തുന്നത്. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാൽ ഷൂട്ടിംഗ് നീട്ടിയിരിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക. ആദ്യം കൊച്ചിയിൽ 14 ദിവസത്തെ ചിത്രീകരണം. ശേഷം സംഘം തൊടുപുഴയിലേയ്ക്ക് തിരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടാവും ചിത്രീകരണം. ഷൂട്ടിംഗ് ആരംഭിക്കുന്നതിനുമുമ്പ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും നിശ്ചിത ദിവസം ക്വാറന്റൈൻ ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ദൃശ്യം 2ൽ മോഹൻലാലിനും മീനക്കുമൊപ്പം ദൃശ്യം ആദ്യ ഭാഗത്തിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളുമുണ്ടാവും.






