Sorry, you need to enable JavaScript to visit this website.
Sunday , September   27, 2020
Sunday , September   27, 2020

സൂമിലെ നഗ്നമേനി

മൽബു വിചാരണ നേരിടുകയാണ്.
സൂമിൽ നിങ്ങൾ കാണിച്ചത് ശരിയാണെന്നു തോന്നുന്നുണ്ടോ?
ഞാനല്ല, അതിനുത്തരവാദി.
എല്ലാവരും കണ്ട കാഴ്ചയിൽനിന്ന് നിങ്ങൾ എങ്ങനെ ഒഴിഞ്ഞുമാറും?
കാഴ്ച ശരി തന്നെ. പക്ഷേ കഥാപാത്രം ഞാനല്ല. 
സ്‌ക്രീനിൽ വലിയ അക്ഷരത്തിൽ നിങ്ങളുടെ പേരാണ് തെളിഞ്ഞു കണ്ടത്. 
എനിക്ക് നിരപരാധിത്വം തെളിയിക്കാനാകും.
എങ്ങനെ?
അത് ഞങ്ങളുടെ ഫഌറ്റിലെ പൊതു കംപ്യൂട്ടറായിരുന്നു. ഞാൻ ഹാജരില്ലത്തപ്പോഴാണ് അതു സംഭവിച്ചത്. യഥാർഥ പ്രതിയെ ഹാജരാക്കാൻ കഴിയും.
ഇനി പ്രതിയെ ഹാജരാക്കിയിട്ടെന്തു കാര്യം. വലിയ മാനക്കേടാണ് സംഭവിച്ചത്. ആളുടെ മുഖം കണ്ടില്ലെന്നേയുള്ളൂ. ബാക്കിയെല്ലാം കണ്ടു. അതും നാട്ടിൽ നിന്നടക്കമുള്ള സ്ത്രീകൾ. 
ബനിയൻ ഊരി സോഫയിലേക്ക് മറിഞ്ഞുവീഴുന്നത് മൽബു തന്നെയാണെന്നാണ് കൂട്ടായ്മയിലെ എല്ലാവരും വിശ്വസിക്കുന്നത്. 
ഞാനല്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ മൽബുവിന് ഒരു തരത്തിലും കഴിയില്ല. പലതാണ് കാരണങ്ങൾ.
ഒന്ന്, ഈ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തതിനാലാണ് മൽബുവിന് അനുമതി നൽകിയത്. 
രണ്ട്, മൽബു എന്ന പേരിലാണ് സൂം മീറ്റിംഗിൽ പ്രവേശിക്കാൻ അഡ്മിൻ അനുവാദം നൽകിയതും പ്രവേശിപ്പിച്ചതും.
മൂന്ന്, മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവരും ക്യാമറ ഓൺ ചെയ്യണമെന്നും സാധാരണ യോഗത്തിലെന്ന പോലെ ഇരിക്കണമെന്നും പ്രത്യേകം നിർദേശിച്ചിരുന്നു. 
സംഘാടകർ മാത്രമല്ല, മൽബുവിന് ആരു വിചാരണ ചെയ്താലും തെറ്റു പറയാനാകില്ല. മൽബുവിന്റെ ഭാഗത്ത് അബദ്ധം സംഭവിച്ചിട്ടുണ്ട്. 
കുടുംബത്തിലെ കുട്ടിയുടെ യുട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബ് ചെയ്ത് ലൈക്കടിക്കാത്തതിനെ തുടർന്നുണ്ടായ കുഴപ്പം അവസാനിച്ചതിനു പിന്നാലെയാണ് മൽബു വീണ്ടും അബദ്ധത്തിൽ ചാടിയിരിക്കുന്നത്. 
ബനിയൻ ഊരി നഗ്നമേനി കാണിച്ച് സോഫയിലേക്ക് ചാഞ്ഞ സംഭവത്തിന് ധാരാളം പേർ സാക്ഷ്യം വഹിച്ചിരിക്കുന്നു.  വ്യക്തിത്വം എങ്ങനെ ആകർഷകമാക്കാമെന്ന ഓൺലൈൻ ക്ലാസായിരുന്നു വേദി. പങ്കെടുത്തവരിൽ വലിയൊരു ശതമാനം വനിതകളായിരുന്നു. 
ധാരാളം പേർ പങ്കെടുക്കുന്ന ഒരു സൂം മീറ്റിംഗിൽ ഒരാൾ ബനിയൻ ഊരി സ്വന്തം ശരീരം പ്രദർശിപ്പിക്കുന്നത് സ്ത്രീകൾക്കു മാത്രമല്ല ആർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. 
വിവാദ സംഭവത്തിൽ മൽബു അല്ല യഥാർഥ പ്രതിയെന്ന് പറഞ്ഞല്ലോ. അതു സത്യം തന്നെയാണ്. ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ലെന്നു മാത്രം. 
സൂം മീറ്റിംഗിലേക്ക് സൈൻ ഇൻ ചെയ്ത് കയറിയത് മൽബു തന്നെയാണ്. നല്ല ക്ലാസായിരിക്കുമെന്ന് പറഞ്ഞ്  നാട്ടിൽനിന്ന് മൽബിയോടും കയറാൻ പറഞ്ഞിരുന്നു. അവളുടെ വ്യക്തിത്വം കുറച്ചു ശരിയാകാനുണ്ട്.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ മൽബുവിന് പറഞ്ഞതു തന്നെ ആവർത്തിക്കുന്ന വരണ്ട ക്ലാസായി തോന്നി. കോവിഡ് തുടങ്ങിയതിൽ പിന്നെ മൽബു ഇത് ആറാമത്തെ വ്യക്തിത്വ വികസന ക്ലാസാണ് കേൾക്കുന്നത്. 
ശരിക്കും മടുത്തിട്ടുണ്ട്. കൂട്ടായ്മക്കാർ നിർബന്ധിച്ചതു കാരണം മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. 
ഇങ്ങനെ മറുത്തു പറയാൻ കഴിയാത്തതാണ് മൽബുവിന്റെ പരാജയത്തിനുള്ള ഒരു കാരണം. മൽബുവിന്റെ മാത്രമല്ല, എല്ലാ പ്രവാസികളുടേയും കഥ അതു തന്നെ. ആരും ഒന്നും എതിർത്തു പറയില്ല, എല്ലാ ഭാരവും തലയിൽ ചുമയ്ക്കും.
സംഘാടകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഓരോ പെഴസണാലിറ്റി ഗുരുക്കന്മാാരേയും മൽബു കേൾക്കുന്നത്. വ്യക്തിത്വത്തിൽ വലിയ മാറ്റമൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും താനൊരു നല്ല കേൾവിക്കാരനായി മാറിയിട്ടുണ്ടെന്ന് മൽബുവിന് തോന്നുന്നുണ്ട്. 
ഒരു ട്രെയിനറെ അടുത്തു കിട്ടിയ സമയത്ത് ഇക്കാര്യം സൂചിപ്പിച്ചു. കേൾവിക്കാരനാകാൻ കഴിഞ്ഞതു തന്നെ പെഴ്‌സണാലിറ്റി ക്ലാസിന്റെ വിജയമാണെന്നായിരുന്നു  അയാളുടെ മറുപടി.  
സൂം മിറ്റിംഗ് തുടങ്ങി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഗുരു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒന്നു പുകച്ചുവരാമെന്നു കരുതി സൂമിൽ ക്യാമറ ഓഫ് ചെയ്ത് മൽബു എഴുന്നേറ്റു. അങ്ങനെ ഇടയ്ക്കുവെച്ച് എഴുന്നേറ്റു പോകരുതെന്നും ക്ലാസെടുക്കുന്നയാളെ അത് വല്ലാതെ ബാധിക്കുമെന്നും സംഘാടകരുടെ സെക്രട്ടറി നേരത്തെ ശട്ടം കെട്ടിയതായിരുന്നു. അറുബോറൻ ക്ലാസ് സംഘടിപ്പിച്ച കൂട്ടായ്മക്കാരൻ പോയി പണി നോക്കട്ടെ..
മൽബു ഹാളിനു പുറത്തിറങ്ങി സിഗരറ്റ് പുകച്ചുകൊണ്ടിരിക്കേ, ഹമീദ് വിയർത്തൊലിച്ച് കയറി വരുന്നുണ്ട്. നിസ്‌കാര സമയത്ത് മിനി മാർക്കറ്റ് അടച്ചുള്ള വരവാണ്. കൊറോണക്കു മുമ്പും ഹമീദ് അങ്ങനെ തന്നെയാണ്. പള്ളിയിൽ പോകാനാണ് കട അടക്കുന്നതെങ്കിലും ഹമീദ് ചാടി റൂമിലേക്കു വരും. എന്നിട്ട് കുറച്ചു സമയം ടി.വി കണ്ട് റിലാക്‌സാകും. പിടികൂടാൻ മുതവ്വയൊന്നുമില്ലല്ലോ.. 
ഹമീദ് ഒഴികെ ഇപ്പോൾ ഫഌറ്റിലെ എല്ലാവരും നിലപാട് മാറ്റിയിട്ടുണ്ട്. കോവിഡിന്റെ പേരിൽ പള്ളിയിൽ നടക്കുന്ന സംഘടിത നിസ്‌കാരം ഒഴിവാക്കുന്നതിലെ ഗുരുതര തെറ്റിനെ കുറിച്ച് ഉണർത്തുന്ന ഒരു പണ്ഡിതന്റെ പ്രസംഗം മൽബു വാട്‌സാപ്പിൽ ഫോർവേഡ് ചെയ്ത് എല്ലാവരേയും കേൾപ്പിച്ച ശേഷമാണ് ഈ മാറ്റം. 
പള്ളികളിലെ സംഘടിത നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം ബോധ്യപ്പെട്ട മൽബുവും കൂട്ടരും ഇപ്പോൾ കൃത്യമായി പള്ളിയിൽ പോകുന്നു. കോവിഡിനൊപ്പം ജീവിക്കുന്നവർ എന്തിനു പ്രാർഥന മാത്രം ഒഴിവാക്കണം.
സാധാരണ ചെയ്യാറുള്ളതു പോലെ ഹമീദ് നേരെ പോയി ടി.വി ഓൺ ചെയ്തു. ബനിയൻ വലിച്ചൂരിക്കളഞ്ഞ ശേഷം സോഫയിലേക്ക് ചാഞ്ഞു. 
ഈ ഹമീദിന്റെ സിക്‌സ് പാക്ക് മനോഹര നഗ്നമേനിയാണ് മൽബു ക്യാമറ ഓഫ് ചെയ്തുവെന്ന കരുതിയ സൂമിലൂടെ മാലോകർ കണ്ടത്. 
പ്രവാസികൾ ഇപ്പോൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സൂമിൽനിന്നേറ്റ വലിയ തിരച്ചടിയാണ് ഈ സംഭവം. 
ഓഫാക്കിയാലും ചെലപ്പം ഓഫാകൂല്ല.. ഓരോരുത്തരുടേയും യോഗഭാഗ്യം പോലിരിക്കും. അതാണ് ഈ സംഭവത്തിൽ മൽബുവിന് പറയാനുളളത്. യോഗത്തിന്റെ യോഗവും മൽബുവിന്റെ യോഗവും. 

Latest News