Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഓറഞ്ച് വിലയിൽ വൻ വർധന

  • വൻകിട സൂപ്പർ മാർക്കറ്റുകളും വ്യാപാര കേന്ദ്രങ്ങളും ഉപഭോക്താക്കളെ പിഴിയുന്നു


ജിദ്ദ - പ്രാദേശിക വിപണിയിൽ ഓറഞ്ച് വില കുത്തനെ വർധിച്ചതായി വ്യാപാരികളും ഉപയോക്താക്കളും പറയുന്നു. മൊത്ത, ചില്ലറ വ്യാപാര വിപണികളിൽ ഓറഞ്ച് വില 70 മുതൽ 100 ശതമാനം വരെ വർധിച്ചിട്ടുണ്ട്. കൊറോണ പ്രത്യാഘാതങ്ങളാണ് ഓറഞ്ച് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ജിദ്ദ സെൻട്രൽ പച്ചക്കറി, പഴം മാർക്കറ്റിൽ ഓറഞ്ച് വില 70 ശതമാനവും ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ 100 ശതമാനവും തോതിൽ വർധിച്ചിട്ടുണ്ടെന്ന് സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ ദല്ലാളുമാരുടെ കൂട്ടായ്മാ വൈസ് പ്രസിഡന്റ് എൻജിനീയർ മുഅ്തസിം അബൂസിനാദ പറയുന്നു. ഓറഞ്ച് കയറ്റി അയക്കുന്ന രാജ്യങ്ങളിലെ കൃഷിയിടങ്ങളെ കൊറോണ പ്രതികൂലമായി ബാധിച്ചതാണ് വില വർധനക്ക് കാരണം. അടുത്ത നവംബറിൽ ശൈത്യകാലം ആരംഭിക്കുന്നതു വരെ വില വർധന തുടരും. 


അറബ് രാജ്യങ്ങളിലെ കൃഷിയിടങ്ങളെയും ഉൽപാദനത്തെയും കൊറോണ പ്രതികൂലമായി ബാധിച്ചു. ഇതുമൂലം ഇറക്കുമതി കുറഞ്ഞു. ചിലി, ദക്ഷിണാഫ്രിക്ക, അർജന്റീന പോലുള്ള വിദൂര രാജ്യങ്ങളിൽനിന്ന് ഇറക്കുമതി നടത്തുക ദുഷ്‌കരവുമാണ്. ഇതാണ് പ്രാദേശിക വിപണിയിൽ ഓറഞ്ച് വില 70 ശതമാനത്തിലേറെ വർധിക്കാൻ ഇടയാക്കിയത്. നിലവിൽ 15 കിലോ തൂക്കമുള്ള ഒരു കാർട്ടൺ ഓറഞ്ചിന് 110 റിയാൽ മുതൽ 120 റിയാൽ വരെയാണ് വില. കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് ഒരു കാർട്ടൺ ഓറഞ്ചിന് 70 റിയാലായിരുന്നു വില. 


സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓറഞ്ചിൽ 95 ശതമാനവും ഈജിപ്ത്, ജോർദാൻ, സിറിയ, ലബനോൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. വേനൽക്കാലത്ത് ഈ രാജ്യങ്ങളിൽ നിന്നുള്ള ഓറഞ്ച് ഇറക്കുമതി വലിയ തോതിൽ കുറയുന്നത് പതിവാണ്. മുൻ വർഷങ്ങളിൽ ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്തിരുന്നു. 
മുൻ വർഷങ്ങളിൽ വേനൽക്കാലത്ത് ഓറഞ്ച് ഇറക്കുമതിയിൽ 30 ശതമാനം അറബ് രാജ്യങ്ങളിൽ നിന്നും 70 ശതമാനം ദക്ഷിണാഫ്രിക്കയിൽ നിന്നും ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമായിരുന്നു. ഈജിപ്ത് അടക്കമുള്ള അറബ് രാജ്യങ്ങളിൽ വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതു വരെ നിലവിലെ ഉയർന്ന വില തുടരുമെന്നാണ് കരുതുന്നത്. സൗദിയിലേക്കുള്ള ഓറഞ്ച് ഇറക്കുമതിയുടെ 50 ശതമാനത്തോളം ഈജിപ്തിൽ നിന്നാണ്. 


പ്രാദേശിക വിപണിയിൽ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വിലക്കയറ്റത്തിൽ ചില വൻകിട സൂപ്പർ മാർക്കറ്റുകൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും പങ്കുണ്ട്. ചില സ്ഥാപനങ്ങൾ 100 ശതമാനത്തിലേറെയാണ് ലാഭമെടുക്കുന്നത്. എട്ടു കിലോ തൂക്കമുള്ള ഒരു കാർട്ടൺ തക്കാളി മൊത്ത വ്യാപാര വിപണിയിൽ വിൽക്കുന്നത് 15 റിയാലിനാണ്. എന്നാൽ ചില സൂപ്പർമാർക്കറ്റുകൾ ഇവ 48 റിയാലിന് വരെയാണ് വിൽക്കുന്നത്. മൂല്യവർധിത നികുതി 15 ശതമാനമായി ഉയർത്തിയിട്ടുണ്ടെങ്കിലും സൂപ്പർ മാർക്കറ്റുകളിലെയും മറ്റും വിലക്കയറ്റം ന്യായീകരിക്കാൻ കഴിയില്ല. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും കുടുംബങ്ങൾ സെൻട്രൽ പച്ചക്കറി മാർക്കറ്റിനെ നേരിട്ട് ആശ്രയിക്കുന്നതാണ് നല്ലതെന്നും എൻജിനീയർ മുഅ്തസിം അബൂസിനാദ പറയന്നു.  


 

Tags

Latest News