Sorry, you need to enable JavaScript to visit this website.

ഓർക്കാം, പേരറിവാളനേയും മഅ്ദനിയേയും

ഇന്ത്യയിൽ നിലനിൽക്കുന്നത് ഫാസിസമാണോ എന്ന ചർച്ച പല തലങ്ങളിലും ഇപ്പോഴും നടക്കുന്നുണ്ട്. അതിന്റെ ഉത്തരം എന്തായാലും എതിർ ശബ്ദങ്ങളെ നിയമവിരുദ്ധമായി അടിച്ചമർത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ജെ.എൻ.യുവിലെ മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ ഒരിക്കൽ കൂടി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്ന സംഭവം. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവുമടക്കം നിരവധി പേരെ ദൽഹി കലാപത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു. ഭീമ കൊെറഗാവ് സംഭവവും പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചിന്തകരേയും എഴുത്തുകാരേയും സാമൂഹ്യ പ്രവർത്തകരേയുമെല്ലാം തുറുങ്കിലടച്ചിരിക്കുന്നു. ഫാസിസത്തെ കുറിച്ചുള്ള ചർച്ചകളല്ല, ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും നിലനിർത്താനുള്ള പോരാട്ടമാണ് ഇന്നു രാജ്യം നേരിടുന്നതെന്നു സാരം.
ഈയൊരു സാഹചര്യത്തിൽ പോലും രാജ്യത്തു നടക്കുന്ന എത്രയോ അനീതികൾ നാം മറക്കുന്നു. എത്രയോ നിരപരാധികൾ - അവരിൽ ഭൂരിപക്ഷവും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ - പതിറ്റാണ്ടുകളായി എല്ലാ സ്വാഭാവികനീതിയും നിഷേധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നു. പൊതുസമൂഹം അവരെയെല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിൽ പോലും സ്വാഭാവിക നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ടു പോലും യാതൊരു പ്രതിഷേധവും ഉയരുന്നില്ല എന്നത് ഭീതിദമാണ്. 
ഈ സാഹചര്യത്തിൽ വരുംകാലത്തെ കുറിച്ച് പ്രതീക്ഷ പുലർത്തുന്നതു തന്നെ അർത്ഥശൂന്യമായി കരുതുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാവും? ഏറെ ചർച്ച ചെയ്യപ്പെട്ട, എന്നാലിന്നു ഏറെക്കുറെ എല്ലാവരും മറന്ന രണ്ടുപേരെ മാത്രം ഇവിടെ പരാമർശിക്കാം. ഒന്ന് ജയിലിൽ 30 വർഷം തികച്ച, രാജീവ് വധക്കേസിലെ പ്രതി പേരറിവാളൻ. രണ്ട് ജയിലിൽ 20 വർഷം തികച്ച അബ്ദുന്നാസർ മഅ്ദനി. ഇവരുടെ മനുഷ്യാവകാശത്തിനായി സംസാരിക്കാത്ത ഒരു സമൂഹത്തിന്റെ ജനാധിപത്യ ബോധത്തിൽ എങ്ങനെയാണ് പ്രതീക്ഷ വെച്ചുപുലർത്താനാവുക?
രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ട പേരറിവാളൻ വധശിക്ഷക്ക് വിധിക്കപ്പെടാൻ കാരണം താൻ മൊഴി തിരുത്തിയതാണെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തി എത്രയോ വർഷങ്ങളായി. സംഭവം നടക്കുമ്പോൾ 19 വയസ്സായിരുന്ന പേരറിവാളൻ ഇപ്പോൾ 50 ലേക്ക് കടക്കുകയാണ്. കൗമാരവും യൗവനവും ഏറെക്കുറെ തടവറയിൽ ചെലവഴിച്ചുകഴിഞ്ഞു. തന്റെ മകൻ നിരപരാധിയാണെന്ന് പേരറിവാളന്റെ അമ്മ കണ്ണീരൊഴുക്കി പറയാത്ത സ്ഥലങ്ങളില്ല. അവർ നിവേദനം കൊടുക്കാത്തയിടങ്ങളുമില്ല. എന്നാൽ സുപ്രീം കോടതി ഒരിക്കൽ നിരീക്ഷിച്ച പോലെ രാജ്യത്തിന്റെ 'പൊതുമനസ്സ്' പേരറിവാളന് എതിരാണ്. എഴുത്തുകാരൻ ആനന്ദ് എഴുതിയ പോലെ തൂക്കുകയറിനു  പാകമായ തലയാണ് നാം അന്വേഷിക്കുന്നത്. 
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിച്ച ബാറ്ററികൾ കേസിലെ മുഖ്യ പ്രതി ശിവരശന് നൽകിയത് താനാണെന്നാണ് പേരറിവാളന്റേതായി കുറ്റപത്രത്തിലുള്ള മൊഴി. ശിവരശൻ ബാറ്ററികൾ ബോംബ് നിർമാണത്തിന് ഉപയോഗിച്ചതായി അറിയാമെന്നും മൊഴിയിലുണ്ട്. കുറ്റപത്രത്തിലെ ഈ കൂട്ടിച്ചേർത്ത ഭാഗം നിർണായക തെളിവായി കണക്കാക്കിയാണ് കോടതി പേരറിവാളന് ശിക്ഷ വിധിച്ചത്. എന്നാൽ ബാറ്ററി ശിവരശന് നൽകി എന്ന് മാത്രമാണ് പേരറിവളൻ പറഞ്ഞിരുന്നത്. അത് ബോംബ് നിർമാണത്തിന് ഉപയോഗിച്ചു എന്ന് അറിയാം എന്ന് താൻ കൂട്ടിച്ചേർക്കുകയായിരുന്നെന്നാണ് എസ്.പി ത്യാഗരാജൻ പിന്നീട്  വെളിപ്പെടുത്തിയത്. കൊലപാതകം നടക്കുമെന്ന് പേരറിവാളന് അറിയാമായിരുന്നില്ല. 
കേസിന് ബലം നൽകാൻ വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നും ത്യാഗരാജൻ പറഞ്ഞു. ബെൽറ്റ് ബോംബ് യോജിപ്പിച്ചയാളാരെന്നുള്ള വിഷമ പ്രശ്‌നം സി.ബി.ഐക്ക് പരിഹരിക്കാൻ ഒരു കണ്ണി വേണമായിരുന്നു. ആ കണ്ണിക്കു വേണ്ടിയായിരുന്നു പേരറിവാളനെ കുടുക്കിയത്. ചുരുക്കത്തിൽ ഒരാൾക്ക് ബാറ്ററി വാങ്ങിക്കൊടുത്തതിനാണ് പേരറിവാളിന് വധശിക്ഷ വിധിച്ചത്. അതിനാണ് 30 വർഷം അയാൾ ജയിലിൽ കിടന്നത്. എന്തു പ്രായശ്ചിത്തമാണ് നമ്മുടെ നീതിന്യായ സംവിധാനത്തിന് ഇനി ചെയ്യാൻ കഴിയുക? ഏറ്റവും ചുരുങ്ങിയത് പേരറിവാളനെ വിട്ടയക്കുക എന്നതാണത്. എന്നാലതിനു പോലും ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് ഉദ്‌ഘോഷിക്കുന്ന നമ്മുടെ നീതിന്യായ സംവിധാനം തയാറല്ല.  'എന്റെ യൗവനം കവർന്ന ലോകനീതിയെ ഞാൻ സംശയിക്കുന്നു' എന്ന പേരറിവാളന്റെ ചോദ്യം നീതിയെക്കുറിച്ചുള്ള കാലത്തിന്റെ ചോദ്യമായി മാറുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ധ്വംസനം നേരിട്ട വ്യക്തി ആരെന്നു ചോദിച്ചാൽ മറുപടി അബ്ദുന്നാസർ മഅ്ദനി എന്നായിരിക്കും ഉത്തരം. കോയമ്പത്തൂർ സ്‌ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് പത്തിൽപരം വർഷം ജയിലിൽ കിടന്ന് നിരപരാധിയെന്നു തെളിയിച്ചു പുറത്തു വരിക, അധികം താമസിയാതെ ബാംഗ്ലൂർ സ്‌ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിലാകുക. സ്വാഭാവികമായും ലഭിക്കേണ്ട ജാമ്യം പോലും നിരന്തരമായി നിഷധിക്കപ്പെടുക, രോഗിയായിട്ടും വിദഗ്ധ ചികിത്സ നിഷധിക്കപ്പെടുക. സമാനതകളില്ലാത്ത പീഡനങ്ങളുടെ ചരിത്രമാണ് മഅ്ദനിയുടെ ജീവിതം. ഇപ്പോഴിതാ ബാഗ്ലൂരിലെ തടവു ജീവിതവും 10 വർഷം പിന്നിട്ടിരിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും സുന്ദരമാകേണ്ട യൗവനത്തിന്റെ ഭൂരിഭാഗവും തടവറയിൽ.  അതിനുള്ള യഥാർത്ഥ കാരണമാകട്ടെ, മുസ്‌ലിം സമൂഹത്തിൽ നിന്നും പാവപ്പെട്ടവരുടെ ഒരു പ്രസ്ഥാനം രൂപീകരിക്കാൻ ശ്രമിച്ചതും രാജ്യത്ത് ശക്തിപ്പെടുന്ന സവർണ ഫാസിസത്തിനെതിരെ ദളിത് - പിന്നോക്ക - ആദിവാസി - ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചതും. സവർണ ഫാസിസം പിന്നീട് ശക്തിപ്പെട്ടതും നിരവധി പ്രസ്ഥാനങ്ങളും നേതാക്കളും ഈ മുദ്രാവാക്യം ഇപ്പോൾ മുന്നോട്ടു വെക്കുന്നു എന്നതും മറ്റൊരു ചരിത്രം. 
ബാബ്‌രി മസ്ജിദ് പ്രശ്‌നം കത്തി നിൽക്കുമ്പോൾ, 1990 ൽ ആർ.എസ്.എസിന്റെ മാതൃകയിൽ ഇസ്ലാമിക് സേവക് സംഘ് ഐ.എസ്.എസ് രൂപവത്കരിച്ചതാണ് മഅ്ദനിയുടെ ദുരന്തങ്ങൾക്ക് കാരണമായത്.  കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ വർഗീയ വികാരങ്ങൾ ഇളക്കി വിടുന്നതാണെന്ന് വ്യാപകമായി ആരോപണമുയർന്നു. 1992 ഓഗസ്റ്റ് 6 ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാൽ നഷ്ടമാവുകയും ചെയ്തു. ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐ.എസ്.എസ് നിരോധിക്കുകയും മഅ്ദനി അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് പഴയ നിലപാട് ഉപേക്ഷിച്ച് ഐ.എസ്.എസ് പിരിച്ചുവിട്ട മഅ്ദനി  പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയ കക്ഷിക്ക് രൂപം നൽകി. അവർണന് അധികാരം, പീഡിതർക്ക് മോചനം  എന്നായിരുന്നു പി.ഡി.പിയുടെ അടിസ്ഥാന  മുദ്രാവാക്യം. എന്നാൽ മഅ്ദനി ഉപേക്ഷിക്കുകയും മാപ്പു ചോദിക്കുകയും ചെയ്‌തെങ്കിലും ഭരണകൂടം അതുപേക്ഷിച്ചില്ല. കാരണം അവർണന് അധികാരം എന്നതായിരുന്നു അവരെ കൂടുതൽ ഭയപ്പെടുത്തിയത്. മഅ്ദനിയെ ഈയവസ്ഥയിലെത്തിച്ചതിൽ കേരളത്തിലെ എല്ലാ പാർട്ടികളും തങ്ങളുടെ പങ്കു വഹിച്ചിട്ടുണ്ട്. 
ബാംഗ്ലൂർ സ്‌ഫോടന കേസിലാകട്ടെ, ആദ്യ 2 കുറ്റപത്രത്തിലും ഇല്ലാതിരുന്ന ???ദനിയെ പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. 24 മണിക്കൂർ പോലീസ് കാവലിലുള്ള ആൾ കുടകിൽ പോയി ക്യാമ്പ് നടത്തി എന്നാണ് പോലീസ് ഭാഷ്യം. 10 വർഷമായിട്ടും കൃത്യമായ ഒരു തെളിവുമില്ലാത്ത  കേസിന്റെ വിചാരണ വലിച്ചുനീട്ടുകയാണ്. അക്കാര്യത്തിൽ സുപ്രീം കോടതി പോലും  അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. മഅ്ദനിയാകട്ടെ, ഒരുപാട് രോഗങ്ങൾക്ക് അടിമയുമാണ്.   കടുത്ത പ്രമേഹ രോഗത്താൽ കാഴ്ച ശക്തി പോലും ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയാണ്. കോയമ്പത്തൂരിലെ പോലെ നിരപരാധിയാണെന്നു കണ്ട് മഅ്ദനിയെ വിട്ടയക്കുമെന്ന് എല്ലാവർക്കും ഏറെക്കുറെ ഉറപ്പാണ്. 
ഒരിക്കലും പൊതുജീവിതത്തിലേക്കുള്ള മഅ്ദനിയുടെ തിരിച്ചുവരവ് തടയുക എന്നതാണ് ഈ കാലതാമസത്തിന്റെ   ലക്ഷ്യമെന്ന് വ്യക്തം. എന്നിട്ടും രാഷ്ട്രീയ - മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ കാര്യമായി ഇക്കാര്യത്തിൽ ഇടപെടുന്നില്ലി എന്നതാണ് ഏറ്റവും പ്രധാനം. 
ഇത്തരമൊരു സാഹചര്യത്തിലാണ് പൂർവാധികം കരുത്തരായ വർഗീയ ഫാസിസ്റ്റുകൾ അവരുടെ താണ്ഡവം തുടരുന്നത് എന്നതാണ് പ്രധാനം. എന്നാൽ തങ്ങളെ ബാധിക്കുമ്പോൾ മാത്രം പ്രതികരിക്കുന്ന സമീപനമാണ് പ്രധാന പ്രസ്ഥാനങ്ങൾ തുടരുന്നത്. അതാണ് ഫാസിസം ആഗ്രഹിക്കുന്നതും.  

Latest News