Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ രാഷ്ട്രീയത്തിന് അഗ്നിവേശ് ഫോർമുല

തനിക്ക് അറിയാവുന്നവരിൽവെച്ച് ഏറ്റവും ധീരനായിരുന്നു സ്വാമി അഗ്‌നിവേശ് എന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞത് 100% ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. ജയപ്രകാശ്, വി.പി. സിംഗ്, ചരൺ സിംഗ്, ചന്ദ്രശേഖർ, ജോർജ് ഫെർണാണ്ടസ്, ഐ.കെ. ഗുജ്‌റാൾ, വാജ്പേയി മുതലായ നേതാക്കൾക്കിടയിൽ സർവസ്വീകാര്യനായ രാഷ്ട്രീയക്കാരനായിരുന്നു സ്വാമി. കാഷായ വേഷം ധരിച്ചും ധരിക്കാതെയും പല സ്വാമികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ പണ്ടും ഇപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ ആർഷഭാരത സംസ്‌കൃതിയും വേദങ്ങളും മുന്നോട്ട് വെക്കുന്ന, വേദങ്ങളെ സോഷ്യലിസവുമായി കൂട്ടിക്കെട്ടുന്ന ആശയം സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ചുവടുവെപ്പായിരുന്നു. അതിന് കാരണമായതാവട്ടെ, ഹിന്ദുമതത്തിലെ തന്നെ ആദ്യ പരിഷ്‌കരണ പ്രസ്ഥാനമായ ആര്യസമാജവും.
 ''ഇദം ന മമ:'' (ഇത് എന്റേതല്ല) എന്ന ജീവിത ചര്യയാണ് പ്രപഞ്ച പുരുഷന്റെ ഭരണയജ്ഞം എന്ന തിരിച്ചറിവാണ് നാടു ഭരിക്കാതെ വയ്യെന്ന് ഓടി നടക്കുന്നവർ നേർമനസ്സോടെ പഠിക്കേണ്ടതെന്നും ഭോഗമല്ല ത്യാഗമാണ് ഭരണമെന്നും അദ്ദേഹം സ്വജീവിതത്തിലൂടെ ഇന്ത്യയെ പഠിപ്പിച്ചു. 'ഞാൻ ആര്?' എന്ന ചോദ്യത്തിന്റെ അനന്തയാത്ര ഭാരതീയ പൈതൃകത്തിന്റെ ശ്രീകോവിലാണ്. ഒരു വേദാന്തിയായിരിക്കേ തന്നെ തനിക്കൊരു സ്വതന്ത്ര മനുഷ്യനാകാൻ കഴിയുമെന്നും സ്വാതന്ത്ര്യമെന്നത് സാമൂഹിക നീതിയുടെയും സാമ്പത്തിക പുരോഗതിയുടെയും സ്വകാര്യ സ്വത്തിൽ നിന്നുള്ള വിടുതലിന്റെയും പേരാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. താൻ ഹിന്ദുവിസത്തിനോ ഇസ്‌ലാമിനോ ക്രിസ്ത്യാനിറ്റിക്കോ തന്നെ വിട്ടുകൊടുത്തിട്ടില്ലെന്നും താനൊരു സന്ന്യാസിയും വിശ്വ പൗരനുമാണെന്നും ഉറക്കെപ്പറഞ്ഞു. ഭക്തിക്ക് ലക്ഷ്യവും മാർഗവും ഉണ്ടെന്നും  ഭക്തിയുടെ സാന്ദ്രാനുഭൂതിയെ സാക്ഷാത്കരിക്കുകയെന്നത് പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുക വഴിയാണ് സാധ്യമാകുകയെന്നും വേദിക് സോഷ്യലിസത്തിലൂടെ അദ്ദേഹം ഉദ്‌ഘോഷിച്ചു.
 ആര്യസമാജത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ സാമൂഹിക അനീതിയുടെ കാലിക വിഷയങ്ങൾ കൂട്ടിച്ചേർക്കുകയും പത്തൊൻപതാം നൂറ്റാണ്ടിന്റേതിൽനിന്ന് വിഭിന്നമായി ഇന്ത്യയെന്ന ജനാധിപത്യ രാജ്യം തുറിച്ചുനോക്കുന്ന പട്ടിണിയും മദ്യവും സ്ത്രീ പീഡനവും കുത്തകകളുടെ കീശയിൽ മുങ്ങിപ്പോയ ജനാധിപത്യവും അഗ്‌നിവേശിൽ ആന്ദോളനങ്ങളുണ്ടാക്കി. ആര്യസമാജം തുടക്കം മുതൽ ശ്രദ്ധയൂന്നിയിരുന്നത് അയിത്തോച്ചാടനത്തിനും വിധവാ സംരക്ഷണത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീ വോട്ടവകാശത്തിനും  വേണ്ടിയായിരുന്നു. സമാജം വിജയിച്ചിരുന്നെങ്കിൽ സാമൂഹിക അസമത്വം ഇന്ത്യയിൽ തുടച്ചുനീക്കപ്പെടുമായിരുന്നു.
 ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ രണ്ടു തട്ടിൽ നിർത്തുന്ന, ഹിന്ദുവിന്റെ പേരിൽ ഫാസിസം നടപ്പിലാക്കുന്ന ബിജെപിയുടെ രാഷ്ട്രീയത്തെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഫാസിസം കോർപറേറ്റുകളുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുക. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഖനി മേഖലയിൽ നടക്കുന്ന ആദിവാസി പ്രക്ഷോഭങ്ങൾ അഗ്‌നിവേശിൽ അഗ്‌നിസ്ഫുലിംഗങ്ങൾ തീർത്തു. അദ്ദേഹത്തിന്റെ കർമോത്സുകതയുടെ പ്രോജ്വലനം ജനലക്ഷങ്ങൾക്ക് പ്രചോദനമേകി. ഈ മഹാമനീഷിയെ വെറുതെ വിട്ടാൽ തങ്ങളുടെ ലക്ഷ്യങ്ങൾക്കത് വിഘ്‌നമാകുമെന്ന് കണ്ട് കൽത്തുറുങ്കുകളിലടച്ചു. പതിനൊന്ന് പ്രാവശ്യം അദ്ദേഹം ജയിലഴിക്കുള്ളിലായി.
 ഇന്ത്യ സ്വതന്ത്രമായ ശേഷവും ജനങ്ങൾ അടിമകളെപ്പോലെ ജീവിക്കുന്നുവെന്ന യാഥാർഥ്യം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പാപ്പരത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഈ തിരിച്ചറിവ് അദ്ദേഹത്തെ  ആകുലനാക്കിയിരുന്നു. അതുകൊണ്ടാണ് അധികാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ കാഷായ വസ്ത്രത്തെ കൂട്ടുപിടിച്ചതും. ഗാന്ധിജി മുന്നോട്ട് വെച്ച രാമരാജ്യത്തിന്റെ പ്രായോഗിക നിലപാടാണ് അഗ്‌നിവേശിൽ കാണാൻ കഴിയുക.
 ഈയടിസ്ഥാന വിഷയങ്ങളാണ് 'വ്യവസ്ഥാ പരിവർത്തൻ' എന്ന ലക്ഷ്യമാക്കി മുന്നേറുന്നതിന് പ്രചോദനമായതും. ഇന്ത്യ അടിസ്ഥാനപരമായി സ്വാതന്ത്രമല്ല. കിഴക്കൻ പ്രവിശ്യകളിലെ ആദിവാസികളെ കുടിയൊഴിപ്പിച്ചുകൊണ്ട് ഖനി മാഫിയകൾക്ക് ആയിരക്കണക്കിന് ഹെക്ടർ ഭൂമി പതിച്ചുനൽകാൻ തുനിഞ്ഞപ്പോഴാണ് അദ്ദേഹം ജാർഖണ്ഡിൽ പോയത്. പിറ്റേ വർഷം ഈ അമർഷമാകാം ബിജെപിയെ ജാർഖണ്ഡിൽ നിന്നും കെട്ടുകെട്ടിച്ചത്. പരിസ്ഥിതി ആഘാത മൂല്യനിർണയ വിജ്ഞാപനം ഈ കോവിഡ് കാലത്ത് കേന്ദ്രം കൊണ്ടുവന്ന കരിനിയമമാണ്. നിയമപരമായി ഇനി ഇത്തരം പ്രക്ഷോഭങ്ങൾക്ക് പോലും സാധ്യമല്ലാത്ത വിധം ഇന്ത്യയുടെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കാൻ ഈ വിജ്ഞാപനം വഴി സാധിക്കും. പക്ഷേ, ഇന്നുവരെ ഇത്തരം അടിസ്ഥാന വിഷയങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അജണ്ടയിൽ ഉൾപ്പെട്ടിട്ടില്ലെന്നത് ഏറെ ദുഃഖകരമാണ്.
 1977 ലെ രാഷ്ട്രീയ പരീക്ഷണം പരാജയമായതോടെ രാഷ്ട്രീയത്തിലൂടെ പരിവർത്തനമെന്ന പ്രതീക്ഷ അദ്ദേഹത്തിന് നഷ്ടമായിരുന്നു. 1977 ലെ ഹരിയാന ഭജൻലാൽ മന്ത്രിസഭയിൽ അദ്ദേഹം കുറച്ചുകാലം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പക്ഷേ, രാഷ്ട്രീയക്കളിക്കുണ്ടിൽ ആ താമരക്ക് സ്ഥാനമില്ലായിരുന്നു. കരാർ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ബന്ധുവ മുക്തി മോർച്ചയുണ്ടാക്കി സാമൂഹിക രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു.
 പിന്നീട് ഇന്ത്യ കണ്ട എല്ലാ രാഷ്ട്രീയ-സാമൂഹിക-മത വ്യതിചലനങ്ങളിലും നേതൃത്വപരമായ പങ്ക് വഹിക്കുന്നതിൽ അഗ്‌നിവേശ് മുന്നിലുണ്ടായിരുന്നു. തെന്നിന്ത്യയിൽ ജനിച്ച് മധ്യേന്ത്യയിൽ പഠിച്ച് പശ്ചിമേന്ത്യയിൽ നിന്ന് ആദർശമുൾക്കൊണ്ട് കിഴക്ക് അധഃസ്ഥിതർക്കൊപ്പം പോരാടി യഥാർത്ഥ ഇന്ത്യക്കാരനായി. കശ്മീരിലെ കാലുഷ്യങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങി. 45 മുസ്‌ലിം യുവാക്കളെ കുരുതിക്കിരയാക്കിയ 1989 ലെ മീററ്റ് കലാപത്തിൽ സർവമത യാത്ര നടത്തി ശാന്തിയുണ്ടാക്കി, 1999 ൽ ഒഡിഷയിൽ ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്െറ്റയിൻസിനെയും പിഞ്ചുമക്കളെയും ബജ്രംഗ്ദൾ  ചുട്ടുകൊന്നപ്പോൾ 55 മതനേതാക്കളെ കൂട്ടി മതം സമൂഹ നന്മക്ക് എന്നൊരു പ്രസ്ഥാനമുണ്ടാക്കി. 2002 ലെ ഗുജറാത്ത് വംശഹത്യ നടന്നപ്പോൾ വർഗീയതക്കെതിരെ ആധ്യാത്മ ജാഗരൺ മഞ്ച് രൂപീകരിച്ചു, 2011 ൽ ദൽഹിയിൽ നടന്ന അഴിമതി വിരുദ്ധ മരത്തിൽ അണ്ണാ ഹസാരെയോടൊപ്പം സജീവമായി പങ്കെടുത്തു.  പെൺശിശു ഭ്രൂണഹത്യക്ക് എതിരായ പ്രചാരണവുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു.
 ഫലസ്തീൻ വിഷയത്തിൽ നീതിക്കു വേണ്ടിയുള്ള സമരങ്ങളിലെ മുന്നണിപ്പോരാളിയുമൊക്കെയായി അന്താരാഷ്ട്ര വേദികളിൽ നിറസാന്നിധ്യമായിരുന്നു സ്വാമി. അദ്ദേഹം പറയാറുള്ളപോലെ, യഥാർത്ഥ വിശ്വ പൗരൻ എന്ന വാക്കിന്റെ പര്യായമായിരുന്നു സ്വാമി അഗ്‌നിവേശ്.
 പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് അദ്ദേഹം സ്വീകരിച്ച നിലപാട് എതിർപ്പ് സൃഷ്ടിച്ചിരുന്നു.  2008 ൽ സ്വാമി അഗ്‌നിവേശിന്റെ നിലപാടുകളോട് വിയോജിപ്പ് പുലർത്തിയ ആര്യസമാജ് അദ്ദേഹത്തെ പുറത്താക്കി. എങ്കിലും സന്ന്യാസ ജീവിതം ഉപേക്ഷിക്കാൻ അദ്ദേഹം തയാറായില്ല. ഇന്നത്തെ ഘർവാപസി പോലൊരു രാഷ്ട്രീയ അജണ്ടയിലേക്ക് പണ്ടും ആര്യസമാജം കൂപ്പുകുത്തിയിരുന്നു. 1926 ൽ കൊല്ലപ്പെട്ട ശ്രദ്ധാനന്തയുടെ ശുദ്ധി പ്രസ്ഥാനമാണ് അന്ന് അതിന് നേതൃത്വം കൊടുത്തിരുന്നത്. ഹിന്ദു മുസ്‌ലിം ഭായി ഭായി എന്ന 1916-20 കളുടെ നല്ല നാളെ അവസാനിക്കുന്നതിൽ ശുദ്ധിപ്രസ്ഥാനത്തിന് പങ്കുണ്ടായിരുന്നു.
 2007 ൽ സ്ത്രീകളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയിൽ ആദ്യമായി ഒരു സർവമത പാർലമെന്ററിനു രൂപം നൽകി. ഏഴ് അടിസ്ഥാന വിപത്തുകളായി സ്വാമി എണ്ണിയ ജാതീയതയും വിവേചനവും, സ്ത്രീകൾക്കെതിരായ അനീതിയും അക്രമവും, തീവ്രവാദം, പിടിവാശിയും വർഗീയതയും, മയക്കുമരുന്ന്, മദ്യപാനം, ദാരിദ്ര്യവും ചൂഷണവും, അഴിമതി എന്നിവ തുടച്ചുനീക്കാനായി രൂപം നൽകിയതാണിത്.
നൊബേൽ സമ്മാനത്തിന് പകരമെന്ന് വിളിക്കപ്പെടാറുള്ള റൈറ്റ് ലിവ്‌ലിഹുഡ് അവാർഡ് 2004 ൽ അദ്ദേഹത്തെ തേടിയെത്തിയത് ദക്ഷിണേഷ്യയിൽ നിരവധി വർഷങ്ങളായി മതപരവും സാമുദായികവുമായ സഹവർത്തിത്വം, സഹിഷ്ണുത, പരസ്പര ധാരണ എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ചതിനുള്ള അംഗീകാരമെന്ന നിലക്കാണ്. ആന്റി സ്ലേവറി പുരസ്‌കാരം-ലണ്ടൻ ഫ്രീഡം ആന്റ് റൈറ്റ്‌സ് അവാർഡ്-സ്വിറ്റ്‌സർലന്റ്, രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം, ദൽഹി, എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് പുരസ്‌കാരം തുടങ്ങിയവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 
 പൗരത്വ പ്രക്ഷോഭകരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നു പ്രധാനമന്ത്രി തന്നെ പറഞ്ഞപ്പോൾ കാഷായ വസ്ത്രത്തിന് പകരം തൊപ്പിയണിഞ്ഞ് പ്രഭാഷണം നടത്തി വ്യവസ്ഥിതിയെ വെല്ലുവിളിച്ച സ്വാമി അഗ്‌നിവേശിന്റെ ജീവിത നാൾവഴികൾ മനുഷ്യ നന്മയുടെ തീജ്വാലകളായി നാളെയുടെ ചരിത്രത്തിൽ അലയടിക്കും. ഇന്ത്യയുടെ രോഗത്തിന് പ്രതിവിധിയായി അഗ്‌നിവേശിനെപ്പോലെയുള്ള ശതക്കണക്കിന് മഹാമനീഷിമാർക്ക് ഇന്ത്യ ജന്മം നൽകേണ്ടിയിരിക്കുന്നു. എങ്കിലേ ഗാന്ധിജിയിലും അഗ്‌നിവേശിലും ആവാഹിച്ച ഒരു വിശ്വ രാഷ്ട്രം ഇവിടെ പിറവിയെടുക്കൂ.


 

Latest News