കോവിഡ് പിഴ ഉയര്‍ത്തി യു.എ.ഇ

ദുബായ്- കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി വിവിധ പിഴകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചു. മുഖം നോക്കാതെ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പിഴകള്‍ ഇങ്ങനെയാണ്:

-വൈറസ് ബാധിച്ച വ്യക്തി ചികിത്സക്ക് വിസമ്മതിച്ചാല്‍ 50,000 ദിര്‍ഹം
-ക്വാറന്റീന്‍ ലംഘിച്ചാലും 50,000 ദിര്‍ഹം

-തിയേറ്റര്‍, സ്‌പോര്‍ട്‌സ് സംവിധാങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ബീച്ച്, ഷോപ്പിംഗ് മാള്‍, റസ്റ്റോറന്റ്, കഫെ, പാര്‍ക്ക്, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും 5000 ദിര്‍ഹം.
-മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, പൊതുഗതാഗതം എന്നിവയില്‍ കയറിയാല്‍ 3,000 ദിര്‍ഹം
-ആള്‍ക്കൂട്ടത്തിനിടയിലൂടെ മാസ്‌കില്ലാതെ നടന്നാലും 3000 ദിര്‍ഹം
-സ്വകാര്യ വാഹനങ്ങളില്‍ രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ മാസ്‌കില്ലാതെ സഞ്ചരിച്ചാല്‍ 3,000 ദിര്‍ഹം
-സ്ഥാപനങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കാതിരുന്നാല്‍ 20,000 ദിര്‍ഹം
-രോഗികളുടെ വിവരങ്ങള്‍ കൈമാറുകയോ വിവരം നശിപ്പിക്കുകയോ ചെയ്യല്‍, അധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാത്ത ലാബുകള്‍, സ്മാര്‍ട്ട് സര്‍വീസ് സേവനങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കല്‍ എന്നിവര്‍ക്കും 20,000 ദിര്‍ഹം
-ആളുകള്‍ തടിച്ചു കൂടുന്ന പരിപാടിക്ക് സംഘാടകരില്‍നിന്ന് 10,000 ദിര്‍ഹമും പങ്കെടുക്കുന്നവരില്‍ നിന്ന് 5,000 ദിര്‍ഹമും പിഴയീടാക്കും.
-യാത്രാ നിരോധമുള്ള എമിറേറ്റുകളിലേക്ക് ആളുകളെ അനധികൃതമായി കടത്തല്‍, ഹോം ക്വാറന്റൈനിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും 10,000 ദിര്‍ഹം
-തൊഴിലിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 500 ദിര്‍ഹം. സ്ഥാപനയുടമക്ക് 5,000 ദിര്‍ഹം
പരിധിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ കയറ്റുന്ന സ്ഥാപനങ്ങള്‍ക്കും 5,000 ദിര്‍ഹം
-മുന്‍കരുതല്‍ നിര്‍ദേശം പാലിക്കാതെ തൊഴിലാളികളെ കൊണ്ടുപോകല്‍, വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റല്‍, വിദേശരാഷ്ട്രങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി രോഗപ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കല്‍, സ്ഥാപനങ്ങളില്‍ കൃത്യമായി അണുനശീകരണം നടത്താതിരിക്കല്‍ തുടങ്ങിയ കൃത്യവിലോപങ്ങള്‍ക്കും 5,000 ദിര്‍ഹം
- ജോലി സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ശുചിത്വം പാലിക്കാതിരുന്നാല്‍ 1,000 ദിര്‍ഹം

കോവിഡ് പരിശോധനക്കായുള്ള പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 370ല്‍നിന്ന് 250 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വാങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

 

Latest News