കോഴിക്കോട്ടുകാരന്റെ ഗാനം ട്വിറ്ററില്‍ വൈറല്‍; പുതിയ മുഹമ്മദ് റഫി എത്തിയെന്ന് ആനന്ദ് മഹീന്ദ്ര 

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ സ്വരമാധുരിയുടെ തനിപ്പകര്‍പ്പായി കോഴിക്കോട്ടുകാരന്‍ യുവാവിന്റെ ആലാപനം ട്വിറ്ററില്‍ വൈറലായി. 'തേരി ആംഖോ കെ സിവാ ദുനിയാ മേ രഖാ ക്യാ ഹെ' എന്ന പ്രശസ്ത ഭാവഗാനം സൗരവ് കിഷന്‍ എന്ന കോഴിക്കോട്ടുകാരന്‍ പാടുന്ന വിഡിയോ ആണ് ട്വിറ്ററില്‍ കത്തിപ്പടര്‍ന്നത്. ജുദിഷ് രാജ്് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ മൂന്നു ദിവസം കൊണ്ട് 12 ലക്ഷത്തിലേറെ പേരാണ് കണ്ടത്. കൂടാതെ മറ്റുപലരും ഇതു പങ്കിടുകയും ചെയ്തു. സൗരവിനെ അഭിനന്ദിക്കാന്‍ വ്യവസായി ആനന്ദ് മഹീന്ദ്ര തൊട്ട് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വരെ രംഗത്തെത്തി. ഇരുവരും ഈ ക്ലിപ് റിട്വീറ്റ് ചെയ്യുകയും ചെയ്തു. 

പതിറ്റാണ്ടുകളായി പുതിയൊരു മുഹമ്മദ് റഫിക്കായി കാത്തിരിക്കുകയായിരുന്നു നാം. ഇനി കാത്തിരിക്കേണ്ടതില്ലെന്ന് തോന്നുന്നു. ഇതു കേട്ടിട്ട് അവസാനിപ്പിക്കാന്‍ കഴിയുന്നില്ല- എന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് കോഴിക്കോട് കളക്ടറായ കാലത്തെ ഓര്‍മകള്‍ക്കൊപ്പമാണ് സൗരവിനെ അഭിനന്ദിച്ചത്. കോഴിക്കോട് മുഴുവന്‍ റഫി ആരാധകരാണെന്നും മലബാര്‍ മഹോത്സവത്തിന്റെ കാലത്ത് ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ഗായകരെ ആസ്വദിക്കാന്‍ വന്നിട്ടുള്ളതെന്നും അമിതാഭ് കാന്ത് കുറിച്ചു.

Latest News