Sorry, you need to enable JavaScript to visit this website.

കാരുണ്യത്തിന്റെയും വിശ്വാസ്യതയുടെയും കരുത്തുമായി എം.വി.കെ ആന്റ് അസോസിയേറ്റ്‌സ്

എം.വി. കുഞ്ഞാമു 
എം.വി. കുഞ്ഞാമു റഷ്യ-ഇന്ത്യാ ചേംബറിന്റെ വാണിജ്യ മേഖലകളിലെ പ്രഗത്ഭമതികൾക്കുള്ള അവാർഡ് മോസ്‌കോയിൽവെച്ച് സ്വീകരിക്കുന്നു.


നീ വെറുമൊരു സർക്കാരുദ്യോഗത്തിൽ ഒതുങ്ങേണ്ടവനാണോ? സി.എച്ച് ചിരിച്ചുകൊണ്ടാണ് ചോദിച്ചതെങ്കിലും അത് പലതുമറിഞ്ഞുള്ള ഒരു ചോദ്യം തന്നെയായിരുന്നുവെന്ന് ഇപ്പോൾ അഞ്ചു പതിറ്റാണ്ടിലേക്ക് എത്തുന്ന തന്റെ പ്രവർത്തന രംഗത്തേക്ക് പിൻതിരിഞ്ഞുനോക്കുമ്പോൾ എം.വി. കുഞ്ഞാമു എന്ന പ്രിയപ്പെട്ടവരുടെ കുഞ്ഞാമുക്ക തിരിച്ചറിയുകയാണ്. മലബാറിലെ കൺസ്ട്രക്ഷൻ രംഗത്ത് വിശ്വാസ്യതയും വ്യതിരിക്തതയും കാത്തുസൂക്ഷിക്കുന്ന സ്ഥാപനമെന്നുള്ള നിലക്ക് ഇന്ന് കേരളക്കരയൊന്നാകെ അറിയപ്പെടുമ്പോൾ തന്റെ വഴി ഇതാണെന്ന് അന്ന് ആ മഹാമനുഷ്യൻ തിരിച്ചറിഞ്ഞത് എം.വി.കെ എന്റർപ്രൈസസിന്റെ സാരഥിയായ എം.വി. കുഞ്ഞാമു ആശ്ചര്യത്തോടുകൂടിയാണ് ഇപ്പോൾ ഓർത്തെടുക്കുന്നത്. 
പഠനശേഷം, 70 കളിലെ ഏതൊരു യുവാവിന്റെയും വലിയ സ്വപ്‌നങ്ങളിലൊന്നായ 'ഗവൺമെന്റുദ്യോഗം' എന്നത് സാധിച്ചെടുക്കുവാൻ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയുടെ അടുത്ത് ശിപാർശക്കായി എത്തിയപ്പോഴാണ് സി.എച്ച്. മുകളിൽ സൂചിപ്പിച്ചതുപോലെ ചോദ്യം കുഞ്ഞാമുവിനോട് തിരിച്ചുചോദിച്ചത്. 


എന്നാൽ സി.എച്ചും ഇ. അഹമ്മദും എൻ.കെ. ബാലകൃഷ്ണനും നാരായണകുറുപ്പും ശിപാർശ ചെയ്തിട്ടും കുഞ്ഞാമുവിന് ഗവൺമെന്റ് ജോലി ലഭിച്ചില്ല. അന്ന് ഏറെ വിഷമം തോന്നിയെങ്കിലും ഇപ്പോൾ അതിൽ ഇദ്ദേഹത്തിന് യാതൊരു ദുഃഖവുമില്ല. കാരണം അന്നത്തെ ശിപാർശയിൽ കെ.എസ്.ആർ.ടി.സിയിലോ, സിൽക്കിലോ, സ്റ്റീൽ കോംപ്ലക്‌സിലോ ഒരുജോലി കിട്ടിയിരുന്നെങ്കിൽ 10,000 മോ 20,000 മോ ശമ്പളംപറ്റുന്ന വിരമിക്കാൻ തയാറെടുക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും കുഞ്ഞാമു ഇന്ന് ഉണ്ടാകുക. എന്നാൽ  ഇന്ന് ഇത്രയും പൈസ ഒരാഴ്ചയിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്ന രീതിയിലേക്ക് ഇന്നദ്ദേഹം മാറിയിരിക്കുകയാണ്. ഇതിനെപ്പറ്റി ഇപ്പോൾ അറിയാവുന്നരെല്ലാം ചോദിക്കുമ്പോൾ 'എല്ലാംപടച്ചോന്റെ തലേവര' എന്നാണ് എം.വി. കുഞ്ഞാമുവിന് പറയാനുള്ളത്.

 


പെരുമണ്ണയിലെ സാധാരണക്കാരനായ മേത്തലവളപ്പിൽ പാറക്കോട്ട് അഹമ്മദിന്റെയും പാത്തേയി ഹജുമ്മയുടെയും അനേകം മക്കളിൽ ഒരാളായി വലിയ കുടുംബത്തിൽ ജനിച്ചുതുകൊണ്ടുതന്നെ വിശപ്പിന്റെയും പ്രയാസങ്ങളുടെയും എല്ലാവേദനയും കുഞ്ഞാമുവിനും ചെറുപ്പംമുതലെ നേരിട്ടനുഭവിച്ചറിയുവാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കവിപാടിയതുപോലെ എങ്ങു മനുഷ്യനു വേദന എന്നു കേട്ടാലുടനെ അതിലിടപ്പെടാൻ കുഞ്ഞാമുക്കാക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല. ഇതാണ് കുഞ്ഞാമുക്കയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്ന പ്രധാന ഘടകകങ്ങളിലൊന്ന്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗവൺമെന്റുദ്യോഗം കിട്ടാക്കനിയായതോടെയാണ് എം.വി. കുഞ്ഞാമു ഒരു ജോലി എന്നുള്ള നിലക്ക് കോൺട്രാക്ടറുടെ കുപ്പായമെടുത്തണിയുന്നത്. എല്ലാവരെയും പോലെ ഒന്ന് രണ്ട് ചെറിയ വീടുകളുടെ നിർമാണ പ്രവർത്തനത്തിലായിരുന്നു തുടക്കം. അതിനുശേഷമാണ് 1979 ൽ മാത്തറ സി.ഐ.ആർ സ്‌കൂളിന് ഒരു കെട്ടിടം നിർമിക്കുവാൻ പോകുന്നുവെന്ന വാർത്ത കുഞ്ഞാമുവിന്റെ ചെവിയിലും എത്തിയത്. അങ്ങനെ സി.ഐ.സി.എസ് സെക്രട്ടറിയെ കാണുന്നത്. 

 


കുഞ്ഞാമുവിന്റെ ചെറിയ പരിചയവും നാട്ടുകാരനാണെന്നുള്ളതുമെല്ലാമായിരിക്കാം സ്‌കൂൾ കെട്ടിടം നിർമിക്കുവാനുള്ള കരാർ കുഞ്ഞാമുവിന് കിട്ടി. ഇതായിരുന്നു എം.വി. കുഞ്ഞാമുവെന്ന കോൺട്രാക്ടറുടെയും ഇപ്പോൾ എത്തിനിൽക്കുന്ന ഐ.എസ്.ഒ അംഗീകാരം വരെ ലഭിച്ച എം.വി.കെ ആന്റ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെയും  തുടക്കം. പിന്നീടങ്ങോട്ട് പിൻതിരിഞ്ഞു നോക്കാനാകാത്ത ഓട്ടമായിരുന്നു കുഞ്ഞാമുക്കയുടെ ജീവിതത്തിൽ. ഇന്ന് മലബാറിലങ്ങോളമിങ്ങോളമുള്ള വിവിധപ്രദേശങ്ങളിൽ തലയുയർത്തിനിൽക്കുന്ന കേളേജ്, സ്‌കൂൾ കെട്ടിടങ്ങൾ, അപ്പാർട്ട്‌മെന്റുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ആശുപത്രികൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, ഫാക്ടറികൾ, സ്‌കൂൾ-കോളെജ് ഹോസ്റ്റലുകൾ തുടങ്ങി നൂറുക്കണക്കിന് സ്ഥാപനങ്ങളുടെ നിർമാണം ഭംഗിയായി നിർവഹിച്ചതിന്റെ ക്രെഡിറ്റ് എം.വി.കെ അസോസിയേറ്റ്‌സിനാണ്. 

 


സി.ഐ.ആർ സ്‌കൂൾ കെട്ടിടത്തിന്റെ ഭംഗിയായ നിർമാണത്തിനുശേഷം പിന്നീടങ്ങോട്ട് ഇവിടെയുള്ള പണികളെല്ലാം കുഞ്ഞാമുവിനെ തന്നെ ഏൽപിച്ചാൽ മതിയെന്ന് കമ്മിറ്റി തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ സ്‌കൂളിന്റെ മാനേജിംഗ് കമ്മിറ്റിയംഗംവരെയാക്കി ഇദ്ദേഹത്തെ. ഈ കമ്മിറ്റിയിലെ പലരും ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റിയിലുമുണ്ടായിരുന്നതാണ് ഫാറൂഖ് കോളേജ് ക്യാമ്പസിലേക്കും എം.വി.കെ എന്റർപ്രൈസസിന്റെ കീർത്തി എത്തിക്കുന്നത്. ഫാറൂഖാബാദിലെ അനേകായിരങ്ങളുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ജൂബിലി ബിൽഡിംഗ്, ഈജിപ്തിലെ അൽ അസ്ഹർ ക്യാമ്പസിലെ മസ്ജിദിനെ ഓർമിപ്പിക്കുന്ന ക്യാമ്പസിലെ അൽ അസ്ഹർ മസ്ജിദ്, അൽ ഫാറൂഖ് സ്‌കൂൾ കെട്ടിടം തുടങ്ങി മജ്‌ലിസ് ആർട്‌സ് കോളേജ്, പ്രസ്റ്റീജ് പബ്ലിക്ക് സ്‌കൂൾ, ഗ്ലോബൽ ഇംഗ്ലീഷ് സ്‌കൂൾ, എജ്യുകെയർ ഡന്റൽ കോളേജ്, കോഴിക്കോട് സിജി, എം.ഇ. എസ്പബ്ലിക്ക് സ്‌കൂൾ, ഭാരതീയവിദ്യാഭവൻ, അൽ-ഫാറൂഖ് നഴ്‌സറി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമാന ടൊയോട്ടയുടെ കാസർക്കാട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ അന്താരാഷ്ട്രനിലവാരത്തിലുള്ള ഷോറൂമുകൾ, ലുലുമാൾ, ക്യാപിറ്റോൾ മാൾ, എമറാഡ് ടവർ, എം.ഇ.എ ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ഹോട്ടൽ റീനൈസൻസ്, കിംസ്, ലിയോ ആശുപത്രി, പാരീസൺ റോളർ ഫ്‌ളോർമിൽ തുടങ്ങി ക്രസന്റ്, ക്രൊൺഹിൽ, ബെൽമെയർ, ഗ്രീൻ ലൈൻ, പ്ലാസ, അക്ഷയ തുടങ്ങിയ സ്ഥാപനങ്ങളുടെ അപ്പാർട്ട്‌മെന്റുകൾ എന്നിവയും ഇന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ എം.വി.കെയുടെ പ്രവർത്തിയുടെ സാക്ഷ്യങ്ങളുടെ അഭിമാനഭോജനങ്ങളായി തലയുയർത്തിനിൽക്കുകയാണ്.  

 

വെറുമൊരു കച്ചവടക്കാരൻ എന്നതിനപ്പുറം കുഞ്ഞാമുക്കയുടെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള പ്രവർത്തനങ്ങൾ കൂടിയാണ് തന്നെ ഇത്രത്തോളം വളർച്ചയുടെ പടവുകളിലെത്തിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്നു. അർഹതപ്പെട്ട എല്ലാവർക്കും ഇദ്ദേഹത്തിന്റെ ഉദാരത നേരിട്ടനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. ദാനധർമങ്ങൾ തങ്ങൾക്ക് നേരെയുള്ള ആപത്തുകളെ തടയും എന്ന നബി വചനമാണ് ഇത്തരം സന്ദർഭങ്ങളിൽ എം.വി. കുഞ്ഞാമുവിന് മാർഗദർശനമാകുന്നത്. കൂടാതെ അഗതി, അനാഥകളുടെ സംരക്ഷണ പ്രവർത്തനങ്ങളോട് കാണിക്കുന്ന താൽപര്യവും തനിക്ക് തുണയാകുന്നുണ്ടെന്ന് ഇദ്ദേഹം കരുതുന്നു.


എം.വി.കെ അസോസിയേറ്റ്‌സ്, എം.വി.കെ കൺസ്ട്രക്ഷൻസ്, എം.വി.കെ എന്റർപ്രൈസസ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർ, ട്രൂ ട്രഫ് ഗ്ലാസസ് ഡയറക്ടർ, ഡമോക്രാറ്റിക്ക് ലേബർ കോൺട്രാക്ട് ആന്റ് കൺസ്ട്രക്ഷൻ കോ- ഓപറേഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങി തന്റെ കർമ മേഖലയോടൊപ്പം കോഴിക്കോടിന്റെ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങിലും ഇദ്ദേഹം സജീവനാണ്. കോഴിക്കോട് പൗരാവലിയുടെ ട്രഷറർ, ഇൻഡോ-അറബ്‌കോൺ ഫെഡറേഷൻ പ്രസിഡന്റ്, മുഹമ്മദ്‌റഫി റിസർച്ച് അക്കാദമി, കൾച്ചറൽ കോൺഫെഡറേഷൻ ഓഫ് ഓവർസീസ് മലയാളീസ് രക്ഷാധികാരി, കാലിക്കറ്റ്, മലബാർ, കേരള ചേംബർ ഓഫ് കോമേഴ്‌സ് മെമ്പർ, സി.ഐ.ആർ.എസ്, സി.ഐ.സി.എസ് എക്‌സിക്യൂട്ടീവ് മെമ്പർ, മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷൻ, കേരള കോൺട്രാക്‌ടേഴ്‌സ് ഓർഗനൈസേഷൻ ഉപദേശകസമിതി, സൊസൈറ്റി ഫോർ മെന്റൽ ഹെൽത്ത് (മാനസ്) എക്‌സിക്യൂട്ടീവ് മെമ്പർ, ജാമിഅ ബദരിയ്യ അഗതി മന്ദിരം പെരുമണ്ണ ട്രഷറർ, എം.എസ്.എസ് പന്തീരങ്കാവ് ശാഖാ പ്രസിഡന്റ്, വള്ളിക്കുന്ന് മഹല്ല് ജമാഅത്ത് പ്രസിഡന്റ്,  സി.എച്ച് സാംസ്‌കാരിക ട്രസ്റ്റ്, മലബാർ ഡവലപ്പ്‌മെന്റ് കൗൺസിൽ ട്രഷറർ തുടങ്ങി മത-സാമൂഹ്യ രംഗങ്ങളിലെ അനേകം സംഘടനകളുടെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് സജീവ നേതൃത്വം നൽകുന്നതും ഇദ്ദേഹമാണ്.

 

കർമവീഥിയിലെ ഈ സജീവസാന്നിധ്യമാണ് ദൽഹി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം അംഗീകാരങ്ങളും എം.വി. കുഞ്ഞാമുവിനെ തേടിയെത്തുവാൻ കാരണമായതും. മദർതെരേസ പുരസ്‌കാരം, അംബേദ്ക്കർ  അവാർഡ് തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള ധാരാളം പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രവാസികൾക്കായുള്ള ഗൾഫ് വ്യൂസ് മാസികയുടെ മാനേജിംഗ് എഡിറ്റർ, ബി.എസ്.സി ബിരുദധാരിണിയായ ഫാത്തിമയാണ് സഹധർമിണി. ബിരുദധാരിണികളായ രണ്ട് പെൺമക്കൾ, സ്‌കൂൾ വിദ്യാർഥിയായ മകൻ എന്നിവരടങ്ങിയതാണ് ഇദ്ദേഹത്തിന്റെ സംതൃപ്ത കുടുംബം.


 


 

Latest News