നയന്‍സിനൊപ്പം ഗോവന്‍ ബീച്ചില്‍ അടിച്ചു പൊളിച്ചു വിഘ്‌നേഷ് ശിവന്‍

പനാജി-തെന്നിന്ത്യന്‍ താര റാണി നയന്‍താരയ്ക്കും കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനും പിന്നാലെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍. ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമാക്കി വയ്ക്കുന്നുമില്ല . മലയാളത്തിലാണ് കരിയര്‍ തുടങ്ങിയതെങ്കിലും നയന്‍സിനെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിയത് തമിഴ് സിനിമ ലോകമാണ്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നുമെല്ലാം അകന്ന് വിഘ്‌നേശ് ശിവനൊപ്പമാണ് നയന്‍താര. ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ ഏറെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്ന് അവര്‍തന്നെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നയന്‍താരയുമൊത്ത് ചെലവഴിച്ച വെക്കേഷന്‍ ദിനചിത്രം വിഘ്‌നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ നിന്നെടുത്ത ഈ ചിത്രത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രോക്കണിഞ്ഞ നയന്‍സിനെ കാണാം. 'ഏറെ ആവശ്യമായ അവധിക്കാലം' എന്നാണു വിഘ്‌നേശ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തവണത്തെ ഓണം കൊച്ചിയില്‍ നയന്‍സിന്റെ അമ്മയ്‌ക്കൊപ്പം ആഘോഷിക്കാന്‍ വിഘ്‌നേശ് എത്തിയിരുന്നു.
ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്തയോട് പ്രണയകാലം മടുത്താലുടന്‍ വിവാഹിതരാകും എന്നാണ് വിഗ്‌നേശ് തമാശരൂപേണേ ഒരു അഭിമുഖത്തില്‍ മറുപടി പറഞ്ഞത്. പ്രൊഫഷണലായി പലതും ഇനിയും ചെയ്ത് തീര്‍ക്കാനുണ്ടെന്നും വിഗ്‌നേശ് പറയുന്നു.
പ്രൊഫഷണലായ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുകയുള്ളു. മാത്രമല്ല ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതില്‍ തങ്ങള്‍ സന്തുരഷ്ടരാണ് എന്നും വിഗ്‌നേശ് പറയുന്നു. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ താനും നയന്‍താരയും 22 തവണ വിവാഹിതരായെന്നും വിഗ്‌നേശ് പറഞ്ഞിരുന്നു.
വിഗ്‌നേശിന്റെ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയുമായി പ്രണയത്തിലാകുന്നത്. കോവിഡ് ലോക്ഡൗണ്‍ കാലവും നയന്‍താരയും വിഗ്‌നേശും ഒരുമിച്ചാണ് ചിലവിട്ടത്. നയന്‍താരയെ നായികയാക്കി കാതുവാകുല രെണ്ടു കാതല്‍ എന്ന സിനിമയാണ് വിഗ്‌നേശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ നയന്‍താര നായികയാകുന്ന നേട്രികണ്‍ എന്ന സിനിമ വിഗ്‌നേശ് നിര്‍മ്മിക്കുന്നുണ്ട്. മൂക്കുത്തി അമ്മന്‍ ആണ് നയന്‍താരയുടെതായി റിലീസ് ചെയ്യാനുള്ള ചിത്രം. അണ്ണാത്തെ എന്ന രജനികാന്ത് ചിത്രത്തിലും നയന്‍താര മുഖ്യ വേഷത്തിലെത്തും.
 

Latest News