ഇസ്രായില്‍-ബഹ്റൈന്‍ സമാധാന കരാറിനെ പിന്തുണച്ച് ഒമാന്‍

(FROM FILES)

മസ്‌കത്ത്- ഇസ്രായിലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. ഇന്നലെ രാവിലെ ഔദ്യോഗിക കുറിപ്പിലൂടെയാണ് ബഹ്‌റൈനിന്റെ തീരുമാനത്തെ ഒമാന്‍ പരസ്യമായി പിന്തുണച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും കരാറിലെത്തിയത്.
ബഹ്റൈന്‍ സ്വീകരിച്ച പുതിയ തന്ത്രപരമായ നീക്കം മേഖലയിലെ സമാധാനത്തിന് കാരണമാകുമെന്ന്  പ്രതീക്ഷിക്കുന്നുവെന്ന് ഒമാന്‍ പ്രതികരിച്ചു. 'ഫലസ്തീലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിച്ച് കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീന്‍ സ്ഥാപിക്കാന്‍ ഇത് കാരണമാകുമെന്നാണ് പ്രത്യാശ. അറബ്, യു.എന്‍ പ്രമേയങ്ങള്‍ അനുശാസിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ ഉള്‍ക്കൊള്ളുന്ന, ലോക രാജ്യങ്ങളുടെയും അഭിലാഷം പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ നീക്കം ഇതുവഴി സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നതായും ഒമാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
യു.എ.ഇയുടെ പാത പിന്തുടര്‍ന്ന് ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത് അറബ് രാജ്യമാണു ബഹ്‌റൈന്‍. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി ഫോണില്‍ സംസാരിച്ചശേഷം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. മധ്യപൂര്‍വദേശത്തെ സമാധാനത്തിനായുള്ള നിര്‍ണായക നീക്കം എന്നാണ് ബഹ്‌റൈന്‍ ഇസ്രായില്‍ കരാറിനെ അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. ഓഗസ്റ്റ് മധ്യത്തിലായിരുന്നു യു.എ.ഇ ഇസ്രായിലുമായി സമാധാന കരാര്‍ ഒപ്പുവെച്ചത്.

 

Latest News