ട്രംപിനെ വേട്ടയാടരുത്; ആ ചെക്ക് അയച്ചതാണ്

വാഷിംഗ്ടണ്‍- അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്ത തുക ഇനിയും കിട്ടിയില്ലെന്ന പിതാവിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വൈറ്റ് ഹൗസ്. പ്രസിഡന്റ് വാഗ്ദാനം ചെയ്ത 25,000 ഡോളറിന്റെ ചെക്ക് അയച്ചതാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് നിഷേധിച്ചു കൊണ്ട് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
 
ട്രംപിന്റെ ഔദാര്യം ഇനിയും പ്രാവര്‍ത്തികയമായില്ലെന്നാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ട യു.എസ് ഭടന്റെ പിതാവ് ക്രിസ് ബാല്‍ഡ്രിഡ്ജ് കഴിഞ്ഞ ദിവസം പത്രത്തോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ജൂണിലാണ് 22 കാരനായ സൈനികന്‍ അഫ്ഗാന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചത്.
 
പത്രങ്ങള്‍ കുപ്രചാരണം നടത്തുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് കുറ്റപ്പെടുത്തി. ആ ചെക്ക് അയച്ചു കഴിഞ്ഞതാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലിന്‍ഡ്‌സെ വാള്‍ട്ടേഴ്‌സ് ഇ-മെയിലിലാണ് മാധ്യമങ്ങളെ അറിയിച്ചു. പ്രസിഡന്റ് സ്വകാര്യമായി വാഗ്ദാനം ചെയ്ത ഔദാര്യം പോലും കുപ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും വക്താവ് കുറ്റപ്പെടുത്തി.
സൈനികരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിന് മുന്‍ഗാമികള്‍ ഒന്നും ചെയ്തില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ വിമര്‍ശം വിവാദമായതിനു പിന്നാലെ ആയിരുന്നു ട്രംപ് പറഞ്ഞ സഹായം ഇനിയും കിട്ടിയില്ലെന്ന വെളിപ്പെടുത്തല്‍.
തന്റെ അവകാശവാദത്തിനു ട്രംപ് തെളിവുകളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും അതു കൊണ്ടുതന്നെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും എതിരാളികള്‍ കുറ്റപ്പെടുത്തിയിരുന്നു.

Latest News