ജമ്മു- കശ്മീരില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് ഭാര്യയെ വെടിവച്ച് കൊന്ന ശേഷം ജീവനൊടുക്കി. . ജമ്മു പ്രാന്തത്തിലെ ബന്ധുവീട്ടിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ജമ്മു സ്വദേശിയാണ് ജവാന്.
ജമ്മുവിലെ സെക്ടര്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്ന കോണ്‍സ്റ്റബിള്‍ മദന്‍ സിംഗ് (38) ഞായറാഴ്ച രാത്രി സര്‍വീസ് റൈഫിളുമായി ക്യാമ്പില്‍ നിന്ന് ഇറങ്ങി ഗരോട്ട പ്രദേശത്തെ റാഗോറിലുള്ള സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു.
ഭാര്യ ദീപ്തി റാണി (35) യുമായി തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രി പത്തരയോടെ വാതില്‍ തുറന്ന ഭാര്യയെ ജവാന് വെടിവച്ചു കൊല്ലുകയായിരുന്നു. സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജവാന്റെ മകള്‍ക്ക് നേരെയും വെടിയുതിര്‍ത്തെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പിന്നീട് ഭാര്യയുടെ മൃതദേഹത്തിനടുത്ത് സിംഗ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അര്‍ദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.






