ഇറാനിയന്‍ ദമ്പതികളെ ആക്രമിച്ച മൂന്ന് സ്വദേശികള്‍ക്ക് കഠിന തടവ്

ദുബായ്- ഇറാനിയന്‍ ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് കുവൈത്തികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയുടേതാണ് വിധി. ഭാര്യയെ തെരുവില്‍ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചതിനാണ് പ്രതികള്‍ ഇറാന്‍ പൗരനെ ആക്രമിച്ചത്. ആക്രമികളില്‍ ഒരാള്‍ ആദ്യം ഇദ്ദേഹത്തെ ആക്രമിച്ച് ഓടിരക്ഷപ്പെട്ടു. എന്നാല്‍ വൈകാതെ മറ്റ് രണ്ടു കൂട്ടുകാരോടൊപ്പം മടങ്ങിയെത്തിയ പ്രതി തെരുവില്‍ രക്തം വാര്‍ന്നുകൊണ്ടിരുന്ന ഇരയെ കൂടുതല്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവി ക്യമാറയില്‍ പതിഞ്ഞതാണ് അക്രമി സംഘത്തിന് വിനയായത്.
കോടതിയില്‍ പോലീസ് സമര്‍പ്പിച്ച മെഡിക്കല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലും ഇറാനിക്ക് സാരമായി മുറിവേറ്റതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെ അപമാനിക്കുക, വൈകാരികവും ശാരീരികവുമായി വേദനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മൂവരും ഇരയെ ആക്രമിച്ചതെന്ന് ഇറാന്‍ പൗരന്റെ അഭിഭാഷകന്‍ സയ്ദ് ഖബ്ബാസ് പറഞ്ഞു.

 

Latest News