Sorry, you need to enable JavaScript to visit this website.

കോവിഡ് നിയമലംഘനം; സത്‌വയില്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി

ദുബായ്- സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത് കാരണം യാത്രക്കാര്‍ തടിച്ചുകൂടിയതിനാല്‍ സത്‌വയിലെ ഒരു റെസ്റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു. സാമൂഹിക അകലം പാലിക്കുക പോലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ട് ദുബായ് ഇക്കണോമിയിലെ കൊമേഴ്സ്യല്‍ കംപ്ലയിന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (സി.സി.സി.പി) വിഭാഗമാണ് നടപടി സ്വീകരിച്ചത്. എമിറേറ്റില്‍ പ്രഖ്യാപിച്ച കോവിഡ് മുന്‍കരുതല്‍ നടപടികളും പ്രോട്ടോക്കോളുകളും എല്ലാ കമ്പനികളും വ്യാപാരികളും ഉപഭോക്താക്കളും പൊതുജനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സി.സി.സി.പി ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധനകള്‍ തുടരുകയാണ്. ശാരീരിക അകലം പാലിക്കുക, മാസ്‌കുകളും ഗ്ലൗസുകളും ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ നിയമങ്ങള്‍ പാലിക്കുന്നുവോ എന്നാണ് പ്രധാനമായും സി.സി.സി.പി പരിശോധിക്കുന്നത്.  
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജീവനക്കാര്‍ ജോലി ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.സി.സി.പി അധികൃതര്‍ ദുബായ് സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് നഗരത്തിലെ പ്രശസ്തമായ ഒരു ഫിറ്റ്നസ് സെന്ററിന് പിഴ ചുമത്തുകയും ചെയ്തു.
ഓപ്പണ്‍ മാര്‍ക്കറ്റുകളും വാണിജ്യകേന്ദ്രങ്ങളും ഉള്‍പ്പെടെ ദുബായിലെ എല്ലാ പ്രദേശങ്ങളിലും അധികൃതര്‍ വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. മുഴുവന്‍ മുന്‍കരുതല്‍ നടപടികളും മാര്‍ഗനിര്‍ദ്ദേശങ്ങളും 578 സ്റ്റോറുകള്‍ പൂര്‍ണമായും പാലിച്ചതായി പരിശോധനയില്‍ വ്യക്തമായി.
പൊതുജനാരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി പരിശോധന ശക്തമായി തുടരുമെന്നും സി.സി.സി.പി അധികൃതര്‍ വെളിപ്പെടുത്തി. കോവിഡ് നിയമലംഘനം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴി 600545555 എന്ന നമ്പറിലോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിവരം നല്‍കണമെന്് ഉപഭോക്താക്കളോട് ദുബായ് ഇക്കണോമി അധികൃതര്‍ ആവശ്യപ്പെട്ടു.

 

Latest News