Sorry, you need to enable JavaScript to visit this website.

ഇസ്രായിലികളും ഫലസ്തീനികളും കരാറിലെത്തേണ്ടത് അനിവാര്യം-ബഹ്‌റൈന്‍ രാജാവ്

മനാമ - ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രായിലികളും ഫലസ്തീനികളും നീതിപൂര്‍വവും ശാശ്വതവുമായ സമാധാന കരാറിലെത്തേണ്ടത് അനിവാര്യമാണെന്ന് ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് പറഞ്ഞു.

ബഹ്‌റൈനും ഇസ്രായിലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തീരുമാനത്തിലെത്തിയതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുറത്തുവന്ന ശേഷം നടത്തിയ ആദ്യ പ്രസ്താവനയിലാണ് പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബഹ്‌റൈന്‍ രാജാവ് എടുത്തുപറഞ്ഞത്. തന്ത്രപരമായ ചോയ്‌സ് എന്നോണം ദ്വിരാഷ്ട്ര പരിഹാരത്തിനും യു.എന്‍ തീരുമാനങ്ങള്‍ക്കും അനുസൃതമായി നീതിപൂര്‍വവും സമഗ്രവുമായ സമാധാനത്തില്‍ എത്തിച്ചേരേണ്ടത് അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ബഹ്‌റൈന്‍ രാജാവ് പറഞ്ഞു. സമാധാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനും മധ്യപൗരസ്ത്യദേശത്ത് സുരക്ഷയും സ്ഥിരതയുമുണ്ടാക്കാനും അന്താരാഷ്ട്ര സമാധാനം ശക്തിപ്പെടുത്താനും അമേരിക്കന്‍ ഭരണകൂടം നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെയും ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വഹിക്കുന്ന നിര്‍ണായ പങ്കിനെയും ബഹ്‌റൈന്‍ രാജാവ് പ്രശംസിക്കുകയും ചെയ്തു.

 

Latest News