Sorry, you need to enable JavaScript to visit this website.
Saturday , October   24, 2020
Saturday , October   24, 2020

സുവർണ പാദുകം

ഗോളടിക്കാൻ ജനിച്ചവനാണ് ക്രിസ്റ്റിയാനൊ റൊണാൾഡൊ. പോർചുഗീസ് ഫുട്‌ബോളിന്റെ ദുരിതകാലത്ത് രക്ഷകനായാണ് ക്രിസ്റ്റിയാനൊ അവതരിച്ചത്. 2002 ലെ ലോകകപ്പിൽ ഗ്രൂപ്പ ഘട്ടം പോലും പിന്നിടാൻ പോർചുഗലിന് സാധിച്ചിരുന്നില്ല. അതോടെ കാണികൾ ടീമിനെ കൈവിട്ടു തുടങ്ങിയിരുന്നു. 2003 ൽ കസാഖിസ്ഥാനെതിരായ സൗഹൃദ മത്സരത്തിൽ പോർചുഗൽ കളിക്കുന്നതു കാണാൻ വെറും എണ്ണായിരം പേരാണ് എത്തിയത്. യൂറോ 2004 ന് ആതിഥ്യമരുളേണ്ട രാജ്യമായിരുന്നു പോർചുഗൽ. 
ഇടവേള വരെ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ലൂയിസ് ഫിഗോക്കു പകരക്കാരനായി പതിനെട്ടുകാരൻ ക്രിസ്റ്റ്യാനൊ കളത്തിലിറങ്ങി. ആശങ്ക വേണ്ട, ക്ലബ്ബിലാണെന്നു വിചാരിച്ച് കളിച്ചോളൂ -യുവ താരത്തെ ശാന്തനാക്കാൻ പുറത്തേക്കു പോകുന്ന ഫിഗൊ ശ്രമം നടത്തി. കളത്തിലിറങ്ങി രണ്ട് മിനിറ്റ് പിന്നിടും മുമ്പെ ഒരു പാസ് വെട്ടിപ്പിടിച്ച ക്രിസ്റ്റ്യാനൊ ഗ്രൗണ്ടിന്റെ പകുതി ദൂരത്തോളം കുതിച്ചു. തലനാരിഴക്കാണ് ഷോട്ട് ലക്ഷ്യം തെറ്റിയത്. മൂന്നു മിനിറ്റിനു ശേഷം തന്റെ മാർക്കറെ വെട്ടിച്ച് വീണ്ടും പെനാൽട്ടി ഏരിയയിലേക്ക് കുതിച്ചു. അതോടെ ഗാലറി ഉണർന്നു, ഗാലറി റോണാൾഡോയുടെ പേര് വിളിച്ച് അലറി. പോർചുഗൽ 1-0 ന് ജയിച്ചു, ക്രിസ്റ്റിയാനൊ മാൻ ഓഫ് ദ മാച്ചായി. ഗംഭീരമായിരുന്നു പോർചുഗലിന്റെ എക്കാലത്തെയും മികച്ച താരത്തിന്റെ അരങ്ങേറ്റം. 17 വർഷം പിന്നിടുമ്പോൾ ക്രിസ്റ്റ്യാനൊ അഞ്ചു തവണ മികച്ച കളിക്കാരനുള്ള ബാലൻഡോർ ബഹുമതി നേടി. അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് ട്രോഫിയുയർത്തി. യൂറോ കപ്പ് സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിലെ ടോപ്‌സ്‌കോററായി. ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാവുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നം. 
2003 ലാണ് ക്രിസ്റ്റ്യാനൊ തന്റെ പേര് ഫുട്‌ബോൾ ചരിത്രത്തിലെഴുതിയത്. അധികം പേരൊന്നും ശ്രദ്ധിക്കാതിരുന്ന യൂറോപ്യൻ അണ്ടർ-21 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ച ടീമിൽ അംഗമായിരുന്നു ക്രിസ്റ്റ്യാനൊ. അന്ന് ക്രിസ്റ്റ്യാനോയുടെ കളി കാണാൻ യൂറോപ്പിലെ മുൻനിര ക്ലബ്ബുകളെല്ലാം സ്‌കൗടുമാരെ അയച്ചു. പതിനഞ്ചാം വയസ്സിൽ ഹൃദയശസ്ത്രക്രിയ വേണ്ടി വന്ന കളിക്കാരനാണ് ക്രിസ്റ്റ്യാനൊ. 2002 ൽ സ്‌പോർടിംഗ് ലിസ്ബൺ ടീമിൽ അംഗമായിരുന്നു. ആഴ്‌സനലിൽ ചേരാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ആഴ്‌സൻ വെംഗർക്ക് പയ്യനെ അത്ര പിടിച്ചില്ലെന്നു തോന്നുന്നു. സ്‌പോർടിംഗ് ലിസ്ബൺ പറഞ്ഞ തുക വെംഗർ സമ്മതിച്ചില്ല. ലിവർപൂൾ കോച്ച് ജെറാഡ് ഹൂളിയറും തുക കേട്ട് പിന്മാറി. ബാഴ്‌സലോണക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോയുടെ സഹ പോർചുഗൽ താരം റിക്കാഡൊ ക്വാറസ്മയാണ് കൂടുതൽ മികച്ച പ്രതിഭയെന്ന് അവർ വിലയിരുത്തി. 
അക്കാലത്ത് തന്നെ ക്രിസ്റ്റ്യാനോക്ക് ആരാധകരുണ്ടായിരുന്നു. ഫെർണാണ്ടൊ സാന്റോസായിരുന്നു ഒരാൾ -2003 ൽ സാന്റോസ് ലിസ്ബണിന്റെ കോച്ചായി വന്നു. ക്രിസ്റ്റ്യാനൊയെ തന്റെ ടീമിന്റെ ആണിക്കല്ലായി മാറ്റി. ഇത്ര പ്രതിഭയുള്ള ഒരു പതിനെട്ടുകാരനെ താൻ കണ്ടിട്ടില്ലെന്ന് സാന്റോസ് പറയുന്നു. മറ്റൊരാൾ കാർലോസ് ക്വിറോസായിരുന്നു -പോർചുഗലുകാരൻ, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സഹ പരിശീലകൻ. സ്‌പോർടിംഗ് ലിസ്ബണുമായി യുനൈറ്റഡിന്റെ  സഹകരണത്തിന് മുൻകൈയെടുത്തത് ക്വിറോസായിരുന്നു. 2003 ഓഗസ്റ്റിൽ യുനൈറ്റഡും ലിസ്ബണും സൗഹൃദ മത്സരം കളിച്ചു. ആ രാത്രിക്കു മുമ്പ് താൻ ക്രിസ്റ്റ്യാനൊ എന്ന പേര് കേട്ടിരുന്നില്ലെന്ന് യുനൈറ്റഡ് ടീമംഗമായ ക്വിന്റൻ ഫോർച്യൂൺ ഓർക്കുന്നു. അതിനു ശേഷം ആ പേര് മറക്കാനും സാധ്യതയില്ല. ക്രിസ്റ്റ്യാനോയുടെ മികവിൽ ലിസ്ബൺ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ 3-1 ന് തറപറ്റിച്ചു. ഭാഗ്യത്തിന് ഞാൻ ലെഫ്റ്റ്ബാക്കായിരുന്നു, ജോൺ ഓഷിയയായിരുന്നു വലത്ത്., ക്രിസ്റ്റിയാനോയെ കൈകാര്യം ചെയ്യേണ്ട ചുമതല. മത്സരശേഷം എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങൾ മുഖാമുഖം നോക്കി -ഫോർച്യൂൺ പറഞ്ഞു. 
ക്രിസ്റ്റ്യാനോയെ 12 മാസം ലോണിൽ ടീമിലുൾപെടുത്താൻ അപ്പോൾ യുനൈറ്റഡ് ആലോചിക്കുകയായിരുന്നു. മത്സരത്തിന്റെ ഇടവേളയാവുമ്പോഴേക്കും യുനൈറ്റഡ് കോച്ച് അലക്‌സ് ഫെർഗൂസൻ നിലപാട് മാറ്റി. ലോൺ വേണ്ട, സ്ഥിരം കരാറിൽ ക്രിസ്റ്റിയാനോയെ ടീമിലെടുക്കാൻ തീരുമാനമായി. ക്രിസ്റ്റിയാനോയുമായി കരാറൊപ്പിടാതെ ഗ്രൗണ്ട് വിടുന്നില്ലെന്ന് ഫെർഗൂസൻ പ്രഖ്യാപിച്ചു. യുനൈറ്റഡ് ടീം ഒരു മണിക്കൂറോളം പുറത്ത് ബസ്സിൽ കാത്തിരുന്നു. യുനൈറ്റഡിൽ ചേരാൻ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിക്കുകയായിരുന്നു ഫെർഗൂസൻ. അതിന് ആദ്യം ലിസ്ബണിന്റെ സമ്മതം വേണ്ടിയിരുന്നു. ഓഷിയയുടെ പിടിപ്പുകേടാണ് ക്രിസ്റ്റ്യാനോയെ യുനൈറ്റഡിലെത്തിച്ചതെന്ന് കളിക്കാർ അടക്കം പറഞ്ഞു.  ആ സൗഹൃദ മത്സരം കഴിഞ്ഞ് പത്തു ദിവസത്തിനകം യുനൈറ്റഡിനു വേണ്ടി ക്രിസ്റ്റ്യാനൊ അരങ്ങേറി. അവസാന അര മണിക്കൂറിൽ സബ്സ്റ്റിറ്റിയൂട്ടായി വരികയായിരുന്നു. എന്നിട്ടും മാൻ ഓഫ് ദ മാച്ചായി. രണ്ടു ദിവസം കഴിഞ്ഞാണ് കസാഖിസ്ഥാനെതിരായ രാജ്യാന്തര അരങ്ങേറ്റം. സീനിയർ ടീമിൽ അരങ്ങേറുന്ന കളിക്കാർ തലേന്നത്തെ അത്താഴ സമയത്ത് എല്ലാ കളിക്കാർക്കു മുമ്പിലും എഴുന്നേറ്റു നിന്ന് സംസാരിക്കണം. ക്രിസ്റ്റ്യാനോക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. ഒടുവിൽ സഹ കളിക്കാർ പറഞ്ഞു-മതി, താൻ ഇരുന്നോ..- അന്ന് ഒപ്പം പകരക്കാരനായിരുന്ന നൂനൊ വാലെന്റെ ഓർക്കുന്നു. പിന്നെയെല്ലാം ചരിത്രം. 


 

Latest News