Sorry, you need to enable JavaScript to visit this website.

ഗോൾ പിറന്ന വഴി

സ്വീഡനെതിരെ രണ്ട് അതിമനോഹര ഗോളുകളിലൂടെയാണ് ക്രിസ്റ്റിയാനൊ 100 പിന്നിട്ടത്. ക്രിസ്റ്റ്യാനോയുടെ ഗോളുകളിൽ പകുതിയും പിറന്നത് താരം 30 പിന്നിട്ടപ്പോഴാണ് എന്നതാണ് കൗതുകം.

രാജ്യാന്തര ഫുട്‌ബോളിൽ ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ ഗോളുകൾ വന്ന വഴി രസകരമാണ്. നൂറിലേറെ ഗോളടിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് ക്രിസ്റ്റിയാനൊ. യൂറോപ്പിൽ മറ്റാർക്കും കഴിയാത്ത നേട്ടം. 42 രാജ്യങ്ങൾക്കെതിരെ ക്രിസ്റ്റ്യാനൊ ഗോളടിച്ചിട്ടുണ്ട്. എന്നാൽ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും ഫ്രാൻസിനും ഇറ്റലിക്കും ജർമനിക്കുമെതിരെ ഇതുവരെ ഗോളടിക്കാൻ പോർചുഗൽ താരത്തിന് സാധിച്ചിട്ടില്ല. ബ്രസീൽ, ഉറുഗ്വായ്, നെതർലാന്റ്‌സ് ടീമുകളുടെ വല ചലിപ്പിക്കാനും ആ ബുള്ളറ്റ് ബൂട്ടിന് കഴിഞ്ഞിട്ടില്ല. 
ലിത്വാനിയക്കെതിരെയാണ് ഏറ്റവുമധികം ഗോളടിച്ചത്, ഏഴ്. സ്വിറ്റ്‌സർലന്റിനെതിരെയും ഏഴ് ഗോളുണ്ട്. ലക്‌സംബർഗ്, ആൻഡോറ, ലിത്വാനിയ, ആർമീനിയ ടീമുകൾക്കെതിരെ അഞ്ച് വീതവും ഗോളടിച്ചു. 
പോർചുഗൽ ഗോൾസ്‌കോറർമാരിൽ യുസേബിയോയെയാണ് ക്രിസ്റ്റിയാനോ മറികടന്നത്. എന്നാൽ യുസേബിയോയുടെ ഗോളുകളിലേറെയും മുൻനിര ടീമുകൾക്കെതിരെയാണ്. 
ക്രിസ്റ്റിയാനോയുടെ ഗോളുകളിൽ മുപ്പതിലേറെ യൂറോ യോഗ്യതാ റൗണ്ടിലാണ്. 30 ഗോളുകൾ ലോകകപ്പ് യോഗ്യതാ റൗണ്ടിലും. ലോകകപ്പ് ഫൈനൽ റൗണ്ടിൽ ഏഴ് ഗോളും യൂറോ കപ്പ് ഫൈനൽ റൗണ്ടിൽ ഒമ്പതു ഗോളുമടിച്ചിട്ടുണ്ട്. വർത്തമാനകാല കളിക്കാരിൽ ക്രിസ്റ്റിയാനോക്കു പിന്നിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണുള്ളത്, 72 ഗോൾ. ലിയണൽ മെസ്സി മൂന്നാം സ്ഥാനത്താണ്, 70 ഗോൾ. 
ഇറാന്റെ അലി ദായി മാത്രമാണ് ഇതുവരെ രാജ്യാന്തര ഫുട്‌ബോളിൽ നൂറിലേറെ ഗോളടിച്ചത്. എന്നാൽ ദായിയുടെ ഗോളുകളിലേറെയും ദുർബലരായ എതിരാളികൾക്കെതിരെയായിരുന്നു. 1993 മുതൽ 2006 വരെ കളിച്ച ദായിയുടെ റെക്കോർഡ് മറികടക്കാൻ ക്രിസ്റ്റിയാനോക്ക് ഇനി ഒമ്പതു ഗോൾ കൂടി മതി. ക്രിസ്റ്റിയാനോയുടെ 100 ഗോളിൽ പതിനേഴെണ്ണം മാത്രമാണ് സൗഹൃദ മത്സരങ്ങളിൽ പിറന്നത്. ബാക്കിയെല്ലാം വാശിയേറിയ ടൂർണമെന്റുകളിലായിരുന്നു. ഒമ്പത് ഹാട്രിക്കുകളും സ്‌കോർ ചെയ്തത് ഫിഫ, യുവേഫ ടൂർണമെന്റുകളിലോ ലോകകപ്പ് യോഗ്യതാ റൗണ്ടിലോ ആണ്.  
തുടർച്ചയായ പതിനേഴാം വർഷമാണ് ക്രിസ്റ്റ്യാനൊ ഒരു രാജ്യാന്തര ഗോളെങ്കിലും സ്‌കോർ ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗിൽ 131 ഗോളുമായി ഒന്നാമതാണ് ക്രിസ്റ്റിയാനൊ. തൊട്ടുപിന്നിലുള്ള ലിയണൽ മെസ്സിയെക്കാൾ 16 ഗോൾ കൂടുതൽ.
ക്രിസ്റ്റിയാനോയുടെ കരിയറിലെ നൂറാം ഗോൾ പിറന്നത് താരത്തിനും ആരാധകർക്കും മറക്കാനാവാത്ത സ്റ്റേഡിയത്തിലാണ്. 2013 ൽ ലോകകപ്പ് യോഗ്യതാ പ്ലേഓഫിൽ സ്വീഡനെതിരെ ഈ സ്റ്റേഡിയത്തിലാണ് ക്രിസ്റ്റ്യാനൊ ഹാട്രിക് നേടിയത്. രണ്ടാം പാദത്തിലെ ആ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് പോർചുഗൽ ലോകകപ്പിനെത്തിയത്. അന്ന് ആദ്യ പാദത്തിലും ഗോളടിച്ചത് ക്രിസ്റ്റിയാനൊ തന്നെ. അമ്പതാം മിനിറ്റിനും എഴുപത്തൊമ്പതാം മിനിറ്റിനുമിടയിലായിരുന്നു മൂന്നു ഗോൾ. ആ 29 മിനിറ്റിനിടെ സ്വീഡനു വേണ്ടി രണ്ടു തവണ സ്ലാറ്റൻ ഇബ്രഹിമോവിച് ഗോൾ മടക്കി. വെറും നാല് മിനിറ്റ് വ്യത്യാസത്തിലായിരുന്നു ഇബ്രയുടെ ഗോളുകൾ. ലോക ഫുട്‌ബോളിലെ രണ്ട് ടീമുകളെ പോരാട്ടമേറ്റെടുത്ത് രണ്ട് പ്രമുഖ കളിക്കാർ. ഒടുവിൽ ക്രിസ്റ്റ്യാനോയും പോർചുഗലും അതിജീവിച്ചു. സ്വീഡനെതിരെ രണ്ട് അതിമനോഹര ഗോളുകളിലൂടെയാണ് ക്രിസ്റ്റിയാനൊ 100 പിന്നിട്ടത്. ക്രിസ്റ്റ്യാനോയുടെ ഗോളുകളിൽ പകുതിയും പിറന്നത് താരം 30 പിന്നിട്ടപ്പോഴാണ് എന്നതാണ് കൗതുകം. 
2003 ൽ പതിനെട്ടാം വയസ്സിൽ കസാഖിസ്ഥാനെതിരെ സബ്സ്റ്റിറ്റിയൂട്ടായാണ് ക്രിസ്റ്റ്യാനൊ രാജ്യാന്തര ഫുട്‌ബോളിൽ അരങ്ങേറിയത്. 2004 ലെ യൂറോ കപ്പിൽ ഗ്രീസിനെതിരെ ഹെഡറിലൂടെയായിരുന്നു ആദ്യ ഗോൾ. സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പിൽ പോർചുഗൽ ഫൈനലിൽ പരാജയപ്പെട്ടു. 2016 ൽ ക്രിസ്റ്റ്യാനോയുടെ ക്യാപ്റ്റൻസിയിലാണ് അവർ ഒടുവിൽ യൂറോ ചാമ്പ്യന്മാരായത്.
 

Latest News