ഭോപാല്‍- സ്റ്റേജിലിരുത്തി മുടി വെട്ടുകയും താടിവടിക്കുകയും ചെയ്തു നല്കിയ യുവ ബാര്‍ബര്‍ക്ക് മധ്യപ്രദേശ് വനം മന്ത്രി വിജയ് ഷാ പ്രതിഫലമായി നല്‍കിയത് 60000 രൂപ. കോവിഡ് കാരണം ജോലി ഇല്ലാതെ പ്രയാസത്തിലായ ബാര്‍ബര്‍ രോഹിദാസ് സഹായം തേടി മന്ത്രിയെ സമീപിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ജോലിയും വലിയ തുക പ്രതിഫലവും ലഭിച്ചത്. ഖണ്ഡ്വ ജില്ലയിലെ ഗൗലയ്മാലില് വ്യാഴാഴ്ച ഒരു പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. ഇവിടെ എത്തി കാര്യം പറഞ്ഞ രോഹിദാസിനോട് മന്ത്രി ഉടന്‍ തന്റെ മുടിവെട്ടി നല്കുവാന് ആവശ്യപ്പെടുകയായിരുന്നു. രോഹിദാസ് എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിച്ച് സ്റ്റേജിലിരുത്തി മന്ത്രിയുടെ മുടി ഭംഗിയായ വെട്ടുകയും താടിവടിച്ചു നല്‍കുകയും ചെയ്തു. പൂര്‍ണ തൃപ്തനായ മന്ത്രി ഉടന്‍ തന്റെ കൈവശമുണ്ടായിരുന്ന 60,000 രൂപ രോഹിദാസിന് പ്രതിഫലമായ നല്‍കുകയും ചെയ്തു.
കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ മുന്‍കരുതലുകലും സ്വീകരിച്ചാല്‍ ബാര്‍ബര്‍മാരുടെ അടുത്തു പോയി മുടിവെട്ടുന്നത് സുരക്ഷിതമാണെന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഇങ്ങനെ മുടിവെട്ടിയതെന്ന് മന്ത്രി വിജയ് ഷാ പിന്നീട് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ബാര്‍ബര്‍മാര്‍ ജോലിയില്ലാതെ മാസങ്ങളായി പ്രയാസത്തിലാണ്. സ്റ്റേജിലിരുന്ന് ഞാന്‍ മുടിവെട്ടിയത് ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.






