Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ ഫോട്ടോ എടുത്താല്‍ രണ്ടാഴ്ച സര്‍വീസ് റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎ മുന്നറിയിപ്പ്

ന്യൂദല്‍ഹി- യാത്രാ വിമാനങ്ങളിലെ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് യാത്രികരില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ രണ്ടാഴ്ചത്തേക്ക് ആ റൂട്ടില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പ്. ചണ്ഡീഗഡില്‍ നിന്നും മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നടി കങ്കണ റണൗത്തിനെ ദൃശ്യമാധ്യമങ്ങള്‍ കാമറകളും മൈക്കുകളുമായി പൊതിയുകയും ഷൂട്ട് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. സാമൂഹിക അകലം പാലിക്കാതെ ഇവര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നും ഡിജിസിഎ പറഞ്ഞു. ഇനി ഇത്തരം ചട്ടം ലംഘനമുണ്ടായാല്‍ തൊട്ടടുത്ത ദിവസം മുതല്‍ 14 ദിവസത്തേക്ക് ആ റൂട്ടിലുള്ള സര്‍വീസ് റദ്ദാക്കപ്പെടുമെന്നാണ് താക്കീത്.

ഇന്‍ഡിഗോയുടെ 6E264 വിമാനത്തില്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ കൂട്ടംകൂടി നിന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സുരക്ഷാ ചട്ടലംഘനമാണ്. ഈ സംഭവത്തില്‍ ഇന്‍ഡിഗോയില്‍ നിന്നും റിപോര്‍ട്ട് തേടിയിട്ടുണ്ട്- ഡിജിസിഎ അറിയിച്ചു. രണ്ടു ദിവസം മുമ്പ് മറുപടി നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഡിഗോ പ്രതികരിച്ചു.

"ഞങ്ങളുടെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള എല്ലാ കാബിന്‍ ജീവനക്കാരും പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫി വിലക്കുണ്ടെന്നും സാമൂഹിക അകലം സുരക്ഷാ മുന്‍കരുതല്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു"- ഇന്‍ഡിഗോ വ്യക്തമാക്കി.
 

Latest News