മനാമ - ബഹ്‌റൈനില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ കേസുകളില്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പിടികിട്ടേണ്ട 160 പേര്‍ക്ക് ഇറാന്‍ അഭയം നല്‍കുന്നതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് അല്‍ഖലീഫ പറഞ്ഞു.
ഇവരുടെ പൗരത്വം ബഹ്‌റൈന്‍ റദ്ദാക്കിയിട്ടുണ്ട്. 25 സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസുകളില്‍ പ്രതികളായ ഇവര്‍ക്കെതിരെ കോടതികള്‍ ശിക്ഷകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനും ഹിസ്ബുല്ലയും റെവല്യൂഷനറി ഗാര്‍ഡും വഴി ഭീകരത കയറ്റി അയക്കുന്നതിനും ഇറാന്‍ ദുരുപയോഗിച്ചിരുന്ന പ്രത്യേക രാഷ്ട്രീയ പരിഗണനകള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തന്ത്രം അന്ത്യമുണ്ടാക്കി.
ആഗോള തലത്തില്‍ സുരക്ഷയും സമാധാനവുമുണ്ടാക്കുന്നതിനും ഗള്‍ഫ് മേഖലയുടെ സുരക്ഷ സംരക്ഷിക്കുന്നതിനും പുതിയ തന്ത്രം സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ബഹ്‌റൈനിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കയറ്റി അയക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്നതിന് അമേരിക്ക പരിശ്രമിക്കുമെന്ന യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ പ്രഖ്യാപനത്തെ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി പ്രശംസിച്ചു. ഇറാനില്‍ നിന്ന് കയറ്റി അയച്ച 24 കിലോയിലേറെ സ്‌ഫോടക വസ്തുക്കള്‍ ബഹ്‌റൈന്‍ സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബഹ്‌റൈനില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ഭീകരര്‍ക്ക് സാമ്പത്തിക, ലോജിസ്റ്റിക് സഹായങ്ങളും ഇറാന്‍ നല്‍കുകയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.