തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് ഐപാഡും ലാപ്‌ടോപും മൊബൈലും മോഷ്ടിച്ച ഭിന്നശേഷിക്കാരന്‍ പിടിയില്‍

ന്യൂദല്‍ഹി- ഇരുളില്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ച വെളിച്ചത്തില്‍ ഭിന്നശേഷിക്കാരന്‍ ഐപാഡും ലാപ്‌ടോപും മൊബൈലുകളും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയെ ദല്‍ഹി പോലീസ് പിടികൂടി. ദല്‍ഹിയിലെ വസന്ത്കുഞ്ചിലെ ഒരു ഫര്‍ണിചര്‍ ഷോപ്പില്‍ ഓഗസ്റ്റ് 27ന് നടന്ന മോഷണമാണ് സിസിടിവിയില്‍ പതിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി 38കാരന്‍ രാജുവിനെ അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട വസ്തുക്കളെല്ലാം പോലീസ് കണ്ടെടുക്കുകയും ചെയ്തു. അപകടത്തില്‍ വലതു കൈ നഷ്ടമായ ആളാണ് രാജു. ഛത്തര്‍പൂരിനടുത്ത അന്ദേരിയ മോഡ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രാജുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതി നേരത്തെ ഗ്യാസ് സിലിണ്ടറുകളാണ് സ്ഥിരമായി മോഷ്ടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പകല്‍ സമയം ഫര്‍ണിചര്‍ ഷോപ്പ് വീക്ഷിച്ച ശേഷം രാത്രിയിലെത്തി ഇരുമ്പു ദണ്ഡ് കൊണ്ട് പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. ശേഷം ലൈറ്റ് ഓണ്‍ ചെയ്യാതെ കയ്യിലുള്ള തീപ്പെട്ടിക്കൊള്ളി കത്തിച്ചാണ് പ്രതി മോഷണം നടത്തിയത്. മോഷണ വസ്തുക്കള്‍ ആക്രിക്കടയിലാണ് രാജു വില്‍പ്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
 

Latest News