കൊറോണ തീര്‍ന്നു! ബിജെപി ബംഗാള്‍ അധ്യക്ഷന്റെ പ്രഖ്യാപനം, മുന്‍കരുതലുകളില്ലാതെ റാലിയും

കൊല്‍ക്കത്ത- കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളില്ലാതെ ബംഗാളില്‍ ബിജെപി നടത്തിയ റാലില്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കൊറോണ തീര്‍ന്നുവെന്ന് പ്രഖ്യാപിച്ചു. ബുധനാഴ്ച നടന്ന റാലിയുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കൂട്ടമായെത്തിയ അണികളെ അഭിസംബോധന ചെയ്യവെയാണ് ദിലീപ് ഘോഷിന്റെ പ്രഖ്യാപനം. ഇത് കേട്ട് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. 'ജനക്കൂട്ടം കണ്ട് ദീദിയുടെ സഹോദരങ്ങള്‍ അസ്വസ്ഥരാകുന്നുണ്ട്. അത് കൊറോണ വൈറസിനെ പേടിച്ചല്ല, ബിജെപിയെ പേടിച്ചാണ്. കൊറോണ തീര്‍ന്നു. ദീദി അനാവശ്യമായി ലോക്ഡൗണ്‍ അടിച്ചേല്‍പ്പിക്കുകയാണ്. ബിജെപി യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നത് തടയാനാണിത്'- അദ്ദേഹം പറഞ്ഞു. എന്നാല്‍ നാം പോകുന്നിടത്തെല്ലാം സ്വമേധയാ റാലിയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ തീര്‍ന്നെന്ന് ദിലീപ് ഘോഷ് പ്രഖ്യാപിച്ച ബുധനാഴ്ച ബംഗാളില്‍ 3107 പുതിയ കോവിഡ് കേസുകളും 53 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് തുടര്‍ച്ചയായി ദിനംപ്രതി മുവ്വായിരത്തിലേറെ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

Latest News