Sorry, you need to enable JavaScript to visit this website.

മക്കയിൽ വിദേശികളായ കാര്‍ ഡ്രൈവര്‍മാരെ ഒഴിവാക്കും

ജിദ്ദ - ഹജ്, ഉംറ സീസണുകളിൽ മക്കയിൽ ടാക്‌സി, ലിമോസിൻ മേഖലയിലെ ജോലി സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന് മക്ക ആക്ടിംഗ് ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ നിർദേശിച്ചു. മക്ക പ്രവിശ്യയിലെ സൗദിവൽക്കരണ പദ്ധതി ജിദ്ദയിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്താണ് ഹജ്, ഉംറ സീസണുകളിൽ മക്കയിൽ ടാക്‌സി മേഖലയിലെ ജോലി സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആക്ടിംഗ് ഗവർണർ നിർദേശിച്ചത്.

ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽഹുമൈദാനും വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. പ്രവിശ്യയിൽ സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സൗദിവൽക്കരണം വർധിപ്പിക്കുന്നതിനുമാണ് സൗദിവൽക്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
ഓരോ പ്രവിശ്യയിലെയും തൊഴിൽ വിപണിയിലെ സാഹചര്യങ്ങളും സാധ്യതകളും ഉദ്യോഗാർഥികളുടെ ലഭ്യതയും പഠിച്ച് സ്വദേശിവൽക്കരണത്തിന് അനുയോജ്യമായ മേഖലകൾ നിർണയിച്ച് സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി ആഭ്യന്തര, തൊഴിൽ, മുനിസിപ്പൽ, വാണിജ്യ മന്ത്രാലയങ്ങളും പൊതുസുരക്ഷാ വകുപ്പും ജവാസാത്തും ചേർന്ന് അംഗീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് മക്ക പ്രവിശ്യയിലും അനുയോജ്യമായ മേഖലകൾ നിർണയിച്ച് സൗദിവൽക്കരണം നടപ്പാക്കുന്നത്. ഇതോടൊപ്പം നേരത്തെ കൈക്കൊണ്ട സൗദിവൽക്കരണ തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യും. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ അവലംബിച്ച് പ്രവർത്തിക്കുന്ന ടാക്‌സി കമ്പനികളിലെ ജോലികൾ സൗദികൾക്കു മാത്രമായി ഇതിനകം പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിലേറെ സൗദി യുവാക്കൾ ഫുൾടൈം, പാർട്ട് ടൈം അടിസ്ഥാനത്തിൽ നവ ടാക്‌സി കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. 

 

Latest News