മാണ്ഡ്യ- കര്‍ണാടകയിലെ മാണ്ഡ്യയ്ക്കു സമീപം ഗുട്ടലുവില്‍ ക്ഷേത്ര വരാന്തയില്‍ മൂന്ന് പൂജാരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് നോട്ടുകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശ്രീ അരകേശ്വര ക്ഷേത്രത്തിലെ പൂജാരിമാരായ ഗണേഷ്, പ്രകാശ്, ആനന്ദ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ തല അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ക്ഷേത്ര വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് വെള്ളിയാഴ്ച അതിരാവിലെ പരിശോധന നടത്തിയ നാട്ടുകാരാണ് വരാന്തയില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. കൊല്ലപ്പെട്ട മൂന്നു പൂജാരിമാരും ബന്ധുക്കളാണ്. ക്ഷേത്ര സുരക്ഷയ്ക്കായി ഇവര്‍ ഇവിടെ തന്നെയാണ് രാത്രി ഉറങ്ങാറുള്ളതന്നും പോലീസ് പറഞ്ഞു.






