Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

കവിത പോലെ ചില സൗഹൃദങ്ങൾ 

കോവിഡ് കാലം പരീക്ഷണങ്ങൾക്കും പരാധീനതകൾക്കുമൊപ്പം ഒത്തിരി അപൂർവ അവസരങ്ങളും സാധ്യതകളും തുറന്ന് തരുന്നുണ്ട്. പലർക്കുമെന്ന പോലെ എനിക്കും നിരവധി വിലമതിക്കാനാവാത്ത പുത്തൻ സൗഹൃദങ്ങളും അനുഭവങ്ങളും ഈ നാളുകൾ സമ്മാനിച്ചിട്ടുണ്ട്. അതിലൊന്ന് നിങ്ങളുമായി പങ്ക് വെക്കട്ടെ.
തുറയൂർ ബി.ടി.എം ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് ഇ ഡിവിഷനിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ശിൽപശാലയുടെ ഉദ്ഘാടകനായി എത്താൻ കഴിഞ്ഞു എന്നതാണത്. എന്തേ അതിലിത്ര അതിശയമെന്നാവും. ‘ശിഷ്ട ഗുരുവിൻ വിരലിൻ തലപ്പൊന്നു തൊട്ടാലകലും തിമിരമശേഷവും’ എന്ന കവി വാക്യത്തെ അക്ഷരാർത്ഥത്തിൽ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ കോട്ടയം ജില്ലയിൽ കാട്ടി കൊടുത്ത, അനവധി ഇളം മനസ്സുകളെ തിരിച്ചറിവ് നൽകി വിജ്ഞാനത്തിന്റെയും സേവനത്തിന്റെയും വഴിത്താരയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന വിശിഷ്ട ഗുരുനാഥനായ ഡോ. തോമസ് എബ്രഹാം സാറാണ് ആ ശിൽപശാല നയിച്ചത് എന്നത് തന്നെയാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്ന സാറുമായുള്ള ഗാഢമായ ആത്മബന്ധത്തിന് ആ അവസരം വഴിയൊരുക്കിയെന്നതിൽ ഏറെ സന്തോഷിക്കുകയാണ്. 
ഒരു പക്ഷെ, സാധാരണ നിലയിൽ കോട്ടയം വരെ യാത്ര ചെയ്താൽ മാത്രം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആ ഗുരു സാന്നിദ്ധ്യവും ശിക്ഷണവും മലബാറിലെ നാട്ടുമ്പുറത്തെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചക്കാലം ലഭ്യമാക്കിയതിൽ കോവിഡ് കാലത്തിന് പങ്കുണ്ട്. അതോടൊപ്പം തന്നെ ആ വിദ്യാലയത്തിലെ ഊർജ്ജസ്വലയായ ഗണിതാധ്യാപിക ഫൗസിയ ടീച്ചറുടെ സമർപ്പണവും മാതൃകാ ജീവിതവുമാണ് ആ അപൂർവ അവസരത്തിന് വഴിയൊരുക്കിയത്. 
ഈ സ്‌കൂളിലെ വിദ്യാർത്ഥി അല്ലാതിരുന്നിട്ടും ആ ശിൽപശാലയിൽ പങ്കെടുക്കാൻ എന്റെ മകന് കൂടി അവസരം കിട്ടിയതിൽ ഒരു പിതാവെന്ന നിലയിൽ ഏറെ സന്തോഷഭരിതനാണ്. വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാത്ത, സാമൂഹ്യ അകലങ്ങളുടെ വിരസ ദിനരാത്രങ്ങളിൽ തികച്ചും വൈവിധ്യമാർന്ന തരത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും സർഗ്ഗ വൈഭവവും വളർത്തിയെടുക്കുന്നതിൽ ഇത്തരം ശിൽപശാലകൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിൽ സംശയമില്ല.
ലോക്ഡൗൺ കാരണം ഈ വെക്കേഷൻ കാലത്ത് നാട്ടിലെത്താൻ കഴിയാത്ത അനിശ്ചിതത്വത്തിന്റെ നാളുകളിൽ ഡോ. തോമസ് എബ്രഹാം സാറുമായുള്ള സൗഹൃദം ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ എന്നിലും കുടുംബത്തിലും ചെറുതല്ലാത്ത സന്തോഷത്തിനിടയാക്കി. സാറിന്റെ പ്രിയ പത്‌നി മോളി ചേച്ചി എന്റെ പ്രിയതമ സമീറക്ക് മികച്ച പുസ്തകങ്ങൾ സമ്മാനമായ് ഇതിനകം അയച്ചു കൊടുത്തു. സാറിന്റെ യൂത്ത് ഫോർ സോഷ്യൽ  മെറ്റമോർഫോസിസ് എന്ന മൂവ്‌മെന്റിന്റെ ഭാഗമാകാൻ  മകൾ റൂഹിക്കും അവസരം ലഭിച്ചിരിക്കുകയാണ്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കാരുണ്യം കാണിക്കുമെന്ന പ്രവാചക വചനം മികച്ച സൗഹൃദങ്ങളുടെ രൂപത്തിൽ പുലരുന്ന നാളുകൾ കൂടിയാണ് ഈ  കോവിഡ് കാലമെന്നത് നേരനുഭവമാണ്. 
ലോകമെമ്പാടും നീറുന്ന മനുഷ്യാവസ്ഥകളിലൂടെ കടന്ന് പോവുമ്പോഴും കലർപ്പില്ലാത്ത സൗഹൃദങ്ങളുടെ കിടയറ്റ ഇഴയടുപ്പങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത പ്രതീക്ഷയും പ്രത്യാശയും കരുതലും തണലും പ്രദാനം ചെയ്യാൻ കഴിയുമെന്നറിയുക. അറിവും സേവന സന്നദ്ധതയും രചനാത്മകമായ നന്മയാൽ പ്രശോഭിതാമാവുമ്പോൾ ജീവിതം സംഗീതസാന്ദ്രമാവുന്നു. കവിതാമയമായി തീരുന്നു. ദിവ്യദാനമായ മാനുഷിക ഭാവത്തിന്റെ ഉദാത്ത തലത്തിലേക്ക് ആ സംഗീതം പടിപടിയായുയരുന്നതായും നമുക്ക് അനുഭവിക്കാം.

Latest News