യു.എസിലെ പ്രചാരണം ജാഗ്രതയോടെ വേണമെന്ന് ബി.ജെ.പിക്കാര്‍ക്ക് നിര്‍ദേശം

ന്യൂദല്‍ഹി- അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് വിദേശത്തുള്ള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം.
ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി  അംഗങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ബി.ജെ.പി യുടെ ചുമതലയുള്ള വിജയ് ചൗതെവാലെയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അംഗങ്ങള്‍ക്ക് യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാമെങ്കിലും  ബി.ജെ.പി ചിഹ്നമോ പേരോ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ ആഴത്തിലുള്ള നയതന്ത്രബന്ധമാണുള്ളത്. ഇന്ത്യന്‍ വംശജയായ ഒരാള്‍ യു.എസ് തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ പ്രധാന സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതേസമയം തിരഞ്ഞെടുപ്പ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അതിന്റെ നടപടി ക്രമങ്ങളില്‍ ബിജെപി പാര്‍ട്ടിക്ക് യാതൊരു വിധത്തിലുള്ള പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ട്രംപിന്റെ പ്രചാരകരായി എന്ന ആരോപണം ഉയരാതിരിക്കാനും യു.എസ് ജസ്റ്റിസ് വകുപ്പിന്റെ അന്വേഷണം വരാതിരിക്കാനുമാണ് ജാഗ്രത പുലര്‍ത്തുന്നത്.

ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ബിജെപി ഫോറിന്‍ ഏജന്റസ് റജിസ്‌ട്രേഷന്‍ ആക്ട് (ഫറ) പ്രകാരം യു.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ബി.ജെ.പിയെ ഔദ്യോഗികമായി യു.എസില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുമെന്നും വിജയ് ചൗതെവാലെ പറഞ്ഞു.

 

Latest News