Sorry, you need to enable JavaScript to visit this website.

വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ ഒരുങ്ങി ഊബർ

ഇലക്ട്രിക് കാറുകൾ വാങ്ങാൻ സഹായം
ഓൺലൈൻ ടാക്‌സി കമ്പനിയായ ഊബർ ആഗോള തലത്തിൽ തങ്ങളുടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളാക്കാൻ ഒരുങ്ങുന്നു. ഊബർ  പ്ലാറ്റ്‌ഫോമിലെ എല്ലാ കാറുകളും 2040 ഓടെ ഇലക്ട്രിക് വാഹനങ്ങളാക്കുമെന്ന് ഊബർ ടെക്‌നോളജീസ് അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറാൻ ഡ്രൈവർമാരെ സഹായിക്കുന്ന പദ്ധതിയിൽ 2025 ഓടെ 800 ദശലക്ഷം ഡോളർ ചെലവഴിക്കുമെന്നും കമ്പനി വ്യക്തമാക്കി.  ഊബറുമായി പങ്കാളിത്തമുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളിൽനിന്ന് കാറുകൾ വാങ്ങാനും വാടകയ്ക്ക് എടുക്കാനുമാണ് സഹായം നൽകുക.  വിവിധ രാജ്യങ്ങളിലായി 50 ലക്ഷം ഡ്രൈവർമാരുണ്ടെന്ന് ഫെബ്രുവരി ആദ്യം ഊബർ വ്യക്തമാക്കിയിരുന്നു. ജനറൽ മോട്ടോഴ്‌സ്, റെനോ, നിസ്സാൻ, മിത്‌സുബിഷി വാഹന നിർമാതാക്കളുമായാണ് ഊബർ കരാർ ഉണ്ടാക്കിയിരിക്കുന്നത്. വാഹന ഡിസ്‌കൗണ്ടിനു പുറമെ ചാർജ് ചെയ്യുന്നതിനുള്ള ഡിസ്‌കൗണ്ടും 800 ദശലക്ഷം ഡോളറിന്റെ സഹായ പദ്ധതിയിൽ ഉൾപ്പെടും. 
ഗ്രീൻ ട്രിപ്പ് ആവശ്യപ്പെടുന്ന ഉപയോക്താക്കളിൽനിന്ന് ചെറിയ സർചാർജ് ഈടാക്കാനും ഊബറിന് പദ്ധതിയുണ്ട്. യു.എസ്, കാനഡ,യൂറോപ്പ് എന്നിവിടങ്ങളിലെ ഊബർ വാഹനങ്ങളിൽ 2030 ഓടെ പൂർണമായും കാർബൺ ബഹിർഗമനം ഇല്ലാതാക്കും. ഈ രാജ്യങ്ങളിൽ ജിഎം, റിനോ കമ്പനികളുമായാണ് പ്രധാനമായും സഹകരണം. മറ്റു വാഹന നിർമാതാക്കളുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും ഊബർ വക്താവ് പറഞ്ഞു.ഓൺലൈൻ ആപ് വഴി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണവും തിരക്കും സംബന്ധിച്ച് പരിസ്ഥിതി ഗ്രൂപ്പുകളും നഗര ഉദ്യോഗസ്ഥരും വർഷങ്ങളായി ഉന്നയിക്കുന്ന വിമർശനം കണക്കിലെടുത്താണ് സമൂലമാറ്റത്തിനുള്ള ഊബറിന്റെ പദ്ധതി. അമേരിക്കയിൽ ഊബറിന് നേരിയ തോതിൽ വെല്ലുവിളി ഉയർത്തുന്ന ലിഫ്റ്റ് കമ്പനി 2030 ഓടെ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഡ്രൈവർമാർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകില്ലെന്ന് വ്യക്തമാക്കി. നിലവിൽ ഗ്യാസോലിൻ കാറുകളേക്കാൾ വിലയേറിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഉടമസ്ഥാവകാശത്തിന്റെ മൊത്തം ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഊബർ പറഞ്ഞു.
കോവഡിനു മുമ്പ്  യുഎസ്, കനേഡിയൻ ഊബർ ട്രിപ്പ് മൈലുകളിൽ 0.15% മാത്രമായിരുന്നു യുഎസ് കണക്കുകൾ പ്രകാരം ഓൺലൈൻ വാഹനങ്ങളുടെ കാർബൺ ബഹിർഗമനം. ഇത് മൊത്തം ഗതാഗത മേഖലയുടെ  0.6 ശതമാനത്തിൽ താഴെയാണ്. എന്നാൽ ഒരു ദശാബ്ദത്തിന് മുമ്പ് ഊബർ ആരംഭിച്ചതിനുശേഷം  വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. അമേരിക്കയിലും കാനഡയിലും ഒരു യാത്രക്കാരനെ വഹിച്ചുള്ള ഊബർ യാത്രയിൽ ശരാശരി സ്വകാര്യ കാറിനേക്കാൾ 41 ശതമാനം കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് ഉൽപാദിപ്പിക്കുന്നു.ഊബർ പ്രഖ്യാപിച്ചിരിക്കുന്ന  പദ്ധതികൾ മൊത്തത്തിൽ വാഹന വ്യവസായത്തിന് അനുഗ്രഹമായി മാറും. യൂറോപ്പിൽ വാഹന നിർമാതാക്കൾ കർശനമായ പാരിസ്ഥിതിക നിയന്ത്രണം കാരണം കോടിക്കണക്കിന് ഡോളറിന്റെ പുതിയ നിക്ഷേപം നടത്താൻ നിർബന്ധിതരാണ്. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം കുറയുകയും ചെയ്യുന്നു. 
ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ഡ്രൈവർമാർക്ക് ഡിസ്‌കൗണ്ട് നൽകുന്നതിനും ചാർജിംഗ് സ്‌റ്റേഷനുകളുടെ സ്ഥാനം വിപുലീകരിക്കുന്നതിനും ബിപി, ഇവിഗോ തുടങ്ങിയ കമ്പനികളുമായി ഊബർ സഹകരിച്ച് പ്രവർത്തിക്കുന്നു. യു.എസിലും കാനഡയിലും പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുള്ള എല്ലാ ഊബർ ഡ്രൈവർമാർക്കും ഒരു യാത്രയ്ക്ക് ഒരു ഡോളർ അധികം നൽകി തുടങ്ങിയിട്ടുണ്ട്.  പ്രധാന യു.എസ് നഗരങ്ങളിൽ ഉപയോക്താക്കൾ ഗ്രീൻ ട്രിപ്പ് തെരഞ്ഞെടുത്താൽ 50 സെന്റ് കൂടി ഡ്രൈവർമാർക്ക് അധികം നൽകും.
 

Latest News