Sorry, you need to enable JavaScript to visit this website.

ഫൈവ് ജി ഫോണിൽ കുതിപ്പ് പ്രതീക്ഷിച്ച് ആപ്പിൾ 

സൂപ്പർഫാസ്റ്റ് 5 ജി ടെലികോം നെറ്റ്‌വർക്കുകൾക്കായി രൂപകൽപന ചെയ്ത ആദ്യത്തെ ഐഫോൺ ഈ മാസം 15-ന് പുറത്തിറക്കും. പുതിയ ഫോണുകൾ പുറത്തിറക്കുന്ന സെപ്റ്റംബർ 15-ലെ ഓൺലൈൻ പരിപാടിയിൽ 5 ജി ഫോൺ തന്നെയായിരിക്കും ഏറ്റവും വലിയ സവിശേഷത. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തുന്ന ഇവന്റിലേക്ക് ആപ്പിൾ ക്ഷണം അയച്ചു തുടങ്ങി.
സിലിക്കൺ വാലിയിലെ ആസ്ഥാനത്ത് 15-ന് വൈകിട്ട് അഞ്ച് മണിക്ക് ( ജിഎംടി) പരിപാടി സംപ്രേഷണം ചെയ്തു തുടങ്ങുമെന്ന് കമ്പനി വെളിപ്പെടുത്തി. ഇ-മെയിൽ ക്ഷണക്കത്തിന്റെ പകർപ്പുകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്ന ആപ്പിൾ വെബ്‌സൈറ്റിലും ക്ഷണം പോസ്റ്റുചെയ്തു.
പുതിയ ഐഫോണുകൾ പുറത്തിറക്കുമ്പോൾ ആപ്പിൾ എല്ലാ വർഷവും ഇത്തരം പരിപാടികൾ നടത്താറുണ്ട്. പുതിയ ഹാൻഡ്‌സെറ്റുകളിൽ ഇത്തവണ 5 ജി മോഡലുകൾ ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷ.
വയർലെസ് ഡാറ്റയുടെ അളവിലും വേഗത്തിലും വൻ കുതിപ്പ് വാഗ്ദാനം ചെയ്യുന്നതാണ് 5 ജി നെറ്റ്‌വർക്കുകൾ. സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ, വെർച്വൽ റിയാലിറ്റി, കണക്റ്റുചെയ്ത ആരോഗ്യ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സെൻസറുകളും സെർവറുകളും തൽക്ഷണം ആശയവിനിമയം നടത്തുന്നതിന് 5ജി പ്രാപ്തമാക്കുന്നു. 
അതേസമയം, 5 ജി ഐഫോണിനായി ആപ്പിളിന് ചിപ്പ് സാങ്കേതികവിദ്യ സ്വന്തമായില്ലെന്ന് എൻഡർലെ ഗ്രൂപ്പിലെ ടെക്‌നോളജി അനലിസ്റ്റ് റോബ് എൻഡെർലെ മുന്നറിയിപ്പ് നൽകുന്നു.
ഇന്റൽ സ്മാർട്ട്‌ഫോൺ മോഡം ബിസിനസിന്റെ ഭൂരിഭാഗവും സ്വന്തമാക്കാൻ ആപ്പിൾ കഴിഞ്ഞ വർഷം 100 കോടി ഡോളർ കരാറിലെത്തിയിരുന്നു. ഇത് ഐഫോൺ നിർമാതാക്കൾക്ക് വിതരണ ശൃംഖലയിൽ കൂടുതൽ നിയന്ത്രണം ഉറപ്പു നൽകുന്നുണ്ട്. 
5 ജി നെറ്റ്‌വർക്കുകൾക്ക് അനുയോജ്യമായ സ്മാർട്ട്‌ഫോണുകൾക്കായുള്ള മോഡം ചിപ്പുകളുമായി മത്സരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുന്നതായി ഇന്റൽ അറിയിച്ചതിനെ തുടർന്നായിരുന്നു ആപ്പിളുമായുള്ള കരാർ.
സ്വന്തം ഫോണുകളുടെ പ്രകടനവും സവിശേഷതകളും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിപ്പ് രംഗത്തെ അതികായരായ ക്വാൽകോമിനെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ആപ്പിൾ സ്വന്തം മൊബൈൽ ചിപ്പുകളിൽ നിക്ഷേപം നടത്തിവരികയാണ്. കൈയിൽ പ്രീമിയം ഫോൺ ഉണ്ടെങ്കിൽ 5 ജി ഇല്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് റോബ് എൻഡെർലെ പറയുന്നു.
എല്ലാ സ്മാർട്ട്‌ഫോൺ നിർമാതാക്കളും  സാധാരണ വർഷാവസാനത്തോടെ പുതിയ ഫോണുകൾവിപണിയിൽ ഇറക്കാറുണ്ടെങ്കിലും ഇത്തവണ കോവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. പുതിയ ഫീച്ചറുകളും സവിശേഷതകളുമുള്ള ഫോണുകൾ പുറത്തിറക്കാത്തതിനാൽ നിലവിൽ ഉപയോഗിക്കുന്ന ഫോണുകളുമായി തന്നെ മുന്നോട്ടു പോകുകയാണ് ഉപയോക്താക്കൾ. എന്നാൽ വിതരണ ശൃംഖല ശക്തമായതിനാൽ ആപ്പിൾ വിൽപന ഏഷ്യൻ രാജ്യങ്ങളിൽവർധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. 

Latest News