അഴിമതി കേസില്‍ നവാസ് ശരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്  ആസിഫ് അലി സര്‍ദാരി, മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി എന്നിവരെ കുറ്റക്കാരായി കണ്ടെത്തിയ അഴിമതി വിരുദ്ധ ബ്യൂറോ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഖജനാവിന് വന്‍നഷ്ടം വരുത്തിയ തോഷാഖാന അഴിമതി കേസിലാണ് നടപടി.

70 കാരനായ ശരീഫിന്റെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ കേസില്‍ വാദം കേട്ട ജഡ്ജി അസ്ഗര്‍ അലി ആവശ്യപ്പെട്ടു. ശരീഫ് ലണ്ടനില്‍ ചികിത്സയിലാണ്. കേസിലുള്‍പ്പെട്ട എല്ലാ നേതാക്കളും ഒരാഴ്ചക്കകം കോടതി മുമ്പാകെ ഹാജരാകണമെന്നും ഉത്തരവായിട്ടുണ്ട്.

വിദേശ രാജ്യങ്ങള്‍ സംഭാവനയായി നല്‍കിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ചട്ടങ്ങളില്‍ ഇളവ് നല്‍കിയതാണ് തോഷാഖാന അഴിമതി കേസ്. ഇതുവഴി 68 കാരനായ ഗീലാനിയും 65 കാരനായ സര്‍ദാരിയും നേട്ടമുണ്ടാക്കിയിരുന്നു. യഥാര്‍ഥ വിലയുടെ 15 ശതമാനം മാത്രം ഖജനാവിലടച്ചാണ് നവാസ് ശരീഫ് ആഢംബര കാറുകള്‍ സ്വന്തമാക്കിയത്.

 

Latest News