ദുബായ്- ഓഫീസില്‍ ജോലിയില്‍ ചെയ്തിരുന്ന ഈജിപ്ഷ്യന്‍ യുവതിയെ ലൈംഗികമായും ശാരീരികമായും യുവ വ്യവസായി പീഡിപ്പിച്ചുവെന്ന കേസില്‍ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിനോടൊപ്പം അല്‍ബര്‍ഷയിലെ ഒരു കോഫി ഷോപ്പില്‍ ഇരിക്കുകയായിരുന്ന യുവതിയെ പ്രതി തന്റെ ഭാര്യയോടൊപ്പം ഉച്ച ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. മുമ്പ് ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്നതിനാലും കുടുംബം കൂടെയുണ്ടെന്ന വിശ്വാസത്തിലുമാണ് താന്‍ ക്ഷണം സ്വീകരിച്ചതെന്ന് 24 കാരി പോലീസിന് മൊഴി നല്‍കി. കാറില്‍ കയറിയപ്പോഴാണ് പിന്‍സീറ്റില്‍ ഇയാളുടെ ഒരു സുഹൃത്തുണ്ടെന്ന് അറിയുന്നത്- യുവതി പറഞ്ഞു.
വിജനമായ ഒരു പ്രദേശത്ത് എത്തിയപ്പോള്‍ കൂട്ടുകാരനുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രതി ഈജിപ്തുകാരിക്ക് പണം വാഗ്ദാനം ചെയ്തു. നിരസിച്ചപ്പോള്‍ പ്രതി തന്റെ മാറില്‍ സ്പര്‍ശിക്കുകയും വസ്ത്രം ഊരാന്‍ ശ്രമിക്കുകയും ചെ്‌യതുവെന്ന് പരാതിക്കാരി പറഞ്ഞു. എതിര്‍ത്തപ്പോള്‍ പ്രതി തന്റെ മുഖത്തടിച്ചുവെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. ഉദ്ദേശ്യം നടക്കില്ലെന്ന് ബോധ്യമായ പ്രതി അക്രമം നിര്‍ത്തുകയും മാപ്പ് ചോദിക്കുകയും ചെയ്തുവെന്നും ഇവര്‍ പറഞ്ഞു. വൈകാതെ യുവതി ദുബായ് പോലീസില്‍ പരാതി നല്‍കി.
യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും ആക്രമിച്ചതിനും ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ 22 ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.