ദുബായ്- യു.എ.ഇയില്‍ ബുധനാഴ്ച 883 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേര്‍ രോഗമുക്തരായതായും രണ്ടു പേര്‍ മരണത്തിന് കീഴടങ്ങിയെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 393 ആയി ഉയര്‍ന്നു. 8,229 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
75,981 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായവര്‍. ഇതില്‍ 67,359 പേര്‍ക്ക് രോഗമുക്തി കൈവന്നു. 24 മണിക്കൂറിനിടെ 85,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. ഇതുവരെ 7.7 ദശലക്ഷം പേരെയാണ് രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിനങ്ങളിലൊന്നാണ് ബുധനാഴ്ച. മെയ് 27നാണ് ഇതിനു മുമ്പ് 883 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് 21ന് -894 ഉം മെയ് 20ന് -941 ഉം മെയ് 22ന്- 994 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.






