ഇസ്രായില്‍ ബാങ്കുകള്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക്

ദുബായ്- ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതോടെ ഇസ്രായിലും യു.എ.ഇയും തമ്മില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണത്തിന്. പ്രതിവാര ചരക്കു വിമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായിലിലെ ബാങ്കുകള്‍ കൂട്ടത്തോടെ യു.എ.ഇയില്‍ ശാഖ തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഏറ്റവും വലിയ ബാങ്കായ ഹപ്പോഅലിയും രണ്ടാമത്തെ വലിയ ബാങ്കായ ലോമിയുമാണ് അറബ് രാജ്യത്ത് കണ്ണുവച്ചിരിക്കുന്നത്.
ഇരുബാങ്കുകളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ക്കായി വൈകാതെ യു.എ.ഇയിലെത്തും. സ്വദേശി ബാങ്ക് പ്രതിനിധികള്‍ക്കു പുറമേ സര്‍ക്കാരിലെ ഉന്നതരുമായും സ്വകാര്യ മേഖലയിലെ പ്രമുഖരുമായും സംഘം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇരു ഭാഗത്തും സാമ്പത്തിക വളര്‍ച്ച നേടാന്‍ ഉപകരിക്കുന്ന ബന്ധങ്ങളും സഹകരണവും വര്‍ധിപ്പിക്കാനുള്ള അപൂര്‍വ അവസരമാണ് സന്ദര്‍ശനമെന്ന് ബാങ്ക് ഹപ്പോഅലിം സി.ഇ.ഒ ദോവ് കോട്‌ലര്‍ വിശേഷിപ്പിച്ചു. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ലോമി അയക്കുന്നത്. യു.എ.ഇ സെന്‍ട്രല്‍ ബാങ്കും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസും തമ്മില്‍ വിവിധ മേഖലകളില്‍ ധാരണാ പത്രം ഒപ്പുവെക്കുമെന്ന് ഫസ്റ്റ് അബുദാബി ബാങ്കിന്റെ പത്രക്കുറിപ്പും വ്യക്തമാക്കുന്നു.

 

Latest News