കങ്കണ വിവാദം: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് ഫോണില്‍ ഭീഷണി വിളികള്‍

മുംബൈ- നടി കങ്കണ റണൗത്തും ശിവസേനയും തമ്മിലുള്ള പോരിനിടെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശമുഖിന് ഇന്നലെയും ഇന്നുമായി ഫോണില്‍ ഭീഷണി കോളുകള്‍ വന്നതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസം കങ്കണയുടെ സ്വദേശമായ ഹിമാചല്‍ പ്രദേശില്‍ നിന്നും ഇന്നു രാവിലെ മറ്റൊരിടത്തു നിന്നുമാണ് കോള്‍ വന്നതെന്ന് മന്ത്രിയോട് അടുപ്പമുള്ളവര്‍ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി ഇടപെടരുതെന്നാണ് ഫോണ്‍ വിളിച്ച അജ്ഞാതര്‍ ആവശ്യപ്പെട്ടത്. ഹിമാചലില്‍ നിന്ന് അഞ്ചോളം കോളുകളാണ് ചൊവ്വാഴ്ച മന്ത്രിക്കു ലഭിച്ചത്. ബുധനാഴ്ച രണ്ടു കോളുകള്‍ കൂടി വന്നതായും റിപോര്‍ട്ടിലുണ്ട്. ദേശ്മുഖിന്റെ നാഗ്പൂരിലെ ഓഫീസിലേക്ക് നേരത്തെ വന്ന അജ്ഞാതന്റെ കോള്‍ അദ്ദേഹത്തേയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനേയും ഭീഷണിപ്പെടുത്തുന്നതായിരന്നുവെന്ന് ഒരു മന്ത്രി പറഞ്ഞു. പലകോളുകളും കങ്കണയുടെ ആരാധകരുടേതാണെന്ന് സംശയിക്കപ്പെടുന്നു. 

മുംബൈ പാക്ക് അധീന കശ്്മരീര്‍ പോലെ ആയിമാറിയെന്ന കങ്കണയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് കങ്കണയും മഹാരാഷ്ട്ര ഭരണകക്ഷിയായ ശിവസേനയും തമ്മിലുള്ള പോര് കടുത്തത്.
 

Latest News