പ്രയാഗ്രാജ്- ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് 70കാരനായ വയോധികനെ അക്രമികള്‍ വീട്ടുവരാന്തയിലിട്ടു അടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവമെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ശോഭ്നാഥ് യാദവ് എന്ന വയോധികനെ വീട്ടു വരാന്തയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അരക്കല്ല് കൊണ്ട് മുഖത്ത് അടിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. കല്ലും മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ചു. രാത്രി 11 മണിയോടെ രണ്ടു പേര് ശോഭ്നാഥുമായി സംസാരിച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ഇവര്‍ അയല്‍ക്കാരാണെന്ന് കരുതിയെന്നും മകന് രവിശങ്കര്‍ പോലീസിനോട് പറഞ്ഞു. ശോഭ്നാഥിന്റെ കുടുംബവും ഒരു അയല്കുടുംബവും തമ്മില്‍ ശത്രുതയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ തര്‍ക്കത്തില്‍ അയല്‍വീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ശോഭ്നാഥിന്റെ മകന് 2014ല്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. പരാതി ലഭിക്കുന്ന മറയ്ക്ക് തുടര്‍നടപടികളുണ്ടാകുമെന്ന് എസ് പി അശുതോഷ് മിശ്ര പറഞ്ഞു.






